ന്യൂദല്‍ഹി: ജി20 ഉച്ചകോടിയ്ക്കിടയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ സപ്തംബര്‍ എട്ടിന് പ്രത്യേകം ചര്‍ച്ച നടക്കും. ഈ ചര്‍ച്ചയിലെ വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ജോ ബൈഡന് സപ്തംബര്‍ എഴിന് ന്യൂദല്‍ഹിയില്‍ എത്തും. പിന്നീട് ജി20 ഉച്ചകോടി സമാപിക്കുന്ന സെപ്തംബര്‍ 10 വരെ ദല്‍ഹിയില്‍ ഉണ്ടാകും. സപ്തംബര്‍ 9,10 തീയതികളിലാണ് ജി20 ഉച്ചകോടി.
ബൈഡനും മോദിയും തമ്മില്‍ സപ്തംബര്‍ എട്ടിന് പ്രത്യേകം ചര്‍ച്ച ഉണ്ടാകുമെന്ന് വൈറ്റ് ഹൗസാണ് പ്രസ്താവനയില്‍ അറിയിച്ചത്. നേരത്തെ ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ജി20 ഉച്ചകോടിയ്ക്കിടയില്‍ മോദിയും ബൈഡനും തമ്മില്‍ പ്രത്യേകം ചര്‍ച്ച നടക്കുമെന്നറിയിച്ചിരുന്നു.
തന്റെ ഇന്ത്യാസന്ദര്‍ശനത്തിനിടയില്‍ ലോകബാങ്ക് പോലുള്ള മള്ട്ടിലേറ്ററല് ഡവലപ് മെന്റ് ബാങ്കുകള്‍ (എംഡിബി) പരിഷ്കരിക്കുന്നതിനെക്കുറിച്ച് ബൈഡന് സംസാരിക്കും. എംഡിബികളുടെ സാമ്പത്തിക കരുത്ത് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ബൈഡന് പ്രത്യേകം ഊന്നല്‍ നല്‍കും. ദാരിദ്ര്യം കുറയ്ക്കല്‍, ഐശ്വര്യം വളര്‍ത്തല്‍, കാലാവസ്ഥപ്രതിസന്ധി പരിഹരിയ്ക്കല്‍ എന്നിവ ഇതിന്റെ ലക്ഷ്യങ്ങളാണ്.
ജി20 യോഗത്തില്‍ ബൈഡന് ജി20 അംഗങ്ങളുടെ പ്രതിനിധികളുമായി ശുദ്ധമായ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റം, കാലാവസ്ഥാ വ്യതിയാനത്തിന്റെ കാഠിന്യം കുറയ്ക്കല്‍, റഷ്യ-ഉക്രൈന് യുദ്ധത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ എന്നീ ആഗോളവെല്ലുവിളികളെക്കുറിച്ച് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: