തിരുവോണ സൂര്യനായി കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നടന് ജയസൂര്യയുടെ പിറന്നാള്‍ ദിനമായിരുന്നു കഴിഞ്ഞ ദിവസം. തന്റെ ആരാധകര്‍ക്ക് നന്ദി അറിയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
” ഫോണ്‍ കോളിലൂടെയും മെസേജിലൂടെയും തന്ന സ്നേഹത്തിന് നന്ദി. എന്റെ മനസ് നിറഞ്ഞിരിക്കുകയാണ്. സിനിമ എന്ന കലയിലൂടെ കൂടുതല്‍ സ്നേഹവും നിങ്ങളിലേയ്ക്ക് പകരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ യാത്രയില്‍ ഒപ്പം നില്‍ക്കുന്നതിന് നന്ദി.’ ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.
ഓണനാളുകള്‍ മുതല്‍ ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ വീരനായകനായി നിറഞ്ഞു നില്‍ക്കുകയാണ്. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവതരിപ്പിച്ചതിന് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും. പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു ജയസൂര്യ. ഇതില്‍ കേരളത്തിലെ കര്‍ഷകരുടെ മാത്രമല്ല അരിയാഹാരം കഴിക്കുന്നവരുടെ മുഴുവന്‍ പിന്തുണയും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.
ജോയ്മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ച വരികള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതും ശ്രദ്ധേയമായി.
‘അധികാരികളുടെ പുറംചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടതെന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്ന ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യന്‍’ എന്നാണ് ജോയ് മാത്യു കുറിച്ചത്.
ഹരിഷ് പേരടിയെ പോലുള്ളവരും പിന്തുണയുമായി ജയസൂര്യക്കൊപ്പമെത്തിയെങ്കിലും ഇടതു സൈബര്‍ ഇടങ്ങളില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പാണുണ്ടായത്. ഇടതു അനുകൂലിയായ സംവിധായകന് എം എ നിഷാദ് ‘പേട്ട ജയന്’ എന്ന് ഫേസ്ബുക്കില്‍ കുറിച്ച് അധിക്ഷേപിച്ചു. സംവിധായകന് ഒമര്‍ ലുലു തീയും ഇമോജികളും പങ്ക് വെച്ച് പിന്തുണ നല്‍കിയിരുന്നു.
അതേസമയം കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവത്തില്‍ ജയസൂര്യ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ അവതരിപ്പിച്ച് കേരളക്കരയാകെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.
പുതുതലമുറയ്ക്ക് ഉടുപ്പില്‍ ചെളി പുരളുന്നതിന് താത്പര്യമില്ലെന്ന മന്ത്രി പ്രസാദിന്റെ ആക്ഷേപത്തിന് പ്രതികരണമായി, തിരുവോണത്തിന് പട്ടിണികിടക്കുന്ന മാതാപിതാക്കളെ കണ്ടാല്‍ എങ്ങനെയാണ് പുതുതലമുറ കൃഷിയിലേക്ക് വരിക എന്ന് നടന് ചോദിച്ചു.
‘കൃഷിക്കാരുടെ സഹായം നമുക്ക് ദിവസവും മൂന്നുനേരം വേണം. അവരുടെ സഹായമില്ലാതെ നമുക്ക് ഒരുദിവസം പോലും കടന്നുപോകാന്‍ പറ്റില്ല. നടന് കൂടിയായ എന്റെ സുഹൃത്ത് കൃഷ്ണപ്രസാദ് നെല്ല് കൊടുത്ത് അഞ്ചാറുമാസം കഴിഞ്ഞിട്ടും സപ്ളൈകോയില്‍ നിന്ന് വില കിട്ടിയിട്ടില്ല. തിരുവോണദിവസം അവര്‍ ഉപവാസമിരിക്കുന്നു. നമ്മുടെ കൃഷിക്കാര്‍ തിരുവോണ ദിവസം പട്ടിണിയിരിക്കുകയാണ്.
ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം ആദ്യം വേണ്ടതുണ്ടെന്നും ജയസൂര്യ പറഞ്ഞു.
മുമ്പ് ഒരു സ്ഥലത്ത് പോയപ്പോള്‍ അവിടെ ഒന്നാം കിട അരി ഉണ്ടായിരുന്നു. എന്നാല്‍ അത് കേരളത്തില്‍ വില്‍ക്കുന്നില്ല. പുറത്ത് കൊടുക്കുകയാണ് എന്നു പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍ ഗുണനിലവാര പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ഇവിടെ ഇല്ല എന്നായിരുന്നു മറുപടി എന്നും ജയസൂര്യ പറഞ്ഞു. ഗുണനിലവാര പരിശോധന ഇല്ലാത്തതിനാല്‍ മൂന്നാം കിട അരി കഴിക്കേണ്ട സ്ഥിതിയിലാണ് കേരളീയരെന്നും നടന് പറഞ്ഞു. വിഷം അടങ്ങിയ പച്ചക്കറികള്‍ കഴിക്കേണ്ട ഗതികേടിലാണ് നമ്മള്.
ഓര്‍മ്മപ്പെടുത്താന്‍ മാത്രമാണ് ഇത് പറയുന്നതെന്നും തെറ്റിദ്ധരിക്കരുതെന്നും പ്രസംഗിക്കെ താരം മന്ത്രിമാരോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: