ന്യൂദല്‍ഹി: ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മത്തിനെതിരായ പ്രസ്താവന പരസ്യമായ വെല്ലുവിളിയും യുദ്ധപ്രഖ്യാപനവുമാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍. കേസരി കോണ്‍ക്ലേവ് – 2023ന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉദയനിധി സ്റ്റാലിന്‍ ദക്ഷിണ ഭാരതത്തില്‍ നിന്ന് ഭാരതത്തെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണോ ഇങ്ങനെ പറയുന്നതെന്ന് അറിയില്ല. ഹിന്ദുധര്‍മ്മത്തെയും ദേശീയ പ്രസ്ഥാനങ്ങളെയും വംശഹത്യ നടത്തണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭാരതത്തിന്റെ ദക്ഷിണഭാഗത്തെ ഉത്തരഭാഗത്തുനിന്ന് അടര്‍ത്തിമാറ്റാന്‍ കാലങ്ങളായി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഭാരതത്തെ ദുര്‍ബലപ്പെടുത്താനുള്ള പരിശ്രമത്തിന്റെ കേന്ദ്രമായി കേരളം മാറിയിരിക്കുന്നു. രാഷ്‌ട്രവിരുദ്ധചേരി എത്രയോ കാലങ്ങളായി കേരളത്തില്‍ അനൗദ്യോഗികമായി പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ പ്രസ്ഥാനങ്ങള്‍ തലയുയര്‍ത്തിവരുന്നത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഇന്നത് ഭാരതം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു എന്നു പറയാം.
മിഥ്യാഖ്യാനങ്ങളിലൂടെ കേരളത്തെകുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അത് ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കുന്നവരെ തെറ്റുകാരായി ചിത്രീകരിക്കുന്നു. കേരളത്തെക്കുറിച്ചുള്ള വസ്തുതകള്‍ ഭാരതത്തെ ശരിയാംവണ്ണം അറിയിക്കേണ്ടത് ആവശ്യമാണ്. യഥാര്‍ത്ഥ വസ്തുതകള്‍ തിരിച്ചറിയണമെന്നും മിഥ്യാഖ്യാനങ്ങളില്‍ അഭിരമിച്ചുകഴിയുന്ന കേരളത്തിന്റെ അവസ്ഥ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന യോഗത്തില്‍ കേസരി ചീഫ് എഡിറ്റര്‍ ഡോ. എന്‍.ആര്‍. മധു അധ്യക്ഷനായി. മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജേര്‍ണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.ജി. സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. എന്‍. വേണുഗോപാല്‍, സ്വാഗതസംഘം ചെയര്‍മാന്‍ ബാബു പണിക്കര്‍, ജനറല്‍ കണ്‍വീനര്‍ വിപിന്‍ കൂടിയേടത്ത്, മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എ.കെ. അനുരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: