ജന്മാഷ്ടമി ഒരാവര്‍ത്തനമല്ല. മറിച്ച് അനസ്യൂതമായ ഒരന്വേഷണമാണ്. നാടിന്റെ സ്വത്വം സാക്ഷാത്കരിക്കാനും ആവിഷ്‌ക്കരിക്കാനുമുള്ള അടങ്ങാത്ത അന്വേഷണം. അതിന്റെ ധാര്‍മികമായ നേതൃത്വം കൈവന്നത് ബാലഗോകുലത്തിനാണ്. ഈ ധാര്‍മികശക്തിയെ ഏറ്റുവാങ്ങാന്‍ സംഘടനകളും സമൂഹവും മുന്നോട്ടുവരുന്നത് സ്വാഭാവികം മാത്രം. മേന്മനിറഞ്ഞ പലതും നമുക്ക് ഉണ്ടായിരുന്നു എന്നതിനുപകരം ‘ഉണ്ട്’ എന്ന മാറ്റത്തിലേക്ക് നാം എത്തിക്കഴിഞ്ഞു. അഴിമതിരഹിതമായ ഭരണസാരഥ്യം, രാഷ്‌ട്രത്തിന്റെ അന്തരാത്മാവിനെ അന്വേഷിക്കുന്ന രാഷ്‌ട്രീയമൂഖം, കൃഷ്ണാവബോധത്തെയും സാംസ്‌കാരിക വിദ്യാഭ്യാസത്തെയും സ്വായത്തമാക്കാന്‍ ശ്രമിക്കുന്ന ഇളം തലമുറ, വികസനം പൊതു അജണ്ടയായി മാറിയ ദേശീയ സാഹചര്യം ഇങ്ങനെ ഏറ്റവും അനിവാര്യമായ മാറ്റത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
നമുക്ക് സ്വയം തിരിച്ചറിയേണ്ടതും സ്വയം നിര്‍വചിക്കേണ്ടതും സ്വയം അതിജീവന ശക്തിയായി മാറേണ്ടതും പ്രതിസന്ധിയെ മറികടക്കേണ്ടതുമുണ്ട്. അതിനാവശ്യമായ ജീവിതവും ജീവിതദര്‍ശനവുമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ നമുക്ക് നല്‍കുന്നത്. അത് ഏറ്റുവാങ്ങാനുള്ള ധന്യമുഹൂര്‍ത്തങ്ങളില്‍ സുപ്രധാനമാണ് ശ്രീകൃഷ്ണ ജയന്തി, ബാലദിനം.
നമ്മെ നാമാക്കുന്ന ചില ഉപാധികളുണ്ട്. അവയില്‍ ചിലതാണ് അമൃതഭാരതിയും അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രവും ബാലസംസ്‌കാര കേന്ദ്രവും ബാലസാഹിതിയും സൗരക്ഷികയുമെല്ലാം. ബാലഗോകുലം സാങ്കേതിക അര്‍ത്ഥത്തില്‍ ഒരു സംഘടനയും സൂക്ഷ്മ അര്‍ത്ഥത്തില്‍ ഒരു കുടുംബവുമാണ്. കുടുംബത്തില്‍ ഓരോ വ്യക്തിയും സ്വധര്‍മം അനുഷ്ഠിച്ച് സഹവര്‍ത്തിച്ചാലെ കുടുംബത്തില്‍ ശാന്തികൈവരികയുള്ളൂ. ഈ പ്രവര്‍ത്തനശൈലിയാണ് ബാലഗോകുലത്തിന്റെ കെട്ടുറപ്പ്. ഇവിടെ സ്വാര്‍ത്ഥതയ്‌ക്ക് സ്ഥാനമില്ല. നിസ്വാര്‍ത്ഥയുള്ള ‘ഇടം’ ആണ് പ്രധാനം. അത് തികച്ചും ആന്തരികവുമാണ്. ”ആന്തരികവിഭവങ്ങളുടെ വികസനം” ഇന്ന് അനിവാര്യമാണ്. രാഷ്‌ട്രഭക്തി, ത്യാഗ മനോഭാവം, സേവന സന്നദ്ധത, സാമൂഹ്യപ്രതിബദ്ധത, മൂല്യജീവിതം തുടങ്ങിയ ആന്തരിക വിഭവങ്ങളുടെ വികസനമാണ് പ്രതിവാര ക്ലാസുകളിലൂടെയും പാഠ്യപദ്ധതിയിലൂടെയും പഠനപ്രവര്‍ത്തനങ്ങളിലൂടെയും ബാലഗോകുലത്തിന്റെ കുട്ടികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കാലിക്കോലും മുളംതണ്ടും മയില്‍പ്പീലിയും വനമാലയുമെല്ലാം ഒരു ജനതയുടെ കാര്‍ഷികസംസ്‌കൃതിയുടെ വിരലടയാളമാണ്. ഇവിടെയാണ് ഗോപൂജയും വൃക്ഷപൂജയും ഭൂമിപൂജയും സമുദ്രപൂജയും അര്‍ത്ഥവത്താകുന്നതും ബാലഗോകുലത്തില്‍നിന്ന് കിട്ടിയ അറിവിന്റെ വിനിയോഗം സഫലമാകുന്നതും.
കാലം കാത്തുവെച്ച കരുതല്‍ ശേഖരങ്ങളില്‍ മുഖ്യമാണ് മണ്ണ്. ആ മണ്ണിന്റെ മഹത്വമറിഞ്ഞ സംരക്ഷണമാണ് ഗോവര്‍ദ്ധന പൂജ. മണ്ണ് സംരക്ഷിക്കേണ്ടത് മനുഷ്യന്റെ മാത്രം ആവശ്യമല്ല. എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പിന്റെ ഉറപ്പാണത്. മാറുന്ന സാംസ്‌കാരിക പരിസരത്തില്‍ മാറാന്‍ പാടില്ലാത്തതും മറക്കാന്‍ പാടില്ലാത്തതുമായ ഒന്ന്. ഈ ജീവിതവീക്ഷണമാണ് പശ്ചിമഘട്ടത്തെ പശ്ചാത്താപഘട്ടമാക്കരുതെന്നും പാറമടകള്‍ വെണ്‍മാടങ്ങള്‍ക്കും മാഫിയകള്‍ക്കും തീറെഴുതരുതെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ഉറക്കെ വിളിച്ചു പറയാന്‍ ബാലഗോകുലത്തെ പ്രേരിപ്പിക്കുന്നത്.
”യഥോ ധര്‍മ സ്തഥോ ജയ” എന്ന ഭഗവാന്‍ ശ്രീകൃഷ്ണന്റെ ദര്‍ശനം ഭഗവദ്ഗീതയിലെ മുഖ്യ പരാമര്‍ശമാണ്. അത് ലോകോത്തരവുമാണ്. അതുകൊണ്ടാണ് ഇംഗ്ലണ്ടിലെ ഹൗസ് ഓഫ് കോമണ്‍സില്‍ ജന്മാഷ്ടമി ആഘോഷിച്ചതും ബ്രിട്ടീഷ് ഡെപ്യൂട്ടി പ്രൈംമിനിസ്റ്റര്‍ പങ്കെടുത്തതും. കൃഷ്ണാവബോധ പ്രസ്ഥാനത്തിന്റെ റഷ്യക്കാരനായ പരമാചാര്യന്‍ മുഖ്യാതിഥിയായതും. നമ്മുടെ ഭരണഘടനയുടെ ആദ്യപതിപ്പില്‍ ഗീതോപദേശത്തിന്റെ രേഖാചിത്രം ഉള്‍പ്പെടുത്തിയതും മറ്റൊന്നുകൊണ്ടല്ല. ഭാരത പാര്‍ലമെന്റിലും ഇത്തരമൊരവസ്ഥയ്‌ക്കായി കാലം കാത്തുനില്‍ക്കുന്നു.
ഭഗവാന്‍ കൃഷ്ണന്റെ ദര്‍ശനം മാത്രമല്ല അടയാളമായിട്ടുള്ള മയില്‍പ്പീലി പോലും വിശ്വവ്യാപകമാണ്. ചൈനീസ് മിത്തുകളില്‍ ‘മയില്‍പ്പീലി’ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും അധികാരത്തിന്റെയും പ്രതീകമാണ്. മയൂരസിംഹാസനം പ്രസിദ്ധമാണല്ലോ. ആയിരത്താണ്ടുകളായി നമ്മുടെ രാഷ്‌ട്രത്തിന്റെ ഏകതയെ നിലനിര്‍ത്തിയത് സൈന്യങ്ങളോ ഭരണകൂടങ്ങളോ അല്ല. ഭഗവാന്‍ കൃഷ്ണനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും സാഹിത്യങ്ങളുമാണ്. അത് നൃത്തത്തിലും സംഗീതത്തിലും കാവ്യത്തിലും കലയിലും നിറസാന്നിദ്ധ്യമായി, ഊര്‍ജ്ജവാഹിയായി നിലകൊള്ളുന്നു.
ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ഘോഷയാത്രയിലും നിശ്ചലദൃശ്യങ്ങളിലും ലയിച്ചുനില്‍ക്കുന്ന ഈ സര്‍ഗ്ഗശക്തി, ദിവ്യശക്തി, സാമൂഹ്യപരിവര്‍ത്തനത്തിന്റെ ചാലകശക്തിയായി മാറുന്നു. ഇത്തരം പൈതൃകത്തെ വീണ്ടെടുക്കലാണ് ഏക ഭാരതം ശ്രേഷ്ഠഭാരതം എന്ന കാഴ്ചപ്പാടിലേക്കുളള ഈടുറ്റ കാല്‍വെപ്പ്.
ആശയസംവാദം അനുപേക്ഷണീയമാണ്. ധര്‍മ്മസംരക്ഷണം എന്ന ആശയത്തെക്കുറിച്ചുള്ള സംവാദമാണല്ലോ ശ്രീകൃഷ്ണാര്‍ജ്ജുന സംവാദം. ആ സംവാദം സമന്വയത്തില്‍ എത്തുകയും അര്‍ജ്ജുനന്‍ കര്‍മോന്മുഖനാകുകയും ചെയ്തു. കാരണം അത് ആശയ സംവാദമായിരുന്നു. എന്നാല്‍ ‘മതേതരം’ എന്ന ചര്‍ച്ച എന്തുകൊണ്ട് സമന്വയത്തില്‍ എത്തുന്നില്ല. കാരണം അത് ആശയസംവാദമല്ല. അധികാരസംവാദമാണ്. മതപൗരോഹിത്യത്തിന്റെയും പ്രീണനരാഷ്‌ട്രീയത്തിന്റെയും സംയുക്താധികാരത്തെക്കുറിച്ചുള്ള ചര്‍ച്ചയാണത്.
ബാലഗോകുലത്തിന് മഹത്തായ ഒരു ലക്ഷ്യമുണ്ട്. അത് രാഷ്‌ട്രത്തിന്റെ പരംവൈഭവമാണ്. ആ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമാണ് ബാലഗോകുലം യൂണിറ്റും പാഠ്യപദ്ധതിയും ബാലോഗോകുലം കാര്യപദ്ധതികളുമെല്ലാം. ഇതിന്റെ സാംസ്‌കാരിക വിനിമയമാണ് ജന്മാഷ്ടമി നാളില്‍ നാം നടത്തുന്ന സാംസ്‌കാരിക പരിപാടികളും കാവ്യകേളിയും ഉറിയടിയും ഗോപികാനൃത്തവുമെല്ലാം. ഇതിന് ചൈതന്യം പകരാനുള്ള സഹവര്‍ത്തിത്വമാണ് കാലം നമ്മോടാവശ്യപ്പെടുന്നത്. –
ടി.പി.രാജന്‍ മാസ്റ്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: