ജീവിച്ചു മരിക്കുകയെന്നത് ലോക നീതി. എങ്ങനെ ജീവിച്ചുവെന്നത് ജീവിത രീതി. എന്തു ബാക്കിവെച്ച് അരങ്ങൊഴിഞ്ഞുവെന്നത് വ്യക്തിത്വവൈജാത്യം. യാന്ത്രികമായി ജീവിച്ചു തീര്‍ത്തവരില്‍ നിന്നും എന്തുകൊണ്ടും സാര്‍ത്ഥകമാവുന്നു ഓര്‍മ്മകള്‍ അവശേഷിപ്പിച്ചകന്നവരുടെ ജന്മം.
ഇതിനിടയില്‍ മറ്റൊരു ഗണമുണ്ട്. ലോകമറിയുന്ന വ്യക്തി സാധാരണരില്‍ സാധാരണനായി, ആരോടും തന്റെ വേറിട്ട നേട്ടങ്ങളെ ഒരു വാക്കുകൊണ്ടു പോലും വരച്ചുകാണിക്കാതെ, ഒരാഘോഷവുമില്ലാതെ ജീവിച്ചു മരിക്കുകയെന്നത്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയ്ക്കടുത്ത് മുന്നോര്‍ക്കോട് ഗ്രാമത്തിലെ മപ്പാട്ടുമഠമെന്ന ബ്രാഹ്മണകുടുംബാംഗം എം.കെ. വെങ്കിടകൃഷ്ണനെന്ന ശാസ്ത്രജ്ഞന് ആ ഗണത്തില്‍ ഉള്‍പ്പെട്ടു. മഠത്തിലെ പത്തായപ്പുര ബി.എല്‍. ഇന്‍ഡസ്ട്രീസ് ആയതോ, അവിടെ ഉല്പാദിപ്പിക്കുന്ന വസ്തു ലോകോത്തര നിലവാരമുള്ള രാസവസ്തുവാണെന്നതോ അവിടെ തൊഴിലെടുക്കുന്ന ഏതാനും സ്ത്രീകള്‍ക്കുപോലും അറിവില്ലായി രുന്നു. കറ്റാലിസ്റ്റ് എന്ന ഉല്‍പ്പന്നം എന്താണെന്നവരറിഞ്ഞേയില്ല. അവര്‍ക്കവരുടെ സ്വാമി തൊഴില്‍ദാതാവു മാത്രമായിരുന്നു. മഞ്ഞനിറമാര്‍ന്ന കായസഞ്ചിയും തൂക്കി സാവധാനം നടക്കുകയും സംസാരിയ്ക്കുകയും ചെയ്യുന്ന സ്വാമി, പഴയ ആള്‍ട്ടോ കാറില്‍ തനിയെ ഡ്രൈവ് ചെയ്തുവരുന്ന സ്വാമി-നാട്ടുകാര്‍ക്കും അടുത്ത പരിചിതര്‍ക്കുപോലും വെങ്കിടകൃഷ്ണസ്വാമി അവരിലൊരാള്‍ മാത്രം!
പക്ഷേ യഥാര്‍ത്ഥത്തില്‍ വലിയൊരു കര്‍മ്മയോഗിയായിരുന്നു കഴിഞ്ഞയാഴ്ച അന്തരിച്ച എം.കെ.വെങ്കിടകൃഷ്ണനെന്ന ശാസ്ത്രപടു. സാങ്കേതികവിദ്യയില്‍ മുന്നില്‍നില്‍ക്കുന്ന ഇതര വികസിത രാജ്യങ്ങളുടെ കച്ചവടതാല്പര്യങ്ങളെ മറികടന്ന് ഭാരതം സ്വന്തംനിലയില്‍ വിക്ഷേപിച്ച റോക്കറ്റുകള്ക്കെല്ലാമുള്ള കറ്റാലിസ്റ്റ് (catalyts) മുന്നോര്ക്കോട്ടെ മപ്പാട്ടുമഠത്തില് നിന്നുമാണ് വിക്ഷേപണ കേന്ദ്രത്തിലെത്തിയിരുന്നതെന്ന് തിരിച്ചറിയുമ്പോഴാണ് ആരുമൊന്ന് അത്ഭുതപ്പെട്ടുപോവുക. രാജ്യം വിക്ഷേപണം ചെയ്ത പതിനഞ്ചോളം 140 ടണ്‍ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളുകള്‍ക്കും (PSLV) പത്തോളം ജിയോസിംക്രണൈസ്ഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളുകള്‍ക്കും (GSLV) വേണ്ട GL 4040 കാറ്റലിസ്റ്റ് നിര്‍മ്മിച്ചു നല്കിയ ഭാരതത്തിലെ ഏകസ്ഥാപനം അഥവാ സംരംഭമാണിതെന്നുകൂടി അറിയുമ്പോഴാണ് ആ ഒരു ഗരിമ അനുഭവവേദ്യമാവുക.
മൂന്നോ നാലോ ഘട്ടങ്ങളിലായായാണ് ഉപഗ്രഹവാഹിനിയുടെ പ്രവര്‍ത്തനം. ഭൂമിയില്‍നിന്നും അന്തരീക്ഷത്തിലേയ്ക്ക് കുതിയ്ക്കുന്ന ആദ്യഘട്ടമാണ് BL 4040 യുടെ ഉപയോഗം. ആറു സ്ട്രോ പോണുകളിലെ ഇന്ധനത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്കുകയെന്നതാണിതിന്റെ ദൗത്യം. എസ്.എല്‍. ഇനത്തില്‍പ്പെട്ട റോക്കറ്റുകളിലെ 140 ടണ്‍ ചാലക ശക്തിയ്ക്ക് (propellant), ജ്വലനേശേഷിയേകാന് 400 കിലോഗാം കാറ്റലിസ്റ്റ് വേണ്ടിവരും. സാധാരണഗതിയില്‍ റോക്കറ്റിന്റെ ചാലകശേഷിയായ സെക്കന്റില്‍ അഞ്ചര എം.എം. (Miles per second) എന്നത് എട്ട് എം.എം. വരെ വര്‍ദ്ധിപ്പിയ്ക്കുവാന്‍ കോപ്പറും ക്രോമിയവും ചേര്‍ന്ന ഈ ഓക്സൈഡ് മിശ്രിതത്തിന് കഴിയും. ഇതാണ് രാസത്വരകത്തിന്റെ സാംഗത്യം.
1990 ലാണ് ISROയില്‍ നിന്നും എം.കെ. വെങ്കിടകൃഷ്ണനെന്ന സയന്റിസ്റ്റ് വിരമിക്കുന്നത്. അതിനു മൂന്നുവര്‍ഷം മുമ്പ് എയര്‍ഫോഴ്സില്‍ ഉദ്യോഗസ്ഥനായിരുന്ന ജ്യേഷ്ഠസഹോദരന് എം.കെ. വൈദ്യനാഥന് സ്വയം വിരമിച്ച് മുന്നോര്ക്കോട്ട് ബി.എല്‍. ഇന്‍ഡസ്ട്രീസ് ആരംഭിക്കുന്നു. ”മൂന്നുപതിറ്റാണ്ടിലേറെയായി, യാതൊരുവിധ പരാതിക്കോ ദോഷ വചനങ്ങള്‍ക്കോ അവസരം നല്‍കാതെ ഞാനിത് മുന്നോട്ടുകൊണ്ടുപോകുന്നു. നിര്‍ദ്ദിഷ്ട ഗുണനിലവാരത്തേക്കാള്‍ അരശതമാനമെങ്കിലും ശേഷിക്കൂടുതല്‍ ഞങ്ങളുടെ ഉല്പന്നത്തിനുണ്ടായിരിക്കും. എനിക്കാവുന്ന കാലംവരെ ഞാനിത് തുടരും. എന്റെ ലോകത്ത് എനിക്ക് മുഴുകിക്കഴിയാനാവുകയും, അതേസമയം നാട്ടില്‍ കുറച്ചുപേര്‍ക്ക് പ്രതിവര്‍ഷം ആറുമാസമെങ്കിലും ജോലിനല്‍കുവാന്‍ സാധിക്കുന്നുവെന്നതും ഇതിന്റെ ഗുണവശമായി ഞാന്‍ വിലയിരുത്തുന്നു.” ഒരവസരത്തില്‍ അദ്ദേഹം പറഞ്ഞു. ”കറ്റാലിസ്റ്റ് നിര്‍മ്മാണ പ്രക്രിയയില്‍ അതിസൂക്ഷ്മവും പ്രധാന്യമേറിയതുമായ ഒമ്പതുഘട്ടങ്ങള് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ചെറുകടമ്പകള് പുറമേയും. മറ്റാരും ഈ മേഖല തേടിവരാത്തതിന് ഇക്കാരണങ്ങള്‍ തന്നെ ധാരാളം.”
മുന്നോര്‍ക്കോട് എല്‍പി സ്കൂള്‍, പാലക്കാട് വിക്ടോറിയ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തുടര്‍ന്ന് ബോംബെയില്‍ സയന്റിഫിക് ട്രെയിനിങ് സെന്ററില്‍ ചേര്‍ന്നു. 1965ല്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു. 1970ല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്പെയ്സിനു തുടക്കമിടാന്‍ നിശ്ചയിക്കുന്നതിനും മുമ്പ് ഇദ്ദേഹം വിക്രം സാരാഭായ് സ്പേസ് റിസര്‍ച്ച് സെന്ററില്‍ വന്നു. കാല് നൂറ്റാണ്ടിന്റെ അനുഭവപരിചയമാണ് മുന്നാര്ക്കോട് മപ്പാട്ടുമഠത്തിലെ ബി.എല്‍ ഇന്‍ഡസ്ട്രീസിന്റെ വിജയം.
റിയലി എ ഡ്രൈവിങ് ഫോഴ്സ്! മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനെ വെങ്കിടകൃഷ്ണന്‍ വിലയിരുത്തുന്നു. ”എന്താവശ്യത്തിനും എപ്പോഴും ഏതു സമയത്തും പ്ലാന്റില്‍ പാഞ്ഞെത്തി നിര്‍ദ്ദേശങ്ങള്‍ നല്കുന്ന ചാലകശക്തിയായിരുന്നദ്ദേഹം. മുഴുവന്‍ സമയവും റോക്കറ്റുകളേയും ഉപഗ്രഹങ്ങളേയും കുറിച്ചുമാത്രം ചിന്തിക്കുന്ന അനുപമനായ ശാസ്ത്രജ്ഞന്.” ആ പ്രേരണയാവണം വിവാഹം കഴിഞ്ഞു മൂന്നാംനാള്തന്നെ ഞാന്‍ ജോലിയ്ക്കു കയറാനിടയായത്. നാല്‍പ്പത്തിയാറാം വയസ്സില്‍ വിആര്‍എസ്സ് എടുത്ത ശേഷം ആലുവായില്‍ അമോണിയം പെര്‍ക്ലോറേറ്റ് പ്ലാന്റ് തുടങ്ങിയതിന്റെ വേദന നിറഞ്ഞ ഒരോര്‍മ്മയും അദ്ദേഹമൊരിക്കല്‍ പങ്കുവെച്ചിരുന്നു. ‘ISROയിലെ വേസ്റ്റുകള്‍ കടലില്‍ തള്ളുന്നതിനെതിരെ ജനരോഷമുയര്‍ന്ന അവസരത്തിലാണ് അത് സംസ്കരിച്ചെടുക്കുന്ന പ്ലാന്റ് ആരംഭിച്ചത്. സര്‍ക്കാര്‍ തലത്തില്‍ വലിയ അഭിനന്ദനമായിരുന്നു കിട്ടിയത്.
എന്നാല്‍ ചില സ്ഥാപിതതല്പരരുടെ എന്തിനോവേണ്ടിയുളള ഇടപെടല്‍… പാര്‍ലിമെന്റിനകത്തും ഒച്ചപ്പാടുകള്‍… ഒടുവില്‍ സ്ഥാപനം പൂട്ടി മടങ്ങി. കൂടുതല്‍ വിശദീകരിക്കുന്നില്ല. അന്നപൂര്‍ണ്ണിയാണ് ഭാര്യ. മകള്‍ റാണി പാര്‍വ്വതി പ്രൊട്ടന്സില് പിഎച്ച്ഡി കഴിഞ്ഞ് അമേരിക്കയില്‍.
ചെറുതായി ജിവിച്ചതുകൊണ്ടാവണം വെങ്കിടകൃഷ്ണനെന്ന സാത്വികന് വലുതാവാതെ പോയത്. സാധാരണക്കാരനായി ജനിച്ച് സാധാരണക്കാരനായി ജീവിച്ച് സാധാരണക്കാരനായി ശാസ്ത്രലോകം വിട്ടകന്ന ഒരാള്‍. ഇതുപോലെ എത്രയോ പ്രഗത്ഭമതികള്‍ അറിയപ്പെടാതെ ജീവിച്ചു മരിച്ചുപോയിട്ടുണ്ടാവാം. ആരും അറിഞ്ഞില്ല എന്നല്ല ആരുമാരും അറിയുവാന്‍ ശ്രമിച്ചില്ലയെന്നതാണ് യാഥാര്‍ത്ഥ്യം. ഇല്ലാത്തതും അര്ഹമല്ലാത്തതുമായ അംഗീകാരങ്ങള്‍ പലര്‍ക്കും വാരിക്കോരിവിതറുമ്പോള് നിസ്വാര്‍ത്ഥമതികള്‍ ചവറ്റുകുട്ടയിലായിപ്പോകുന്നു.
തികച്ചും മാതൃകാപരമായ ജീവിതത്തി ന്റെ മറ്റൊരു ഉദാത്തമാതൃക കൂടി അപ്രത്യക്ഷമായിരിക്കുന്നു. സ്പേസിനായി ജീവിതത്തിന്റെ ഏറിയ പങ്കും വിനിയോഗിച്ച ആ മുന്നോര്ക്കോടുകാരനായി വിഹായസ്സിന്റെ അപാരതകള്‍ സ്വാഗതമാശംസിച്ചു കാണണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: