പാല്ലെക്കിലെ: ആരാധകര്‍ ആറ്റുനോറ്റുകാത്തിരുന്ന ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടത്തിന് ഇന്ന് വിദൂര സാധ്യതമാത്രം. മത്സരം നടക്കുന്ന ശ്രീലങ്കയിലെ പാല്ലെക്കിലെ അടങ്ങുന്ന കാന്‍ഡി പ്രദേശത്ത് കനത്ത മഴ സാധ്യതയാണ് നിലനില്‍ക്കുന്നത്. വിവിധ ലോക കായിക മാധ്യമ വാര്‍ത്താ സൈറ്റുകള്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടില്‍ പ്രദേശത്ത് ഇന്ന് 90 ശതമാനത്തിലേറെ മഴ പെയ്യുമെന്നാണ് പ്രവചനം.
ഐസിസി കാലാവസ്ഥാ റിപ്പോര്‍ട്ട് പൊതുവില്‍ തെറ്റിയിട്ടില്ലെന്നതാണ് വസ്തുത. മാത്രമല്ല കാന്‍ഡി മേഖലയില്‍ ഈ ദിവസങ്ങളില്‍ മഴ പതിവുള്ളതുമാണ്.
ഈ സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കൂടിക്കാഴ്ച ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോറിലായേക്കും. ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാകിസ്ഥാനും നേപ്പാളും ആണുള്ളത്. ഇന്നത്തെ മത്സരം നടക്കാതെ പോയാല്‍ നേപ്പാളിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്ക് സൂപ്പര്‍ ഫോറിലേക്ക് മുന്നേറാനാകും. ഗ്രൂപ്പ് ബിയില്‍ നിന്നും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ കൂടി സൂപ്പര്‍ ഫോറിലെത്തി റൗണ്ട് റോബിന് സംവിധാനത്തില്‍ തമ്മില്‍ തമ്മില്‍ ഏറ്റുമുട്ടും. അങ്ങനെ വരുമ്പോള്‍ ഇന്നത്തെ മത്സരം നടന്നാലും നടന്നില്ലേലും സൂപ്പര്‍ ഫോറില്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടുമെന്ന കാര്യം ഉറപ്പാണ്.
ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പ് ക്രിക്കറ്റിലാണ് ഇന്ത്യയും പാകിസ്ഥാനും ഇതിന് മുമ്പ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യയാണ് ജയിച്ചത്. അതിന് ശേഷം നാല് വര്‍ഷത്തെ ഇടവേളയില്‍ ട്വന്റി20യില്‍ നാല് തവണ ഇരുവരും നേര്‍ക്കുനേര്‍ പോരാടി. രണ്ട് വീതം ട്വന്റി20 ഏഷ്യാകപ്പിലും രണ്ട് വീതം ട്വന്റി20 ലോകകപ്പിലും.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഴ് മാസം നീണ്ട ഇടവേളയ്ക്ക് ശേഷം മുഴുവന്‍ സംഘമായി ഇറങ്ങാനിരിക്കുന്ന മത്സരമായിരുന്നു ഇന്നത്തേത്. ജസ്പ്രീത് സിങ് ബുംറയും ശ്രേയസ് അയ്യരും പരിക്കില്‍ നിന്നും മോചിതരായി തിരികെയെത്തിയ ആദ്യ മത്സരമായിരുന്നു. ഇടയ്ക്ക് ചില കളികള്‍ വന്നെങ്കിലും സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശര്മ്മയ്ക്കുമെല്ലാം വിശ്രമം നല്‍കിയിരുന്നു. കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നത് ശരിയായാല്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീം സമ്പൂര്‍ണമായി മൈതാനത്തിറങ്ങുന്ന കാഴ്ചയ്ക്കുവേണ്ടിയും നേപ്പാൡനെതിരായ കളിവരെ കാത്തിരിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: