Categories: Samskriti

സത്യസ്വരൂപനായ ഈശ്വരന്‍

Published by

ഈശ്വര സര്‍വ്വഭൂതാനാം
ഹൃദ്ദേശോര്‍ജ്ജുനതിഷ്ഠതി
ഭഗവത്ഗീത 18- അദ്ധ്യായത്തിലെ ഒരു ശ്ലോകാര്‍ദ്ധമാണിത്. ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോടു പറഞ്ഞു.
‘അല്ലയോ അര്‍ജ്ജുന ഈശ്വരന്‍ എല്ലാ ജീവജാലങ്ങളുടേയും ഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നത്.’ഈശ്വരന്റെ വാസഭൂമി മനുഷ്യഹൃദയമാണെന്നര്‍ത്ഥം. ഈശ്വരേച്ഛയുടെ കൈയിലെ കൡപ്പാട്ടമാണ് ജിവികളെല്ലാം എന്നും തുടര്‍ന്നു പറയുന്നുണ്ട്. അര്‍ജ്ജുനന്‍ എന്ന പദത്തിനര്‍ത്ഥം വിശുദ്ധമായ മനസ്സോടുകൂടിയവര്‍ എന്നാണ്. നിര്‍മലവും നിയന്ത്രിതവുമായ ജീവിതം കൊണ്ട് അന്തഃകരണശുദ്ധി വരുത്തിയവര്‍ക്ക് ഈശ്വരാനുഭൂതി എളുപ്പമാകും.
ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്. സര്‍വ്വന്തര്യാമിയായ ചൈതന്യസ്വരൂപനാണ് ഈശ്വരന്‍ എന്ന ആശയം എല്ലാ മതങ്ങളും അംഗീകരിക്കുന്നു. ഈശ്വരന്റെ സ്വരൂപം സത്യം, ജ്ഞാനം, ആനന്ദം എന്നീ ഗുണങ്ങള്‍ ഉള്ളതാണെന്നും ജ്ഞാന സ്വരൂപനായ ഈശ്വരന്‍ നമ്മുടെ ഉള്ളിലാണ് കുടികൊള്ളുന്നതെന്നും അറിയാന്‍ അസാധാരണമായ പാണ്ഡിത്യമൊന്നും ആവശ്യമില്ല. ഈശ്വരനില്‍ അചഞ്ചലമായ വിശ്വാസം മാത്രം മതി.
സത്യസ്വരൂപനാണ് ഈശ്വരന്‍ എന്ന് മതഗ്രന്ഥങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. സ്വന്തം ജിവിതാനുഭവങ്ങളില്‍ കൂടി മഹാത്മാഗാന്ധി ആ സത്യത്തില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ ജീവിതം തന്നെ സത്യാന്വേഷണപരീക്ഷണമായിരുന്നുവല്ലോ. ഗാന്ധിജി പറഞ്ഞു. നന്മചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതെന്തോ അതാണു ദൈവം. ഈ പ്രപഞ്ചം മുഴുവന്‍ ചലിക്കുന്നത് ഈശ്വരശക്തിയെ ആശ്രയിച്ചാണ്. മനുഷ്യന്‍ ആ ശക്തിയുടെ കൈയിലെ ഒരു ഉപകരണം മാത്രം.
ഉള്ളില്‍ കുടികൊള്ളുന്ന ആ ശക്തി നന്മതിന്മകളെ തിരിച്ചറിയാന്‍ നമ്മെ സഹായിക്കുന്നു. അതാകാം എന്നുപദേശിക്കുകയും അരുതെന്ന് വിലക്കുകയും ചെയ്യുന്നു. ആ ശക്തിയുടെ ശബ്ദം കേള്‍ക്കാന്‍ നമുക്കു കഴിയണമെന്നുമാത്രം. ജീവികളുടെ സാഹോദര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മനുഷ്യസേവനം ഏറ്റവും വലിയ ഈശ്വരപൂജയായി അനുഭവപ്പെടും. പ്രബുദ്ധഭാരതത്തിന്റെ ആചാര്യനായ സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ നമുക്കു ശക്തി പകരുന്നതാണ്. മനുഷ്യന്‍ അനന്തമായ ശക്തിയുടെ ഉറവിടമാണ്. ആ ശക്തിയെ ഉണര്‍ത്താന്‍ നമുക്കു സാധിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു.
ഈ ശരീരമാണ് ക്ഷേത്രം. ഇദം ശരീരം കൗന്തേയക്ഷേത്ര മിത്യദിധീയതേ എന്ന് ഗീതയില്‍ പറയുന്നുണ്ട്. ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ഈശ്വരനെ സേവനത്തില്‍ കൂടി നമുക്ക് കണ്ടെത്താന്‍ കഴിയും. അടിയുറച്ച ഈശ്വര വിശ്വാസത്തോടുകൂടി കര്‍മ്മരംഗത്തിറങ്ങുന്നവര്‍ക്ക് അത്ഭുതകരമായ വിജയമുണ്ടാകും. ഈശ്വരന്‍ ഹൃദയസ്ഥിതനാണ് എന്നറിഞ്ഞാല്‍ അതുകൊണ്ടുതന്നെ ആത്മവിശ്വാസം വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക