സനാതനമായ ഹിന്ദുധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് പറഞ്ഞത് വലിയ വിവാദമായി കത്തിപ്പടര്‍ന്നത് സ്വഭാവികം. സാമാന്യബോധമുള്ള ആരും നടത്താന്‍ ഇടയില്ലാത്ത അത്രയ്ക്ക് നിന്ദ്യമായ പ്രസ്താവനയാണിത്. സനാതന ധര്‍മത്തെ എതിര്‍ക്കാനാവില്ലെന്നും, ഡെങ്കിയെയും മലേറിയയെയും കൊവിഡിനെയും പോലെ ഇല്ലാതാക്കണമെന്നുമാണ് ചെന്നൈയില്‍ സംഘടിപ്പിച്ച സനാതന ധര്‍മ നിരോധന കോണ്‍ഫറന്‍സില്‍ ഉദയനിധി സ്റ്റാലിന് പറഞ്ഞത്. പ്രായത്തിന്റെ പക്വതയില്ലായ്മയും വിവരദോഷവുമൊക്കെയാണ് ഇങ്ങനെയൊരു പ്രസ്താവനയ്ക്കു പിന്നിലെന്ന് പ്രഥമദൃഷ്ട്യാ തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അത് അങ്ങനെയല്ലെന്ന് കരുതേണ്ടിയിരിക്കുന്നു. തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ നേരിടുന്ന രാഷ്ട്രീയമായ ചില സമ്മര്‍ദ്ദങ്ങള്‍ ഇതിനുപിന്നിലുണ്ടാവാം. ഉടന്‍ വരാനിരിക്കുന്നതും, സര്‍ക്കാരിന് കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ളതുമായ ചില പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമവുമാവാം. അതൊക്കെ എന്തുതന്നെയായിരുന്നാലും തീര്‍ത്തും അപലപനീയവും അനാവശ്യവുമായ ഒരു പ്രസ്താവനയാണിതെന്ന് ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. അതിശക്തമായ പ്രതികരണങ്ങള്‍ ഇതിനെതിരെ ഉണ്ടായപ്പോള്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഉദയനിധി സ്റ്റാലിന് വ്യക്തമാക്കിയിരിക്കുന്നത്. അത്യന്തം പ്രകോപനപരവും, ഒരു മഹത്തായ സംസ്കാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും, ഒരു ജനതയെ ഒന്നടങ്കം അധിക്ഷേപിക്കുന്നതുമായ പ്രവൃത്തി നിയമനടപടികള്‍ ക്ഷണിച്ചുവരുത്തുമെന്ന് ഉറപ്പാണ്.
ഹിന്ദുവിരോധം ദ്രാവിഡ രാഷ്ട്രീയത്തിന്റെ മുഖമുദ്രയാണ്. പെരിയാര്‍ രാമസ്വാമി നായ്ക്കരില്‍ തുടങ്ങുന്ന ഈ വിദ്വേഷ പ്രചാരണം കൊഴുപ്പിക്കുന്നതില്‍ ഡിഎംകെ എന്ന രാഷ്ട്രീയ പാര്‍ട്ടി കാലങ്ങളായി വഹിച്ചുപോരുന്ന പങ്ക് വളരെ വലുതാണ്. സനാതന ധര്‍മത്തിന്റെ വലിയ പാരമ്പര്യമുള്ളയിടമാണ് തമിഴ്നാട്. സനാതനധര്മത്തില് അഭിമാനംകൊള്ളുന്ന നിരവധി രാജവംശങ്ങള്‍ ഇവിടെ ഭരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാംസ്കാരിക പൈതൃകത്തെ തകിടംമറിക്കാനാണ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ പേരില്‍ ചിലര്‍ ശ്രമിച്ചുപോരുന്നത്. തരംകിട്ടുമ്പോഴൊക്കെ ദ്രാവിഡ വിദ്വേഷ രാഷ്ട്രീയം ഡിഎംകെ കുത്തിപ്പൊക്കാറുണ്ട്. ദേശീയ മുഖ്യധാരയില്‍നിന്ന് തമിഴ്നാടിനെ വേറിട്ടുനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ശക്തികളുടെ പിന്‍ബലത്തോടെയാണ് ഇങ്ങനെ ചെയ്യാറുള്ളത്. ഉദയനിധിയുടെ ജല്പ്പനങ്ങള് ഒറ്റപ്പെട്ടതല്ല. ചില ക്രൈസ്തവ ശക്തികള്‍ സനാതനധര്‍മത്തെ നിന്ദിക്കുന്ന നിരന്തരമായ പ്രചാരവേലകള്‍ തമിഴ്നാട് കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി നടത്തിവരുന്നതാണ്. തമിഴ് ക്ലാസിക്കുകള്‍ തുരന്ന് അതില്‍ ക്രൈസ്തവ സുവിശേഷം തിരുകിവയ്ക്കുന്നത് ഇക്കൂട്ടരുടെ പതിവ് രീതിയാണ്. എല്‍ടിടിഇ തീവ്രവാദവുമായി ബന്ധമുള്ളയാളും, അമേരിക്കയെപ്പോലുള്ള രാജ്യം നയതന്ത്ര വിലക്ക് കല്‍പ്പിക്കുകയും ചെയ്തിട്ടുള്ള ഗാസ്പര്‍ രാജിനെപ്പോലുള്ള പാതിരിമാര്‍ ഇത്തരം ഹിന്ദുധര്‍മ നിന്ദയില്‍ സജീവമാണ്. ഇവരുടെ പിന്‍ബലത്തോടെയാണ് ഉദയനിധി സ്റ്റാലിന് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. തിരുക്കുറളും ചിലപ്പതികാരവുമൊക്കെ വളച്ചൊടിക്കാന്‍ ഇക്കൂട്ടര്‍ക്ക് മടിയില്ല. ചില കോണുകളില്‍നിന്ന് ഉദയനിധിയുടെ ദുരുപദിഷ്ടമായ പ്രസ്താവനയ്ക്ക് കിട്ടുന്ന പിന്തുണ ഇതിന്റെ ഭാഗമാണ്.
ഉദയനിധി സ്റ്റാലിന്റെ വിദ്വേഷ പ്രസ്താവനയോട് പലരും മുഖംതിരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതിനെ അനുകൂലിക്കുകയാണ് ചെയ്തത്. തമിഴ്നാട് കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറി ലക്ഷ്മി രാമചന്ദ്രനും, പാര്‍ട്ടി നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകനുമായ കാര്‍ത്തിചിദംബരവും ഇവരില്‍പ്പെടുന്നു. ഒരുകാലത്ത് കോണ്‍ഗ്രസ് എതിര്‍ത്തിരുന്ന, കോണ്‍ഗ്രസ്സിനെ എതിര്‍ത്തിരുന്ന ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഗുണഭോക്താവാകാനാണ് ഇപ്പോള്‍ ആ പാര്‍ട്ടി ശ്രമിക്കുന്നത്. സോണിയാ കുടുംബത്തിന്റെ രാഷ്ട്രീയം ഇതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പതിറ്റാണ്ടുകള്‍ പ്രയത്നിച്ചിട്ടും സനാതനധര്‍മത്തെ നിഷ്പ്രഭമാക്കാന്‍ ദ്രാവിഡ രാഷ്ട്രീയത്തിന് കഴിഞ്ഞിട്ടില്ല. ഉദയനിധിയുടെ അമ്മയും സ്റ്റാലിന്റെ ഭാര്യയുമായ ദുര്‍ഗ അടുത്തിടെയാണല്ലോ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പതിനാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത്. സ്വന്തം അമ്മയെ ഇനി എന്തുചെയ്യുമെന്ന് വ്യക്തമാക്കാന്‍ ഉദയനിധിക്ക് ബാധ്യതയുണ്ട്. തമിഴ്നാട് രാഷ്ട്രീയം ദേശീയധാരയില്‍ അണിചേരുന്നതിനെ ചെറുക്കാനുള്ള തന്ത്രമാണ് ഡിഎംകെ പയറ്റുന്നത്. വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചാല്‍ ഈ ഒഴുക്ക് തടയാമെന്ന് ഡിഎംകെ കരുതുന്നുണ്ടാവാം. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ബിജെപിക്കെതിരെ രൂപംകൊണ്ടിട്ടുള്ള പ്രതിപക്ഷ സഖ്യമായ ഐഎന്‍ഡിഐഎയുടെ രാഷ്ട്രീയംകൂടിയാണിത്. ഇങ്ങനെയൊരു പ്രസ്താവന നടത്തിച്ച് മകനെ വലിയ നേതാവാക്കാമെന്നും സ്റ്റാലിന് കണക്കുകൂട്ടുന്നുണ്ടാവാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ജനങ്ങളെ ഒന്നിപ്പിക്കുകയും, രാജ്യം മഹത്തായ മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വിഘടനവാദ രാഷ്ട്രീയം പയറ്റി രാഷ്ട്രീയമുതലെടുപ്പ് നടത്താനുള്ള ശ്രമം വിജയിക്കാന്‍ പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: