തിരുവനന്തപുരം: നാടും നഗരവും ഉത്സവത്തിമിര്‍പ്പിലാക്കി ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷം കൊടിയിറങ്ങി. സംഗീത, നൃത്ത, വാദ്യഘോഷങ്ങളും ദീപാലങ്കാരങ്ങളും പൊലിമ ചാര്‍ത്തിയ ഒരാഴ്ചത്തെ ഓണാഘോഷത്തിന് വര്‍ണശബളമായ സാംസ്ക്കാരിക ഘോഷയാത്രയോടെയായിരുന്നു സമാപനം.
കനകക്കുന്ന് നിശാഗന്ധിയില്‍ നടന്ന സമാപന സമ്മേളനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
കനകക്കുന്ന് കൊട്ടാരത്തിന്റെ വികസനത്തിന് ആറ് കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കനകക്കുന്നില്‍ മ്യൂസിയവും ഓഡിറ്റോറിയവും സ്ഥാപിക്കുന്നതാണ് പദ്ധതി. കനകക്കുന്ന് കൊട്ടാരം സജീവമായ വിനോദസഞ്ചാര കേന്ദ്രമായും ‘നൈറ്റ് ലൈഫ്’ ആസ്വദിക്കാനുള്ള സ്ഥലമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീമൂലം തിരുനാളിന്റെ കാലത്താണ് (1885-1924) കനകക്കുന്ന് കൊട്ടാരം നിര്‍മ്മിച്ചത്.
ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആരോഗ്യ വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോര്‍ജ്ജ്, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര് അനില്‍, ഗതാഗത മന്ത്രി ആന്റണി രാജു, എംഎല്‍എമാരായ ഐ.ബി സതീഷ്, ജി.സ്റ്റീഫന്‍, ഡി.കെ മുരളി, ഡെപ്യൂട്ടി മേയര്‍ പി.കെ രാജു എന്നിവര്‍ സംബന്ധിച്ചു. ചലച്ചിത്ര താരങ്ങളായ ഷെയ്ന് നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് ചടങ്ങിന് നന്ദി പറഞ്ഞു.
ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. തുടര്‍ന്ന് പിന്നണി ഗായകന് ഹരിശങ്കറിന്റെ നേതൃത്വത്തില്‍ പ്രഗതി ബാന്‍ഡിന്റെ അവതരണവും നടന്നു.
ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള വര്‍ണശബളമായ ഘോഷയാത്ര വെള്ളയമ്പലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഫ്ളാഗ് ഓഫ് ചെയ്തു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യാതിഥിയായിരുന്നു. വാദ്യോപകരണമായ കൊമ്പ് ടൂറിസം മന്ത്രി മുഖ്യ കലാകാരന് കൈമാറിക്കൊണ്ട് സാംസ്കാരിക ഘോഷയാത്രയുടെ താളമേളങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ടൂറിസം വകുപ്പിന്റെ 100 മീറ്റര്‍ നീളത്തിലുള്ള ‘ഗാര്ഡന് ഓഫ് ലൈറ്റ്സ്’ ഫ്ളോട്ട് ഘോഷയാത്രയില്‍ ശ്രദ്ധേയമായി. ഉത്തരവാദിത്ത ടൂറിസം മിഷന്, ഇക്കോ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം എന്നിവ സംയുക്തമായാണ് ഇത് സജ്ജമാക്കിയത്. സ്ത്രീസൗഹാര്‍ദ്ദ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ആര്.ടി മിഷന് ഒരുക്കിയ വനിതാ ബൈക്ക് റാലിയും ഇതിന്റെ ഭാഗമായിരുന്നു. പൂര്‍ണമായും ഹരിതചട്ടം പാലിച്ചു കൊണ്ടായിരുന്നു ഘോഷയാത്ര.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഫ്ളോട്ടുകള്‍ കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയില്‍ അണിനിരന്നു. മൂവായിരത്തോളം കലാകാരന്മാരാണ് പങ്കെടുത്തത്. വാദ്യഘോഷങ്ങള്‍ക്കൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും അണിനിരന്നു. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി.
‘ഓണം ഒരുമയുടെ ഈണം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 27 ന് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിച്ചത്. കേരളത്തിന്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങളും സംഗീത, ദൃശ്യവിരുന്നുകളും മാറ്റുകൂട്ടിയ ഓണം വാരാഘോഷം വന്‍ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരത്ത് മാത്രം 31 വേദികളിലായിരുന്നു ഓണാഘോഷം. ടൂറിസം വകുപ്പിന്റെയും ഡിടിപിസിയുടെയും ജില്ലാ ഭരണകൂടങ്ങളുടെയും നേതൃത്വത്തിലാണ് എല്ലാ ജില്ലകളിലും ഓണാഘോഷം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: