ന്യൂദല്‍ഹി: ഇഎസ്ഐ കോര്‍പ്പറേഷന്റെ കീഴിലുള്ള ആശുപത്രികളില്‍ കീമോതെറാപ്പി ചികിത്സ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള 30 ഇഎസ്ഐസി ആശുപത്രികളിലാണ് ഇന്‍ഹൗസ് കീമോതെറാപ്പി സേവനങ്ങള്‍ ആരംഭിച്ചത്.
ഇഎസ്ഐസി ആസ്ഥാനത്ത് ചേര്‍ന്ന ഇഎസ്ഐ കോര്‍പ്പറേഷന്റെ 191-ാമത് യോഗത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് കീമോതെറാപ്പി സേവനങ്ങളുടെ ഉദ്ഘാടനം
നിര്‍വഹിച്ചു. കീമോതെറാപ്പി സേവനങ്ങള്‍ ആരംഭിക്കുന്നതോടെ ഇന്‍ഷുറന്‍സ് ഉള്ള തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും മെച്ചപ്പെട്ട കാന്‍സര്‍ ചികിത്സ വേഗത്തില്‍ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇഎസ്ഐസിയുടെ ഡാഷ്ബോര്‍ഡുകളുള്ള കണ്ട്രോള് റൂമിന്റെ ഉദ്ഘാടനവും ഭൂപേന്ദര്‍ യാദവ് നിര്‍വഹിച്ചു. പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി, ഇഎസ്ഐസി ആശുപത്രികളിലെ വിഭവങ്ങളുടെയും കിടക്കകളുടെയും മികച്ച നിരീക്ഷണം മുതലായവ ഡാഷ്ബോര്‍ഡ് ഉറപ്പാക്കും. ആവശ്യമെങ്കില്‍ പുതിയ ഇഎസ്ഐസി മെഡിക്കല്‍ കോളജുകളും ആശുപത്രികളും സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
പതിനഞ്ച് പുതിയ ഇഎസ്ഐ ആശുപത്രികളും 78 ഇഎസ്ഐ ഡിസ്പെന്‍സറികളും ആരംഭിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്കി. അസം ബെല്റ്റോളയിലെ ഇഎസ്ഐസി ആശുപത്രി, ചെന്നൈ കെകെ നഗര്‍ ഇഎസ്ഐസി മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍, ഫരീദാബാദ് ഇഎസ്ഐസി മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും യോഗം അംഗീകാരം നല്കി.
കേരളം, രാജസ്ഥാന്, ബെംഗളൂരു എന്നിവിടങ്ങളിലെ ഇഎസ്ഐസി ഓഫീസുകളില്‍ നിന്ന് ഐജിഒടി (കര്‍മയോഗി ഭാരത്) പഠന പ്ലാറ്റ്ഫോമില്‍ ഒന്നാം സ്ഥാനം നേടിയ അഞ്ച് ഐജിഒടി പഠിതാക്കളെയും ഭൂപേന്ദര്‍ യാദവ് അനുമോദിച്ചു. എംപിമാരായ ഡോല സെന്‍, രാം കിര്‍പാല്‍ യാദവ്, തൊഴില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, സംസ്ഥാന സര്‍ക്കാരുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, തൊഴിലുടമകളുടെ പ്രതിനിധികള്‍, ഇഎസ്ഐ കോര്പ്പറേഷന് അംഗങ്ങള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂദല്‍ഹി: ഇഎസ്ഐ കോര്‍പ്പറേഷന്റെ കീഴിലുള്ള ആശുപത്രികളില്‍ കീമോതെറാപ്പി ചികിത്സ ആരംഭിച്ചതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അര്‍ബുദം ഭേദമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള സ്തുത്യര്‍ഹമായ ശ്രമം. ഇത് രാജ്യത്തുടനീളമുള്ള നിരവധി പേര്‍ക്ക് പ്രയോജനം ചെയ്യുമെന്നും കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ എക്സ് ട്വീറ്റിനുള്ള മറുപടിയില്‍ പ്രധാനമന്ത്രി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: