ന്യൂദല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കുന്നതിനായി സമിതി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി എട്ടംഗസമിതി രൂപീകരിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭ മുന്‍ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷന് അധ്യക്ഷനായിരുന്ന എന്‍.കെ. സിങ്, ലോക്സഭാ മുന്‍സെക്രട്ടറി ജനറല്‍ സുഭാഷ് സി. കശ്യപ്, മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ, മുന്‍ വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരാണ് സമിതി അംഗങ്ങള്‍.
കേന്ദ്ര നിയമ മന്ത്രി അര്ജ്ജുന് റാം മേഘ്വാള് സമിതി പ്രത്യേക ക്ഷണിതാവായി യോഗങ്ങളില്‍ പങ്കെടുക്കും. കേന്ദ്ര നിയമ സെക്രട്ടറി നിതേന്‍ ചന്ദ്ര ആണ് സമിതിയുടെ സെക്രട്ടറി. കേന്ദ്ര നീതി – നിയമ മന്ത്രാലയമാണ് സമിതിയുടെ രൂപീകരണം സംബന്ധിച്ച അസാധാരണ വിജ്ഞാപനം പുറത്തിറക്കിയത്.
സമിതിയുടെ പരിഗണനാ വിഷയങ്ങള്‍: ലോക്സഭയിലേക്കും നിയമസഭയിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും (മുന്‍സിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍) ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും വരുത്തേണ്ട ഭേദഗതികള്‍ സംബന്ധിച്ച പരിശോധന. ഭരണഘടനാ ഭേദഗതിക്ക് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണോ എന്നതിലുളള പരിശോധന. തൂക്കുസഭ, കാലാവധി പൂര്‍ത്തിയാകാതെ അവിശ്വാസ പ്രമേയത്തിലൂടെ സഭ പിരിച്ചുവിടല്‍ എന്നീ സാഹചര്യങ്ങളില്‍ എന്തുചെയ്യണം എന്നതിനെക്കുറിച്ചുള്ള പരിശോധന. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള രൂപരേഖയും സമയക്രമവും തയ്യാറാക്കല്‍. എത്ര ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണം എന്നതിനെക്കുറിച്ചുള്ള ശുപാര്‍ശ തയ്യാറാക്കല്‍. മുടക്കമുണ്ടാകാതെ തുടര്‍ച്ചയായി ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശിപാര്‍ശ തയ്യാറാക്കല്‍. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നിന് ആവശ്യമായ ഇ.വി.എം, വി.വി പാറ്റ് തുടങ്ങി സാങ്കേതിക-മാനുഷിക വിഭവങ്ങള്‍ അടക്കമുള്ള സൗകര്യങ്ങളെക്കുറിച്ചുള്ള പരിശോധന. ഒരുമിച്ച് നടക്കുന്ന തെരഞ്ഞെടുപ്പിന് ഒറ്റ വോട്ടര്‍പട്ടികയും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചുള്ള പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: