പത്തനംതിട്ട: ഇന്ത്യയുടെ അഭിമാന ബഹിരാകാശ വിക്ഷേപണദൗത്യമായി മാറിയ ചന്ദ്രയാന്‍ 3-നെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിച്ച് എസ്. സോമനാഥ് എന്ന മലയാളിയായ ഐ.എസ്ആർ.ഓ. ചെയർമാനിലൂടെ ശാസ്ത്രജ്ഞരൊന്നടങ്കം വിജയത്തിലകമണിഞ്ഞപ്പോൾ അക്കൂട്ടത്തിൽ മലയാളിയായ ഒരു യുവശാസ്ത്രജ്ഞൻ കൂടിയുണ്ടെന്നറിയുമ്പോൾ കേരളക്കരയുടെ അഭിമാനം ഇരട്ടിയ്‌ക്കുകയാണ്. പത്തനംതിട്ട കരിമ്പനാക്കുഴി ചേന്നാട്ടുകൊല്ലശ്ശേരിൽ വീട്ടിൽ അരവിന്ദ് സുനിലിന്റെ കൂടി വിജയമാണ് ചന്ദ്രയാൻ -3 എന്നത് മലയാളികൾ അറിയാതെ പോകരുത്. ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായ സോഫ്റ്റ് ലാന്റിംഗ് എന്ന ദൗത്യലക്ഷ്യത്തിൽ ഐ.എസ്.ആർ.ഓ. വിജയം കണ്ടതോടെ അരവിന്ദിന്റെ അച്ഛനമ്മമാരായ തിരുവല്ല റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് സുനിൽകുമാറും സിന്ധുവും, ഭാര്യ ഡോ. അനു നായരും ഏറെ സന്തോഷത്തിലാണ്.
പത്തനംതിട്ട അമൃതവിദ്യാലയത്തിലായിരുന്നു അരവിന്ദ് സുനിലിന്റെ സ്‌കൂൾ വിദ്യാഭ്യാസം. ചെങ്ങന്നൂരിലെ കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എൻജിനീയറിംഗ് ബിരുദം. പഠനത്തിൽ മിടുക്കനായ അരവിന്ദിന് ചെന്നൈ ഐ. ഐ.ടി. യിൽ കമ്പ്യൂട്ടർ സയൻസിൽ എം.എസ്. ഉപരിപഠനത്തിന് അവസരം ലഭിച്ചു. തുടർന്ന് പ്രശസ്തമായ ടാറ്റാ കൺസൾട്ടൻസി സർവ്വീസസിൽ വെബ് ഡെവലപ്പറായി ഉദ്യോഗം. 2015-ൽ ടി.സി.എസ് ഹൈദരാബാദിൽ ജോലി നോക്കുമ്പോൾ അവിടത്തെ സ്റ്റാർ പെർഫോർമർ അവാർഡ് വിന്നറായിരുന്നു അരവിന്ദ്.
2017-ലാണ് ഐ.എസ്.ആർ.ഒ.യിലേയ്‌ക്കുള്ള ക്ഷണം ലഭിയ്‌ക്കുന്നത്. ബഹിരാകാശവിക്ഷേപണരംഗത്ത് 6 വർഷമായി ഗൂഗിളിന്റെ ‘ഗോലാംഗ്’ ബാക് എൻഡ് ഡെവലപ്പറായി ജോലി നോക്കുമ്പോഴാണ് ചന്ദ്രയാൻ 3-ന്റെ ഭാഗമാകുന്നത്. ഐ.എസ്.ആർ.ഒ-യുടെ തന്നെ കാർട്ടോസാറ്റ് 2F, ഹൈസിസ്, കാർട്ടോസാറ്റ്-3, മൈക്രോസാറ്റ് 2B എന്നീ പ്രൊജക്ടുകളിലും അരവിന്ദിന്റെ സജീവപങ്കാളിത്തം ഉണ്ടായിട്ടുണ്ട്. ആദിത്യ L-1 പ്രൊജക്ടിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ് ഇപ്പോൾ. ഇന്ത്യൻ സ്‌പേസ് റിസേർച്ച് ഓർഗനൈസേഷന്റെ ബംഗലൂരുവിലെ അന്തരീക്ഷ് ഭവനിലാണ് ബഹിരാകാശവിക്ഷേപണദൗത്യത്തിന്റെ തിരക്കുകളുമായി അരവിന്ദുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: