കണ്ടോ നിങ്ങളും കണ്ടോ നമ്മുടെ
ആകാശച്ചേലുള്ള കുട്ടനെക്കണ്ടോ?
കേട്ടോ നിങ്ങളും കേട്ടോ കുഴല്‍വിളി,
ആടുമ്പോള്‍ പാടും ചിലമ്പൊലി കേട്ടോ?
കട്ടോ നിങ്ങടെ വെണ്ണയും കള്ളനാ-
ക്കൂട്ടത്തില്‍ മണ്‍കുടം തട്ടിയുടച്ചോ?
പെട്ടെന്നിത്തിരി മാറിയിരുന്നിട്ട്
പൈക്കള്‍ക്ക് പച്ച മുറിച്ചു കൊടുത്തോ?
കെട്ടറുത്തങ്ങു കിടാവിനെ വിട്ട്-
പൊട്ടിച്ചിരിച്ചു കൈ കൊട്ടിക്കളിച്ചോ?
ഇഷ്ടം തോന്നിപ്പിച്ചിത്തിരി നിന്നിട്ട്
പെട്ടെന്നു കൂട്ടരോടൊത്തു കടന്നോ?
പൊക്കം നില്‍ക്കുന്ന പൂവിറുത്തീടുവാന്‍
കാറ്റായ് വന്നു കുനിച്ചു തന്നെന്നോ?
കൃത്യം സന്ധ്യക്ക് കോവില്‍ നടതുറ-
ന്നിത്തിരി നേരം നിന്നൊപ്പം നടന്നോ?
മുറ്റം ചുറ്റി നടക്കുമ്പോള്‍ വന്നവന്‍
തൊട്ടൂ തൊട്ടില്ലെന്നോടിക്കളഞ്ഞോ?
കൂട്ടം തെറ്റിപ്പിരിഞ്ഞിരിക്കുമ്പൊള്‍ നിന്‍-
കൂട്ടായ് വന്നിരുന്നാശ്വാസം തന്നോ?
കൂട്ടായെപ്പൊഴും ചാരെയുണ്ടാമെന്ന്
കൂട്ടുകാരന്‍ നിന്റെ കാതില്‍മൊഴിഞ്ഞോ?
കേട്ടോ സത്യമതെപ്പെപ്പോള്‍ വേണമോ-
കേള്‍ക്കാന്‍ പാകത്തിലൊന്നു വിളിക്കൂ
കൂട്ടായെത്തുമവനെന്നതാശ്വാസം,
കൂട്ടിനീ വിശ്വാസം കൂട്ടി വെച്ചോളൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: