മുംബൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്ത ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലി(74)നെ മുംബൈയിലെ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതി ഗോയലിനെ സപ്തംബര്‍ 11 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു. കാനറ ബാങ്കുമായി ബന്ധപ്പെട്ട് 538 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് വെള്ളിയാഴ്ച രാത്രി ഗോയലിനെ ഇ ഡി അറസ്റ്റ് ചെയ്തത്. കാനറ ബാങ്കില്‍ നിന്നെടുത്ത വായ്പയില്‍ 9.46 കോടി രൂപ വ്യക്തിപരമായ വായ്പ അടയ്ക്കുന്നതിനായി ഗോയല്‍ ഉപയോഗിച്ചതായി ഇ ഡി കോടതിയില്‍ വ്യക്തമാക്കി. ഗോയലിന്റെ മകള്‍ നര്‍മദ ശമ്പളവും തന്റെ വീട് നിര്‍മാണത്തിനായുള്ള തുകയും ജെറ്റ് എയര്‍വേയ്സ് അക്കൗണ്ടില്‍ നിന്നും കൈമാറ്റം ചെയ്തതായും ഇ ഡി ചൂണ്ടിക്കാട്ടി.
മുംബൈയിലെ ഇ ഡി ഓഫീസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) ഗോയലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ (എസ്എഫ്ഐഒ) എത്തിയ ഗോയലിനെ ഇ ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി കൊണ്ടുപോവുകയായിരുന്നു. നേരത്തെ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ രണ്ട് സമന്‍സുകള്‍ അദ്ദേഹം കൈപ്പറ്റിയിരുന്നില്ല.
കഴിഞ്ഞ ജൂലൈയില്‍ ഗോയലിന്റെയും തട്ടിപ്പിന് പങ്കുള്ളവരുടെയും വീടുകളിലും സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. കാനറ ബാങ്കില്‍ 538 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ജെറ്റ് എയര്‍വേയ്സ്, നരേഷ് ഗോയല്‍, ഭാര്യ അനിത, ചില മുന്‍ കമ്പനി എക്സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കെതിരെ ഈ വര്‍ഷം മെയില്‍ സിബിഐ ചാര്‍ജ്ജ് ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ നിന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ തുടക്കം. മെയ് അഞ്ചിന് ഗോയലിന്റെ വസതിയും ഓഫീസും ഉള്‍പ്പെടെ മുംബൈയിലെ ഏഴ് സ്ഥലങ്ങളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
നരേഷ് ഗോയല്‍ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, മോശം പെരുമാറ്റം എന്നിവ നടത്തിയതായി ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ 11ന് കാനറ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ പി. സന്തോഷ് നല്കിയ പരാതിയിലായിരുന്നു സിബിഐ നടപടി.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ജെറ്റ് എയര്‍വേയ്സ് (ഇന്ത്യ) ലിമിറ്റഡിന് അനുവദിച്ച 848.86 കോടി രൂപയുടെ ക്രെഡിറ്റ് ലിമിറ്റുകളും വായ്പകളും ദുരുപയോഗം ചെയ്തതാണ് കേസ്. അതില്‍ 538.62 കോടി കുടിശ്ശികയുണ്ട്. സിബിഐ 2021 ജൂലൈയില്‍ അക്കൗണ്ട് ‘തട്ടിപ്പ്’ ആയി പ്രഖ്യാപിച്ചു. തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സില്‍ നടത്തിയ ഫോറന്‍സിക് ഓഡിറ്റില്‍ മൊത്തം ചെലവില്‍ നിന്ന് 1,410.41 കോടി രൂപ കമ്മിഷനായി ‘അനുബന്ധ കമ്പനികള്‍ക്ക്’ നല്‍കിയതായും കണ്ടെത്തി.
ഗോയല്‍ കുടുംബത്തിന്റെ ജീവനക്കാരുടെ ശമ്പളം, ഫോണ്‍ ബില്ലുകള്‍, വാഹനച്ചെലവ് തുടങ്ങിയ സ്വകാര്യ ചെലവുകള്‍ ജെറ്റ് എയര്‍വേയ്സ് നല്‍കിയതായി എഫ്ഐആറില്‍ പറയുന്നു. ജെറ്റ് ലൈറ്റ് (ഇന്ത്യ) ലിമിറ്റഡ് (ജെഎല്‍എല്‍) വഴി അഡ്വാന്‍സും നിക്ഷേപവും നടത്തി, പിന്നീട് വ്യവസ്ഥകള്‍ ഉണ്ടാക്കി അത് എഴുതിത്തള്ളുകയും ചെയ്തുവെന്ന് ഫോറന്‍സിക് ഓഡിറ്റിനിടെ കണ്ടെത്തിയിയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: