കൊച്ചി: സ്കൂളിലെ എല്‍.ഡി ക്ലാര്‍ക്ക് നടത്തിയ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ ഇരുപതു വര്‍ഷമായി തടഞ്ഞുവച്ചിരുന്ന പ്രധാനാദ്ധ്യാപികയുടെ ഗ്രാറ്റുവിറ്റി പലിശ സഹിതം നല്കാന് ഹൈക്കോടതി ഉത്തരവിട്ടു. മലപ്പുറം വാണിയമ്പലം ഗവ. ഹൈസ്കൂളിലെ പ്രധാനാദ്ധ്യാപികയായിരുന്ന എന്‍. പത്മാക്ഷിയുടെ ഹര്‍ജിയില്‍ ഇവരുടെ ഗ്രാറ്റുവിറ്റിത്തുകയായ 1.78 ലക്ഷം രൂപ സര്‍ക്കാര്‍ രണ്ടുമാസത്തിനകം നല്‍കാനാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റിസ് സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്.
ഈ ആവശ്യമുന്നയിച്ച് ഹര്‍ജിക്കാരി 2019 കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരി ട്രൈബ്യൂണലിനെ സമീപി
ച്ച 2019 നവംബര്‍ 16 മുതല്‍ ആറു ശതമാനം പലിശയും ഇതിനൊപ്പം നല്‍കണം. വീഴ്ച വരുത്തിയാല്‍ പലിശ എട്ടു ശതമാനമാകുമെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സ്കൂളിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 1997 – 2003 കാലയളവില്‍ 3,55, 592 രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാണ് 2003 ഏപ്രി
ല്‍ 30 നു വിരമിച്ച ഹര്‍ജിക്കാരിയുടെ ഗ്രാറ്റുവിറ്റി തടഞ്ഞു വച്ചത്. ശമ്പളം വിതരണം ചെയ്യുന്ന എല്‍.ഡി ക്ലാര്‍ക്കാണ് ക്രമക്കേടു നടത്തിയതെന്ന് വിശദീകരണം നല്‍കിയെങ്കിലും ഇത് അംഗീകരിക്കാതെ അധികൃതര്‍ ഹര്‍ജിക്കാരിക്ക് പകുതി ബാദ്ധ്യത ചുമത്തി. അങ്ങനെയാണ് 1.78 ലക്ഷം രൂപ തടഞ്ഞുവച്ചത്.
ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിജിലന്‍സ് കേസിലെ നടപടി പൂര്‍ത്തിയായശേഷമേ പരിഗണിക്കാനാവൂ എന്നു വ്യക്തമാക്കി. എല്‍.ഡി ക്ലാര്‍ക്കാണ് കുറ്റക്കാരനെന്നു കണ്ടെത്തി വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് തടഞ്ഞുവച്ച ഗ്രാറ്റുവിറ്റി കിട്ടാന്‍ ഹര്‍ജിക്കാരി വീണ്ടും സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടെന്ന് വിജിലന്‍സ് കോടതിയുടെ പരാമര്‍ശമുണ്ടെന്നും വിജിലന്‍സ് കോടതി വിധിക്കെതിരായ അപ്പീല്‍ ഹൈക്കോടതിയിലാണെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഈ ആവശ്യം നിരസിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഈ ആവശ്യം തള്ളിയതോടെയാണ് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. വിജിലന്‍സ് കോടതി വിധിക്കെതിരെ ക്ലാര്‍ക്ക് അപ്പീല്‍ നല്‍കിയെങ്കിലും തീര്‍പ്പാകുന്നതിനു മുമ്പ് മരിച്ചു. ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാരിയുടെ ഗ്രാറ്റുവിറ്റി തടഞ്ഞുവച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന് ബെഞ്ച് വിധി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: