പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ വൈദേശികമതശക്തികള്‍ ഹിന്ദുധര്‍മത്തിനെതിരെ സൃഷ്ടിച്ച മതപരിവര്‍ത്തന സംഘര്‍ഷങ്ങളെ ചെറുക്കാന്‍ മുന്നിട്ടിറങ്ങിയ നവോത്ഥാനയോഗിവര്യനാണ് മഹാഗുരു ചട്ടമ്പിസ്വാമികള്‍. അടിയന്തിരഘട്ടങ്ങളില്‍ ധര്‍മം അനുഷ്ഠിക്കേണ്ട ഹിന്ദുമതപണ്ഡിതന്മാര്‍, മിഷണറിമാരുടെ ഹിന്ദുമതനിന്ദയ്‌ക്കെതിരെ ഒന്നും ചെയ്യാതെ ഇരിക്കുന്നതുകണ്ട് സഹികെട്ടിട്ടാണ് ക്രിസ്തുമതനിരൂപണത്തിന് താന്‍ ഒരുമ്പെടുന്നതെന്ന് സ്വാമികള്‍ ആമുഖത്തില്‍ എഴുതിയിട്ടുണ്ട്. ചുരുക്കത്തില്‍, ഹിന്ദുമതത്തിനെതിരെ വന്ന ദൂഷണങ്ങളെ ആശ്രയങ്ങളിലൂടെ വന്ന ഭൂഷണങ്ങളെ ആശയങ്ങളിലൂടെ തന്നെ ചെറുക്കാന്‍ നയം നോക്കാതെ രംഗത്തുവരുകയായിരുന്നു സ്വാമികള്‍. ക്രിസ്തുമതാധികാരത്തിന് വിധേയപ്പെട്ടു ഭരിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ് ഗവണ്മെന്റും തിരുവിതാംകൂര്‍ ഗവണ്മെന്റും മറ്റു മതാചാര്യന്മാരും മതപരിവര്‍ത്തനത്തെക്കുറിച്ച് മൗനം ദീക്ഷിക്കുന്ന സന്ദര്‍ഭത്തിലാണ് നിര്‍ഭയനായ സ്വാമികള്‍ ഹിന്ദുമതധര്‍മത്തിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ടതെന്ന് ഓര്‍ക്കണം. ഒന്നിനോടും വിധേയപ്പെടാതെ ജീവിച്ച ചട്ടമ്പിസ്വാമികള്‍ കാലസന്ദര്‍ഭങ്ങള്‍ക്കനുസരിച്ചാണ് തന്റെ ആശയവിപ്ലവങ്ങള്‍ക്ക് തീ പിടിപ്പിച്ചത്.
ബ്രാഹ്മണപൗരോഹിത്യത്തിന്റെ ജീര്‍ണമായ സ്മൃതിനിയമങ്ങള്‍ക്ക് കീഴ്‌പ്പെട്ടുകൊണ്ട് സവര്‍ണ സമുദായങ്ങളും ഭരണകൂടവും നീങ്ങിയിരുന്ന കാലഘട്ടത്തില്‍ വേദാധികാര നിരൂപണവും പ്രാചീനമലയാളവുമെഴുതി, അക്കാലത്തെ പിടിച്ചുകുലുക്കാന്‍ ചട്ടമ്പിസ്വാമികള്‍ക്കു മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. പരമമായ സ്വാതന്ത്ര്യത്തിന്റെ പേരാണ് ആത്മീയത എന്ന് ഓരോ ധര്‍മനിലപാടുകളിലൂടെയും വിദ്യാധിരാജന്‍ നമ്മെ പഠിപ്പിച്ചു. വിശ്വാസത്തിന്റെയും ശാസ്ത്രത്തിന്റെയും മൂലവും വ്യാഖ്യാനവും സ്വാമികള്‍ക്ക് കരതലാമലകം പോലെ വശമായിരുന്നു. അതുകൊണ്ടാണ് ‘വ്യാസനും ശങ്കരനും ചേര്‍ന്നാല്‍ നമ്മുടെ സ്വാമിയായി’ എന്ന് ചട്ടമ്പിസ്വാമിയെക്കുറിച്ച് ശ്രീനാരായണഗുരു വെളിപ്പെടുത്തിയത്. അതു മാത്രമോ? ഗുരുദേവന്‍ ചട്ടമ്പിസ്വാമിയെക്കുറിച്ച് രചിച്ച സമാധികീര്‍ത്തനത്തില്‍ ‘ശുകവത്മാവ്’ എന്നെഴുതി സ്വാമിസമാധിയെ ശുകമഹര്‍ഷിയുടെ മോക്ഷപ്രാപ്തിയോട് ഉപമിക്കുകയും ചെയ്തു. സനാതനധര്‍മ ചരിത്രത്തിലെ ജ്ഞാനഹിമാലയങ്ങളായ വ്യാസന്‍, ശങ്കരന്‍, ശുകന്‍ എന്നീ ഋഷീശ്വരന്‍മാരെ വിദ്യാധിരാജനോട് സമന്വയിപ്പിക്കുവാന്‍ ഗുരുദേവന് കഴിഞ്ഞത് അത്രത്തോളം സ്വാമിയെ മനസ്സിലാക്കിയിരുന്നു എന്നതുകൊണ്ട് തന്നെയാണ്.
സാംസ്‌കാരിക കേരളത്തിന്റെ വിപ്ലവ പരിണാമങ്ങള്‍ക്ക് മൂലക്കല്ലായി മാറിയത് സ്വാമിദര്‍ശനങ്ങളായിരുന്നു എന്നത് നിസ്തര്‍ക്കമാണ്. ആറുഭാഗങ്ങളിലായി രചിച്ച പ്രാചീന മലയാളത്തിലൂടെ കേരളത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ നാഗന്മാരാണെന്ന് ചട്ടമ്പിസ്വാമികള്‍ സമര്‍പ്പിച്ചു. ഈ നാഗന്മാരില്‍ ആദിവാസികള്‍ അടുക്കമുള്ള ഇന്നത്തെ പ്രബല ഹിന്ദുവിഭാഗങ്ങളെല്ലാം ഉള്‍പ്പെടുന്നു. ‘ചേരന്‍’ എന്ന തമിഴ്പദത്തിന്റെ സംസ്‌കൃതീകരണമാണ് ‘നാഗന്‍’ എന്ന പദം. കെട്ടുകഥകളിലൂടെ ബ്രാഹ്മണമേധാവിത്വം സൃഷ്ടിച്ച സാമൂഹിക മേല്‍ക്കോയ്മയെ ചരിത്രാന്വേഷണങ്ങളിലൂടെ പൊളിച്ചുകാട്ടുകയാണ് സ്വാമികള്‍ ചെയ്തത്. സവര്‍ണരുടെ ജാതിക്കുത്തക ചട്ടമ്പിസ്വാമികള്‍ പൊളിച്ചു എന്നാണ് ഇ.എം.എസ്. എഴുതിയത്. പ്രപഞ്ചമൊന്നാകെ ഒരൊറ്റ മനസ്സാണ് എന്ന ദര്‍ശനം ആവിഷ്‌കരിച്ച മഹാഗുരുവിന് തരിമ്പും ജാതിഭേദമില്ലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ശാസ്താംകോട്ടയില്‍വച്ചു നടത്തിയ അയിത്തോച്ചാടന പ്രഖ്യാപനവും പെരുമ്പാവൂരിലെ സാധുജനസേവനവുമെല്ലാം ജാതിനിര്‍മൂലനത്തില്‍ ചട്ടമ്പി സ്വാമികള്‍ ചെലുത്തിയ സ്വാധീനം വ്യക്തമാക്കുന്നുണ്ട്. സകല ജീവരാശികളേയും അപാരമായ ജീവകാരുണ്യം പ്രകടിപ്പിച്ച സ്വാമികള്‍ ‘ജീവകാരുണ്യ നിരൂപണം’ എന്ന പ്രബന്ധം എഴുുകയുണ്ടായി. ‘അഹിംസയുടെ അങ്ങേയറ്റമാണ് മോക്ഷം’ എന്നാണ് അവിടുന്ന് രേഖപ്പടുത്തിയത്. ജാതിമതഭേദമില്ലാതെ, സര്‍വരേയും ഒരുപോലെ കണ്ടിരുന്ന സ്വാമികളെ സംബന്ധിച്ചിടത്തോളം കാരുണ്യമായിരുന്നു സ്വമതം. ജീവകാരുണ്യവും അറിവും മറ്റുള്ളവര്‍ക്ക് പകരാത്തവര്‍ക്ക് മനുഷ്യരായിരിക്കാന്‍ അവകാശമില്ല എന്നായിരുന്നു സ്വാമികള്‍ കൈക്കൊണ്ട നിലപാട്. ശിഷ്യന്മാരും ഭക്തന്മാരും സൃഷ്ടിച്ച ആള്‍ക്കൂട്ടങ്ങളില്‍ നിന്നെല്ലാം മാറിനടത്താന്‍ ഇഷ്ടപ്പെട്ടിരുന്ന സ്വാമികള്‍ ഗുരുഭാവമില്ലാതെ, എല്ലാവരേയും ഉറ്റസുഹൃത്തുക്കളായിട്ടാണ് പരിഗണിച്ചിരുന്നത്. അവസാനകാലത്ത് പരിചയപ്പെട്ട കുമ്പളത്ത് ശങ്കുപ്പിള്ള എന്ന ധീരയുവാവിനെ ‘കാരണവര്‍’എന്നാണ് സ്വാമികള്‍ വിളിച്ചത്. സമാധിശേഷം സ്വാമികള്‍ക്കായി ഉചിതമായ സ്മാരകം പണിത് ‘പന്മന ആശ്രമമാക്കി’ ഉയര്‍ത്തിയ കുമ്പളം പിന്നീട്, ‘കേരളത്തിന്റെ രാഷ്‌ട്രീയ കാരണവര്‍’ എന്നുവിളിക്കപ്പെട്ടു. കുട്ടിക്കാലത്ത് ചട്ടമ്പിസ്വാമിയില്‍ നിന്ന് ലഭിച്ച അനുഗ്രഹമാണ് തന്റെ ജീവിതത്തെ ഉയര്‍ത്തിയതെന്ന് സ്വാമി ചിന്മയാനന്ദന്‍ അഭിപ്രായപ്പെടുകയുണ്ടായി. ‘ഗുരുക്കന്മാരുടെ ഗുരു, യോഗികളുടെ യോഗീശ്വരന്‍’ എന്നിങ്ങനെയാണ് ചട്ടമ്പിയെ ചിന്മയാനന്ദന്‍ വിശേഷിപ്പിച്ചത്. കേരളത്തെ ഭ്രാന്താലയം എന്നുവിളിച്ച സ്വാമി വിവേകാനന്ദന്‍ ചട്ടമ്പിസ്വാമിയെ ‘മലബാറിലെ അസാധാരണമായ മനുഷ്യന്‍’ എന്നു വിശേഷിപ്പിച്ചതും സ്വാമിയില്‍ നിന്ന് ചിന്മുദ്രോപദേശം സ്വീകരിച്ചതും വിദ്യാധിരാജന്റെ മഹത്വത്തെ അനിര്‍വചനീയമാക്കുന്നു. ചട്ടമ്പിസ്വാമികളെ ‘മഹാഗുരു’ എന്നു വിളിക്കുന്നത് ഏത് കാഴ്ചപ്പാടില്‍ നിന്നു നോക്കിയാലും ശരിതന്നെ. ‘ഒരുലോകം ഒരു ജനത’എന്ന പരമതത്വത്തിന് പ്രാധാന്യം നല്‍കിയാണ് ചട്ടമ്പിസ്വാമികള്‍ പ്രവര്‍ത്തിച്ചതെന്ന് രേഖപ്പെടുത്തിയത് നിത്യചൈതന്യയതിയാണ്. ലോകത്തെ മുഴുവന്‍ ഒന്നായി കാണുന്ന ദര്‍ശനം അംഗീകരിക്കപ്പെടുന്ന ഈ കാലസന്ദര്‍ഭത്തില്‍, മഹാഗുരു ചട്ടമ്പിസ്വാമികള്‍ ഒരുക്കിയ മാര്‍ഗങ്ങള്‍ ആധുനിക മനുഷ്യന് ഉള്‍വെളിച്ചം പകരുകതന്നെ ചെയ്യും. നൂറ്റി എഴുപതാം മഹാഗുരുജയന്തിയില്‍, കാരുണ്യമായിരിക്കും ഭാവാധികാരത്തിന്റെ മതം എന്ന് സാഹചര്യങ്ങള്‍ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. കാരുണ്യത്തിന്റെയും വിജ്ഞാനത്തിന്റെയും സൗഹൃദകൂട്ടായ്മകള്‍ പത്മന ആശ്രമത്തിന്റെ നേതൃത്വത്തില്‍ ഗ്രാമസൗഹൃദശാലകളായി പുനര്‍ജനിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ലോകം മുഴുവന്‍ മഹാസൗഹൃദവേദിയായിത്തീരട്ടെ എന്നാശംസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: