കൊല്ലം: ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം സപ്തംബര്‍ മൂന്നിന് വള്ളിക്കാവ് അമൃതപുരിയില്‍ നടക്കുന്ന സമ്മേളനത്തില്‍ സംബോധ് ഫൗണ്ടേഷന്‍ ആചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതിക്ക് സമര്‍പ്പിക്കും. മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യത്തിലായിരിക്കും പുരസ്‌കാരം സമര്‍പ്പണം
ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പുരസ്‌കാര സമ്മേളനം ഉദ്ഘാടനം ചെയ്യും..
ബാലസംസ്‌കാര കേന്ദ്രം രക്ഷാധികാരി കെ. കിട്ടു നായര്‍, ചെയര്‍മാന്‍ പി.കെ. വിജയരാഘവന്‍, വൈസ് ചെയര്‍മാന്‍ ഡി നാരായണ ശര്‍മ്മ, സെക്രട്ടറി എം.പി. സുബ്രഹ്മണ്യശര്‍മ്മ, ബാലഗോകുലം ഉപാധ്യക്ഷന്‍ കെ.പി. ബാബുരാജ്, പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍, മേഖല അധ്യക്ഷന്‍ ഗിരീഷ് ബാബു എന്‍.എസ്. തുടങ്ങിയവര്‍ സംസാരിക്കും. സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി രചിച്ച ‘വിചാരവീഥി’യുടെ പ്രകാശനം ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നകുമാറിനു നല്‍കി ഗോവാ ഗവര്‍ണര്‍ നിര്‍വഹിക്കും
ബാലഗോകുലത്തിന്റെ ഉപപ്രസ്ഥാനമായ ബാലസംസ്‌കാര കേന്ദ്രം ശ്രീകൃഷ്ണ സന്ദേശങ്ങള്‍ കര്‍മപഥത്തിലൂടെ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്ക് നല്കുന്ന ആദരമാണ് ജന്മാഷ്ടമി പുരസ്‌കാരം. 50,001 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സ്വാമി ചിന്മയാനന്ദന്റെ ശിഷ്യപരമ്പരയില്‍ പെട്ട സ്വാമി അധ്യാത്മാനന്ദ നേതൃത്വം നല്‍കുന്ന സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നൂതന പരിപാടികള്‍ സമാനതകളില്ലാത്തതാണ്.
ഗീതാജ്ഞാന യജ്ഞങ്ങളിലൂടെയും ഭാഗവത സപ്താഹങ്ങളിലൂടെയും ഉപനിഷത്ത് പ്രഭാഷണങ്ങളിലൂടെയും ആത്മീയവും ലൗകികവും സമന്വയിപ്പിച്ച് സ്വാമിജി അന്വേഷകരെ ശാക്തീകരിക്കുന്നു. വാല്‍മീകി രാമായണത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളും ലോകമെമ്പാടുമുള്ള ശ്രോതാക്കളുടെ പ്രശംസ പിടിച്ചുപറ്റി.
ഇരുപത്തിയേഴാമത് ജന്മാഷ്ടമി പുരസ്‌കാരമാണ് ഇത്തവണത്തേത്. മാതാ അമൃതാനന്ദമയീദേവി, മഹാകവി അക്കിത്തം, സുഗത കുമാരി, യൂസഫലി കേച്ചേരി, കെ ബി ശ്രീദേവി, പി ലീല, മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി, സ്വാമി ചിദാനന്ദപുരി, സ്വാമി പരമേശ്വരാനന്ദ, ആര്‍ട്ടിസ്റ്റ് കെ കെ വാര്യര്‍, തുളസി കോട്ടുങ്കല്‍, അമ്പലപ്പുഴ ഗോപകുമാര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, എസ്. രമേശന്‍ നായര്‍, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പി.പരമേശ്വരന്‍, മധുസൂദനന്‍ നായര്‍, കെ.എസ്. ചിത്ര, കെ ജി ജയന്‍, പി നാരായണകുറുപ്പ്, സുവര്‍ണ്ണ നാലപ്പാട്, ശ്രീകുമാരന്‍ തമ്പി, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കലാമണ്ഡലം ഗോപി,ജി വേണുഗോപാല്‍, തുടങ്ങിയവര്‍ മുന്‍ വര്‍ഷങ്ങളില്‍ ജന്മാഷ്ടമി പുരസ്‌ക്കാരം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: