ഷഡ്ദര്‍ശനങ്ങള്‍ എന്നു വിളിക്കുന്നത് സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂര്‍വമീമാംസ, ഉത്തരമീമാംസ എന്നിങ്ങനെ അറിയപ്പെടുന്ന ആറു ദാര്‍ശനിക പദ്ധതികളെയാണ്. ഇവ പ്രാചീന വൈദിക പൈതൃകത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഹൈന്ദവമതത്തിന് തത്ത്വജ്ഞാനപരമായ അടിത്തറ നല്കിയത് ഈ ദര്‍ശനങ്ങളാണ്. പ്രസ്തുത ദര്‍ശനങ്ങളെപ്പറ്റി ചുരുക്കമായി താഴെ പ്രതിപാദിക്കുന്നു.
സാംഖ്യദര്‍ശനം
ഭാരതീയ ദര്‍ശനങ്ങളില്‍ ഏറ്റവും പുരാതനം സാംഖ്യദര്‍ശനമാണ്. കപില മഹര്‍ഷിയാണ് ഇതിന്റെ ഉപജ്ഞാതാവ് എന്ന് വിശ്വസിക്കപ്പെടുന്നു. (ശ്രീമദ് ഭാഗവതത്തില്‍ കര്‍ദമ പ്രജാപതിക്ക് ദേവഹൂതിയില്‍ ജനിച്ച
പുത്രനായ കപിലന്‍ സ്വന്തം മാതാവിന്റെ താത്പര്യപ്രകാരം ഈ ദര്‍ശനത്തെപ്പറ്റി, വിശദമായി പറയുന്ന ഭാഗമുണ്ട്. ‘കാപിലം’ എന്നാണ് അതിനെ പറഞ്ഞുവരുന്നത്)
മനുഷ്യാത്മാവിനെ ലൗകികബന്ധങ്ങളെന്ന ബന്ധനങ്ങളില്‍ നിന്ന് മുക്തമാക്കി ജീവിതദുഃഖങ്ങള്‍ക്ക് നിവൃത്തി വരുത്തുക, അഥവാ മോക്ഷം നേടാനുള്ള മാര്‍ഗം ഉപദേശിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സാംഖ്യദര്‍ശനം പ്രവൃത്തമായിട്ടുള്ളത്. (ഭാരതീയമായ എല്ലാ ദര്‍ശനങ്ങളുടെയും ആത്യന്തിക ലക്ഷ്യം മോക്ഷം തന്നെയാണ്.) ജീവിതത്തില്‍ അന്തര്‍ന്യസ്തങ്ങളായ രഹസ്യങ്ങള്‍ കേവലം ബുദ്ധിക കൊണ്ടോ, ചിന്തകൊണ്ടോ കണ്ടെത്താന്‍ ആവുകയില്ല. അതിന് ശാസ്ത്രീയമായ പ്രമാണങ്ങള്‍ ഉപയോഗിച്ച് ഗവേഷണം നടത്തേണ്ടതായുണ്ട്. ഈ നിരീക്ഷണ ഗവേഷണങ്ങള്‍ക്ക് ആദ്യം പ്രമാണങ്ങളെ അംഗീകരിക്കേണ്ടിയിരിക്കുന്നു. പ്രത്യക്ഷം, അനുമാനം, ശാബ്ദം എന്നീ മൂന്നു പ്രമാണങ്ങളെയാണ് സാംഖ്യം സ്വീകരിച്ചിട്ടുള്ളത്.
ഈ പ്രപഞ്ചം അടിസ്ഥാനപരമായി രണ്ടു ഘടകങ്ങള്‍ കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. സചേതനമായ ‘പുരുഷനും’ ജഡമായ ‘പ്രകൃതി’യും. പ്രകൃതിയിലെ സത്വരജസ്തമോഗുണങ്ങളുടെ ക്ഷോഭം കൊണ്ടുംഅവയുടെ ന്യൂനാധിക്യം മൂലവും വസ്തുക്കളുണ്ടാവുകയും അവയ്‌ക്ക് വൈവിധ്യം വന്നു ചേരുകയും ചെയ്യുന്നു. പുരുഷനുമായി ചേരുന്നതു കൊണ്ട് ജഡവസ്തുവില്‍ അഥവാ പ്രകൃതിയില്‍ ചൈതന്യം ആവിര്‍ഭവിക്കുന്നു. അങ്ങനെ മൂന്നാമത്തെ തത്ത്വമായ ‘മഹത്തത്ത്വം’ (കോസ്മിക് സ്പിരിറ്റ് എന്ന് ഇംഗ്ലീഷില്‍ പറയുന്നത്) ഉണ്ടാവുന്നു. ക്രമേണ ‘അഹങ്കാരം’ ( ‘ഞാന്‍ ഉണ്ട്’ എന്ന ബോധം) എന്ന നാലാമത്തെ തത്ത്വവും ആവിര്‍ഭവിക്കുന്നു. ഇവയോടൊപ്പം മനസ്സ് എന്ന ഘടകം കൂടി ചേരുമ്പോള്‍ അഞ്ചു വസ്തുക്കളാകുന്നു. ഇവയോട് പ്രാണിജഗത്തില്‍ ദൃശ്യമായിട്ടുള്ള അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ച് കര്‍മേന്ദ്രിയങ്ങളും ഭൂതതന്മാത്രകളായ ശബ്ദസ്പര്‍ശരൂപരസഗന്ധങ്ങളെന്ന അഞ്ചും, മഹാഭൂതങ്ങള്‍ അഞ്ചും ചേര്‍ന്ന് 25 തത്ത്വങ്ങളാണ് ജഗത്തിന് ആധാരമെന്ന് സാംഖ്യദര്‍ശനം സിദ്ധാന്തിക്കുന്നു. ഇരുപത്തിയഞ്ച് എന്നതിനെ ആസ്പദിച്ചുള്ള ദര്‍ശനമായതുകൊണ്ടാണ് (സംഖ്യ 25) ഇതിന് സാംഖ്യം എന്ന പേരു വന്നത്.
ഈ ദര്‍ശനത്തിലെ ഏറ്റവും പ്രാചീനമായ കൃതി ‘സാംഖ്യപ്രവചനസൂത്ര’മാണ്. ഇത് കപില മഹര്‍ഷിയുടേതാണെന്നാണ് വിശ്വസിച്ചു പോരുന്നത്. കപിലന്‍ ആസുരിക്കും ആസുരി പഞ്ചശിഖനും ഈ ദര്‍ശനം ഉപദേശിച്ചുവത്രേ. ഈ ശാസ്ത്രത്തിന്റെ ഏറ്റവും ആധികാരികമായ ഗ്രന്ഥം ഈശ്വരകൃഷ്ണന്‍ എന്ന മഹാനായ ആചാര്യന്‍ രചിച്ച ‘സാംഖ്യകാരിക’യാണ്. രണ്ടു ഭാഷ്യങ്ങള്‍ ഇതിന് ഉണ്ടായിട്ടുണ്ട്. ‘ഗൗഡപാദ ഭാഷ്യ’വും (എട്ടാം നൂറ്റാണ്ട്) വാചസ്പതിമിശ്രന്റെ ‘സാംഖ്യതത്ത്വകൗമുദി’യും (ഒന്‍പതാം നൂറ്റാണ്ട്). സര്‍വതന്ത്രസ്വതന്ത്രനെന്നും മഹാമനീഷിയെന്നും കീര്‍ത്തികേട്ട വാചസ്പതിമിശ്രന്‍ തന്നെയാണ് സാംഖ്യതത്ത്വകൗമുദിയുടെ കര്‍ത്താവായ വാചസ്പതിമിശ്രന്‍. (ബീഹാറുകാരനായ അദ്ദേഹത്തിന്റെ മറ്റൊരു വിശിഷ്ട കൃതിയാണ് ബ്രഹ്മസൂത്രത്തിന്റെ ശാങ്കരഭാഷ്യത്തിന് രചിക്കപ്പെട്ട ഭാമതി എന്ന പേരിലുള്ള വ്യാഖ്യാനം).
വാചസ്പതിമിശ്രന്റെ സാംഖ്യതത്ത്വകൗമുദിക്ക് ‘സാംഖ്യചന്ദ്രിക’ എന്നൊരു ഭാഷ്യഗ്രന്ഥം നാരായണ തീര്‍ഥന്‍ എന്നൊരു പണ്ഡിതന്‍ ഒന്‍പതാം നൂറ്റാണ്ടില്‍ തന്നെ നിര്‍മിച്ചിട്ടുണ്ട്. മുദുംബ നരസിംഹസ്വാമി സ്വാമി രചിച്ച ‘സാംഖ്യതരുവസന്ത’വും അനിരുദ്ധന്റെ സാംഖ്യവൃത്തിയും (15ാം നൂറ്റാണ്ട്) മഹാദേവന്റെ ‘സാംഖ്യവൃത്തിസാര’വും (17ാം നൂറ്റാണ്ട് ) നാഗേശന്റെ ‘സാംഖ്യപ്രവചനഭാഷ്യ’വും ഈ പരമ്പരയിലെ ഗണനീയങ്ങളായ പ്രാമാണിക ഗ്രന്ഥങ്ങളാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: