ചെന്നൈ: സനാതന ധർമത്തെ രൂക്ഷമായി വിമർശിച്ച് നടനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധർമ്മം സാമൂഹിക നീതിക്കും തുല്യതയ്‌ക്കും എതിരാണെന്നും മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്നുമായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്റെ മകൻ കൂടിയായ ഉദയനിധി സ്റ്റാലിന്റെ പ്രസംഗം.
സനാതനധർമം എന്ന ആശയത്തെ വെറുതേ എതിർക്കുകയല്ല, പകരം അവയെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും ഉദയനിധി സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ഇതിനെതിരെ ബിജെപി രംഗത്ത് വന്നു. ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. വംശഹത്യ ഇന്ത്യ മുന്നണിയുടെ മുംബൈ യോഗത്തിന്റെ തീരുമാനം ആണോ എന്ന് ബിജെപി നേതാവ് അമിത് മാളവ്യ ചോദിച്ചു. ഉദയനിധി സ്റ്റാലിൻ ഡിഎംകെ സർക്കാരിലെ ഒരു മന്ത്രി കൂടിയാണ്. അയാൾ സനാതന ധർമത്തെ മലേറിയയോടും ഡെങ്കിയോടുമൊക്കെയാണ് ഉപമിക്കുന്നത്. ഭാരതത്തിൽ സനാതന ധർമം പിന്തുടരുന്നത് എൺപത് ശതമാനം ജനങ്ങളാണ്. അവരെ വംശഹത്യ ചെയ്യാനുള്ള ആഹ്വാനമാണ് ഉദയനിധി നൽകിയിരിക്കുന്നതെന്ന് മാളവ്യ പറഞ്ഞു.
ഉദയനിധിക്ക് ശിക്ഷ ലഭിക്കാതെ വിടില്ലെന്ന് അഭിഭാഷക കൂട്ടായ്മ വ്യക്തമാക്കി. ശനിയാഴ്ച ചെന്നൈയില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ജാതിവെറിക്ക് ഇരയായി ജീവനൊടുക്കേണ്ടി വന്ന രോഹിത് വെമുലയുടെ അമ്മയെ അടക്കം വേദിയിൽ ഇരുത്തിയായിരുന്നു മിഴ്നാട് കായികമന്ത്രിയായ ഉദയനിധിയുടെ വംശഹത്യക്കുള്ള ആഹ്വാനം. പ്രതിഷേധം ശക്തമായതോടെ വീണ്ടും ഉദയനിധി രംഗത്തെത്തി. വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും ജാതിവ്യവസ്ഥയെ ആണ് എതിർക്കുന്നതെന്നും ഉദയനിധി പ്രതികരിച്ചു.
ജാതിയുടെ പേരിൽ മനുഷ്യരെ വിഭജിക്കുന്ന എന്തിനെയും തുടച്ചു നീക്കുന്നത്, മാനവികതയെയും സമത്വത്തെയും ഉയർത്തിപ്പിടിക്കുന്നതാകുമെന്നും മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: