ഭാസവിലാസസംവാദം
വസ്ഷ്ഠമഹര്‍ഷി തുടര്‍ന്നു, രാമ! സരസിജവിലോചന! നീ ഇനിയും ആനന്ദത്തോടെ കേട്ടാലും. പ്രശസ്തനായ പുരുഷമണി സുരഘുനാഥനും പുണ്യവാനായ പര്‍ണാദഭൂപനും അകതളിരില്‍ വളറെ സന്തോഷമാര്‍ന്ന് ഈവിധം പറഞ്ഞ് പരസ്പരം പ്രപൂജിതന്മാരായിത്തീര്‍ന്ന്, ആ നരവരര്‍ അവര്‍ക്കെഴുന്ന വേലയില്‍ താല്പര്യമാര്‍ന്ന് ഗമിച്ചു. ഏപ്പോഴും ഉള്ളില്‍ ആദ്ധ്യാത്മശാസ്ത്രമോര്‍ത്ത് അന്തര്‍മുഖനായി സുഖിയായി സ്വരൂപത്തെ ഒരുപൊഴുതും ഒരുവിധവും ഇടവിടാതെകണ്ടോര്‍ത്ത് വാഴുന്നവന്ന് ദുഃഖം ഇല്ലെന്നു നിശ്ചയം. ഉള്ളില്‍ വിഷയങ്ങളാകുന്ന പുല്‍ക്കൂട്ടത്തില്‍ ഔല്‍സുക്യമാര്‍ന്ന്, ആശാപാശബദ്ധനായി പെരുകിയ ദുഃഖഭാരം ചുമന്ന് മോഹപല്വലത്തില്‍ കിടക്കുന്നവനായും മക്ഷികകളാല്‍ കഠിനമായി കടിക്കപ്പെട്ടവനും തൃഷ്ണയാകുന്ന കയറിനാല്‍ ആകൃഷ്ടനായും ഭവവിപിനസഞ്ചാരിയായും കുത്സിതകര്‍മ്മമാകുന്ന ചേറണിഞ്ഞും, നല്ലവണ്ണം അഴകാര്‍ന്ന ശീതളച്ഛായ കിട്ടാതലഞ്ഞും ദാഹംമുഴുത്തും സദാമരുവുന്ന ജീവനായിടുന്ന കാളയെ ഭവപല്വലത്തിങ്കല്‍ (ഭവമാകുന്ന ചെറുകുഴി)നിന്നു നന്നായി പകലിരവ,് നന്നായി പണിപ്പെട്ടു നീ പത്മപത്രാക്ഷ! പിടിച്ചു കേറ്റീടണം.
കടലുകടക്കാന്‍ കര്‍ണാധാരങ്കല്‍നിന്ന് കപ്പല്‍കിട്ടീടും എന്നോര്‍ത്തീടുക. അതുപോലെ ഭവജലനിധികടക്കുവാന്‍ യുക്തി സത്സംഗത്തില്‍നിന്നുദിക്കും മഹാമതേ! നൃപവരാത്മജ! ഇതുകരുതുക, ഏതു പര്‍വതത്തിങ്കലും ഏതു ദേശത്തിലും നല്ല ഫലനിരയും അതിശീതളച്ഛായയും ചേരും മരം, സജ്ജനമെന്നതില്ലെങ്കില്‍ അല്പമായ അറിവ് ഉള്ളിലുള്ള പൂരുഷന് എന്നും വസിക്കെന്നതില്ലെന്നും നീ ധരിക്കുക. ഭവജലധിയില്‍ മുഴുകി വലയുന്ന ആത്മാവിനെ പാരാതെ പിടിച്ചു കേറ്റീടുവാന്‍ സ്വജനം, ധാരാളം പണം, ഇഷ്ടനും ശാസ്ത്രവും മറ്റൊന്നും സഹായ്യമല്പവും ചെയ്യുകയില്ലായെന്നതുറപ്പാണ്. എല്ലായ്പ്പോഴും വിമലസഹവാസിയാകുന്ന മനസ്സായ മിത്രത്തോടുചേര്‍ന്നു ചിന്തിക്കുകില്‍ അഖിലമായ അഴലുകളും ചപലമോടെ ഓടീടും. ആത്മാവ് സമുദ്ധൃതമായി വരുമെന്നും ഓര്‍ത്തീടുക. ശരീരം വിറകിനും കല്ലിനും തുല്യമാണെന്ന് കണ്ടീടുകില്‍ ആത്മാവ് നല്ലരീതിയില്‍ പ്രകാശിക്കും. പൂര്‍ണനായ അര്‍ണവപ്രഖ്യനാ(അര്‍ണസദൃശന്‍)യവന് വാക്കിനു ഗോചരനായി വരില്ലെന്ന് അമല! നീ വേണ്ടുവോളം അറിയുക. ഒന്നിനോടും തുല്യനുമല്ല രാഘവ! മനവും അഹങ്കാരവും നാശമാവുകയാണെങ്കില്‍ സര്‍വഭാവാന്തരസംസ്ഥനായി, വേണ്ടത്ര ഉത്തമാനന്ദയായി, പാരമേശ്വരിയായിട്ട് ഉദിച്ചുകൊണ്ടീടുന്ന ശരീരം കേവലം ചിത്പ്രകാശകലിതയായി, സ്ഥിരതയാര്‍ന്നതായി, തുര്യയായീടുന്ന ദൃഷ്ടിയോട് ഒത്തതായീടുന്നു. അറിക ദശരഥസൂനോ! ആകാശത്തിലെ പ്രകാശം പോലെ എവിടെയും വിസ്തൃതയായി, ആകാശം മുഴുവനും നിറഞ്ഞതായി വിലസീടുന്ന അവസ്ഥയോര്‍ത്താല്‍ അത് സുഷുപ്തിയോട് ഒക്കുമെന്ന് നീ ഏതാണ്ടറിയുക. അത് വിമലയോഗ സംസിദ്ധയായി, ഏതാണ്ട് നല്ല സുഷുപ്തികണക്ക് മനതളിരില്‍ അനുഭവിക്കപ്പെടുന്നതാണ്, അല്ലാതെ വാക്കിന് അത് എന്നും എത്തുകയില്ല. സര്‍വവും അന്തമില്ലാതെയുള്ള ആത്മതത്ത്വംതന്നെ എന്നറിയുക. പെരുകിയ വാസനാവൈഭവംകൊണ്ട് ഗാഢവിചിത്രവികാരമാകുന്ന മാനസം ശ്രേഷ്ഠമായ സമാധിയാല്‍ നന്നായി ശമിച്ചുകൊണ്ടീടില്‍ അന്തഃസ്ഥിതന്‍ ദേവദേവന് പുറമേ ചരാചരാത്മാവായവന്‍ സ്വയം പ്രകാശിച്ചുകൊള്ളുന്നു. വിഷയവാസനാനാശമാം ആത്മാവ് പിന്നെ നന്നായി പ്രകാശിക്കുമെന്നും ഇതോടൊപ്പം അറിയുക. അനന്തരം സമതാവശാല്‍ സംഭവിക്കുന്ന സ്വരൂപൈകനിഷ്ഠതാ, മലം മുഴുവനും അകലെക്കളഞ്ഞ ചേതസ്സിനാല്‍ മാലിന്യമാര്‍ന്ന മനസ്സിനെ ഛേദിച്ചു ആത്മാനത്തെ കണ്ടതില്ലെങ്കില്‍ ഈ പാരിച്ച ദുഃഖം നിശ്ചയമായും നശിക്കുകയില്ല. മനസ്സിനെ ഛേദിച്ചുവെങ്കില്‍ സുഖിയായി ഭവിച്ചുവെന്നതില്‍ അല്പവും സംശയം വേണ്ട.
സരസമായ ഇതിഹാസം, മനോഹരമായ ഭാസവിലാസസംവാദം ഞാനിപ്പോള്‍ പറയാം, നീ കേട്ടുകൊള്ളുക. സകലഭുവനങ്ങളിലും പ്രസിദ്ധമായ സഹ്യാദ്രിയുടെ വടക്കുഭാഗത്തായി അഴക് അധികമായി ഒഴുകിവിലസുന്ന കത്രിയുടെ ഒരു സിദ്ധാശ്രമമുണ്ട്. ആകാശത്ത് അസ്സുരഗുരുനാഥനും(ശുക്രന്) ഗീഷ്പതിയും(ബൃഹസ്പതി) വിളങ്ങുന്നതുപോലെ അവിടെ അതിമഹിമയുള്ള മുനിനായകന്മാരായ ദമ്പതികള്‍ രണ്ടുപേരുണ്ടായിരുന്നു. അതിസുഖത്തോടെ എപ്പോഴും വാണിരുന്ന അവര്‍ക്ക് രണ്ടു പുത്രന്മാരുണ്ടായി. അവരിലൊരുത്തന്റെ പേര് വിലാസനെന്നും മറ്റേവന്റെ പേര് ഭാസനെന്നുമായിരുന്നു. അവര്‍ നല്ല രീതിയില്‍ വളര്‍ന്നുവന്നു. ക്രമത്തില്‍ അവര്‍ സുസ്നിഗ്ധരായിരുന്നു (പരസ്പരം അമിതമായ സ്നേഹം പ്രകടിപ്പിച്ചവര്‍). ഉള്ളിലുണ്ടായ അതിയായ പ്രണയം നിമിത്തം അവര്‍ ഭാര്യയും ഭര്‍ത്താവുമെന്നതുപോലെയായിരുന്നു. അവരുടെ ഹൃദയം നോക്കിയാല്‍ ഒന്നു രണ്ടായി പിരിഞ്ഞതുപോലെയായിരുന്നു. അമിതമായ ഗുണഗണങ്ങള്‍ ചെര്‍ന്ന അവരുടെ മാതാപിതാക്കളായ ആ താപസ്സന്മാര്‍ മരിച്ചുപോയി. മക്കള്‍ വേണ്ട ശേഷക്രിയകളെല്ലാം ചെയ്ത് ദുഃഖത്തോടെ വാണു. അവര്‍ കാട്ടില്‍ വെവ്വേറെ കാലംകഴിച്ചുതുടങ്ങി. അതികഠിന നിയമങ്ങളെക്കൊണ്ട് അവരുടെ ശരീരം ശോഷിച്ച് അനാസ്ഥയെ പ്രാപിച്ചു. കലുഷമകന്നവരായ അവര്‍ ഈവണ്ണം വളരെക്കാലം കഴിഞ്ഞിട്ട് ഒരിക്കല്‍ തങ്ങളില്‍ കണ്ടു. വളരെ സന്തോഷത്തോടെ ഭാസന് വിലാസനോട് ഈവണ്ണം പറഞ്ഞു, ‘സകലഗുണഗണനിലയ! ജീവിതപാദപസല്‍ഫലമേ! ഹൃദയാശ്വാസാമൃതാംബുധേ! ഭുവനതലത്തില്‍ മഹാബന്ധുവായുള്ള ഭാസ! നിനക്ക് സ്വാഗതം. ഇതുവരെയും ഭവാന് എവിടെ താമസിച്ചു? കണ്ടിട്ടു കാലം വളരെയായില്ലയോ? അങ്ങുന്നു ചെയ്യുന്ന തപം സഫലമായിവന്നിതോ? നിന്റെ വിദ്യ ഫലിച്ചോ? ദോഷജ്ഞമൗലേ! ഭവാന് ആത്മവാനായിതോ? നിന്റെ വിദ്യ നല്ലവണ്ണം ഫലിച്ചോ? ഭവാന് സുഖിമാനാണോ?’ ഭാസന് വിലാസന്റെ ചോദ്യങ്ങളീവിധം കേട്ടിട്ടു പറഞ്ഞു, ‘സന്മതേ! സ്വാഗതം. ഭാഗ്യംകൊണ്ട് ഇപ്പോള്‍ ഞാന്‍ ഭവാനെക്കണ്ടു. ഭവമാകുന്ന സമുദ്രത്തില്‍ ആകെ മുങ്ങി ദുഃഖിക്കുന്ന നമുക്ക് എങ്ങനെയാണു കുശലം ഭവിക്കുന്നത്?
ഉള്ളില്‍ നല്ലവണ്ണം അറിഞ്ഞുകൊള്ളേണ്ടുന്നതായുള്ളതിനെ അറിയാതെയും, മനം നശിച്ചുപോകാതെയും, സംസാരമാകുന്ന സമുദ്രത്തില്‍നിന്നു കേറാതെയും ഭൂമിയില്‍ താമസിക്കുന്നവര്‍ക്കൊക്കെ മാന്യമൗലേ! കുശലംഭവിക്കുന്നതെങ്ങനെ? ചുവടേ അരിവാളുകൊണ്ടു മുറിച്ചുവിട്ടിട്ടുള്ള പടര്‍ന്ന വള്ളികണക്ക് അകതളിരില്‍ അധികമായി വളര്‍ന്നിട്ടുള്ള ആശകളെല്ലാം നശിച്ചുപോകുംവരെ അല്പമെങ്കിലും കൂടുന്നതോര്‍ത്തീടില്‍ നമുക്ക് കുശലം എങ്ങനെയാണ്? അധികമായ ശുഭം ഉളവാക്കുന്നതായ ശാസ്ത്രങ്ങള്‍ വായിച്ചറിഞ്ഞുവരുവോളവും ഉള്ളില്‍ സമത അധികമായി ഉണ്ടാകുവോളവും സാക്ഷാല്‍ പ്രബോധം പ്രകാശിക്കുവോളവും നമ്മള്‍ക്ക് കുശലമതു അല്പമെന്നാകിലും കൂടുന്നതെങ്ങനെ? ഉള്ളില്‍ ഇതു നിനയ്ക്കുക, ആത്മജ്ഞാനമാകും മഹൗഷധിയില്ലാതിരിക്കുകില്‍ വേണ്ട ദുഃഖം തരുന്ന സംസൃതി(ലോകം)യാകുന്ന വിഷൂചിക ഉണ്ടായിവരുന്നു. എപ്പോഴും വിവിധമായ സുഖദുഃഖങ്ങള്‍ കൈക്കൊണ്ട് വാര്‍ദ്ധക്യം മരണം എന്നീ തടങ്ങളില്‍ മുങ്ങി ജഗത്തിന്റെ ഉദയഗിരിയില്‍ നരന്മാര്‍ പരിഭ്രമിച്ച് നല്ല കരിയിലപോലെ പെട്ടെന്ന് ജര്‍ജ്ജരത്വത്തെ പ്രാപിച്ചുകൊള്ളുന്നു.’ വസിഷ്ഠമഹര്‍ഷി പറഞ്ഞു, ‘അന്യോന്യം ഇപ്രകാരം കുശലപ്രശ്നം ചെയ്ത് ധന്യരായീടുന്ന ആ താപസ്സസകുമാരന്മാര്‍ കാലംകൊണ്ട് അമലമായ ബോധമാര്‍ന്ന് കൈവല്യം പ്രാപിച്ചു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: