ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബര്‍ഗില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ബ്രിക്‌സ് സമ്മേളനത്തിന് സമാപനമായി. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക(ബ്രിക്‌സ്) എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് 2009ല്‍ രൂപം നല്‍കിയ കൂട്ടായ്മയുടെ അംഗ സംഖ്യ ഉയര്‍ത്തുന്നുവെന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രധാന സവിശേഷിത. ഭൂമിയുടെ ദക്ഷിണ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വികസ്വര രാജ്യങ്ങളുടെ ഈ കൂട്ടായ്മ ലോക രാഷ്‌ട്രീയ സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്ന പാശ്ചാത്യ വ്യവസ്ഥയില്‍ മാറ്റം വരുത്തുവാന്‍ ആഗ്രഹിക്കുന്നു. ഇന്ന് ലോകത്ത് അതിവേഗം വളരുകയും ഭാവിയില്‍ ലോക ശക്തികളാകുവാന്‍ സാധ്യതയുള്ള രാജ്യങ്ങളാണ് ഇതിലെ അംഗരാജ്യങ്ങള്‍. അതുകൊണ്ടുതന്നെ അവര്‍ ഒന്നിച്ചുള്ള ഈ കൂട്ടായ്മയുടെ ശക്തിയും ചെറുതല്ല. അര്‍ജന്റീന, എത്യോപ്യ, ഇറാന്‍, സൗദി അറേബ്യ, ഇജിപ്ത്, യുഎഇ തുടങ്ങിയ പുതിയ അംഗങ്ങള്‍ കൂടി ചേരുമ്പോള്‍ ലോകത്തിന്റെ പകുതിയോളം ജനസംഖ്യ ഉടന്‍ ബ്രിക്‌സിന്റെ ഭാഗമായി മാറും. ലോക ജിഡിപിയുടെ നാലിലൊന്ന് സമ്പത്ത് വ്യവസ്ഥയുള്ള ഈ രാജ്യങ്ങള്‍ വലിയൊരു കമ്പോളം കൂടിയാണ്. അതുകൊണ്ടാണ് പാശ്ചാത്യ രാജ്യങ്ങള്‍ ഉള്‍പ്പടെ നാല്‍പതോളം രാജ്യങ്ങള്‍ ബ്രിക്‌സിന്റെ അംഗത്വമെടുക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചത്. ‘ക്ഷണിച്ചിരുന്നുവെങ്കില്‍ ഞാനും പങ്കെടുക്കുമായിരുന്നു’ വെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനുവേല്‍ മാക്രോണ്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ പാശ്ചാത്യ വികസിത രാജ്യങ്ങള്‍ ഒന്നും തന്നെ കൂട്ടായ്മയിലില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
പാശ്ചാത്യ രാജ്യങ്ങളുടെ ആഭാവത്തിലും ആഗോള രാഷ്‌ട്രീയത്തിന്റെ അലയൊലികള്‍ ബ്രിക്‌സിനെയും ബാധിക്കുന്നുണ്ടെ്ന്നുവേണം കരുതുവാന്‍. ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഏകാധിപത്യ രാജ്യങ്ങളായ റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി. ഒപ്പം 2014ല്‍ ഉക്രൈനിലെ ക്രിമിയ പിടിച്ചെടുത്തതിന്റെ ഭാഗമായി റഷ്യയെ ജി8 കൂട്ടായ്മയില്‍ നിന്ന് പാശ്ചാത്യ രാജ്യങ്ങള്‍ നേരത്തെ തന്നെ പുറത്താക്കിയിരുന്നു. മാത്രമല്ല ചൈനയും അമേരിക്കയും തമ്മിലും, ചൈനയും ഇന്ത്യയും തമ്മിലും മികച്ച ബന്ധമല്ല നിലനില്‍ക്കുന്നത്.
എന്നാല്‍ നിലവിലുള്ള അംഗങ്ങളില്‍ ഇന്ത്യയും, ദക്ഷിണാഫ്രിക്കയും, ബ്രസീലും അമേരിക്കയുമായി മികച്ച ബന്ധവുമുണ്ട്. അതുകൊണ്ടു തന്നെ റഷ്യയും ചൈനയും പാശ്ചാത്യ വികസിത രാജ്യങ്ങളുടെ നിലവിലെ കൂട്ടായ്മായ ജി 7ന് ബദലായി ബ്രിക്‌സിനെ വളര്‍ത്തുവാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അംഗത്വ വിപുലീകരണത്തിന് ഇരുരാജ്യങ്ങളും പ്രത്യേക ശ്രദ്ധ നല്‍കിയത്. കൂടാതെ 2009ല്‍ ബ്രസീലും, റഷ്യയും, ഇന്ത്യയും, ചൈനയും ചേര്‍ന്ന് ബ്രിക്‌സിന് രൂപം നല്‍കിയതും ഒരു പശ്ചാത്യ ബദല്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്ക് മാത്രമാണ് അംഗത്വം നല്‍കിയതും തുടര്‍ന്ന് ബ്രിക്‌സ് ആയി മാറിയതും.
അതുകൊണ്ടുതന്നെ ബ്രിക്‌സിന്റെ അടിസ്ഥാന ആശയം പാശ്ചാത്യ ബദലെന്ന സങ്കല്പമാണ്. അതിനാല്‍ മാറിയ ലോക സാഹചര്യത്തില്‍ കൂട്ടായ്മ കൂടുതല്‍ രാഷ്‌ട്രീയവല്‍ക്കരണത്തിന് വിധേയമാകുമോയെന്നാണ് പ്രധാന സംശയം. കാരണം പുതിയ അംഗരാജ്യങ്ങളിലും ഈ രാഷ്‌ട്രീയം ശക്തമായി നിലനില്‍ക്കുന്നു. ഉദാഹരണത്തിന്, ഇറാന്‍, റഷ്യ-ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും അമേരിക്കയുടെ കണ്ണിലെ കരടുമാണ്. സൗദി പരമ്പരാഗതമായി അമേരിക്കന്‍ സഖ്യകക്ഷിയാണ്. സൗദിയും ഇറാനും ബദ്ധ ശത്രുക്കളുമാണ്. ഇജിപ്റ്റും എത്യോപ്യയും അമേരിക്കയുമായി സൗഹൃദ ബന്ധം പുലര്‍ത്തുന്നു. ഇതില്‍ ചൈനയൊഴികെ ബാക്കി എല്ലാ രാജ്യങ്ങളുമായും ഭാരതം സൗഹൃദ ബന്ധം സൂക്ഷിക്കുന്നു. എന്നാല്‍ ചൈനയും റഷ്യയും ബ്രിക്‌സിനെ ഒരു പശ്ചാത്യ വിരുദ്ധ കൂട്ടായ്മയാക്കുവാന്‍ ശ്രമിച്ചാല്‍ ഭാരതത്തിന്റെ പിന്തുണ അതിന് ലഭിക്കില്ല എന്നുറപ്പാണ്. ബ്രിക്‌സിന്റെ തീരുമാനങ്ങള്‍ ഐകകണ്‌ഠ്യേനെ ആയിരിക്കണമെന്നാണ് നിയമം. അതിനാല്‍ ചൈനയുടെയും റഷ്യയുടെയും അജണ്ടകള്‍ ഭാരതത്തിന്റെ സാന്നിധ്യത്തില്‍ മുഴുവനായും നടത്തിയെടുക്കുക സാധ്യമല്ല. കൂടാതെ ഭാരതവും ചൈനയും തമ്മിലുള്ള ബന്ധവും മെച്ചപ്പെട്ടതല്ല. അതിനാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വിഷയത്തില്‍ റഷ്യ കൂടുതല്‍ ചൈനീസ് പക്ഷ തീരുമാനങ്ങള്‍ എടുക്കുന്നത് തടയിടാന്‍ കൂട്ടായ്മയുടെ രാഷ്‌ട്രീയം ഉപയോഗപ്പെടുത്തുന്നതിലൂടെ ഭാരതത്തിന് സാധിക്കും.
ലോകത്തിന്റെ മാറ്റമനുസരിച്ചു പുതിയ അംഗങ്ങളെ ഉള്‍ക്കൊള്ളണമെന്ന നിലപാടാണ് ഭാരതത്തിനുള്ളത്. ഐക്യരാഷ്‌ട്ര സഭയിലടക്കം ഈ നിലപാടാണ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ ബ്രിക്‌സ് വിപുലപ്പെടുത്തണമെന്ന നയമായിരുന്നു ഭാരതത്തിന്റേതും. എന്നാല്‍ ചൈനയുടെ സഹായത്തോടെ പാകിസ്ഥാനെ ഉള്‍പ്പെടുത്താനുള്ള നീക്കത്തിന് തടയിടാന്‍ സാധിച്ചുവെന്നത് ഭാരതത്തിന്റെ നയതന്ത്ര നേട്ടമാണ്. പുതിയ രാജ്യങ്ങളാവട്ടെ ഭാരതവുമായി മികച്ച ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ്. അതുകൊണ്ടു തന്നെ നമ്മുടെ താല്പര്യങ്ങള്‍ക്ക് ഇത് വളരെ ഗുണകരമാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്ന് എണ്ണ ഉല്‍പ്പാദകരായ സൗദിഅറേബ്യ, യുഎഇ, ഇറാന്‍ എന്നീ പുതിയ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടും. അടുത്ത 25 വര്‍ഷം ഭാരതത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. അമൃത കാലമെന്നാണ് നാം അതിനെ വിശേഷിപ്പിക്കുന്നത്. ഭാരതത്തിന്റെ ഈ സാമ്പത്തിക വളര്‍ച്ചയില്‍ ഊര്‍ജത്തിന്റെ ആവശ്യകത പ്രത്യേകം പറയേണ്ടതില്ല. ഊര്‍ജ ഇറക്കുമതി കുറച്ചു രാജ്യങ്ങളില്‍ മാത്രമായി ഒതുക്കാതെ വൈവിധ്യവല്‍ക്കരിക്കുന്ന നയമാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. ഒപ്പം സാമ്പത്തിക വളര്‍ച്ചയും പരിസ്ഥിതി സംരക്ഷണവും സന്തുലിതമായി കൈകാര്യം ചെയ്യുന്നതിനായി പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളും പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഊര്‍ജ മേഖലയില്‍ ഈ രാജ്യങ്ങളുമായി പരമ്പരാഗതമായി മികച്ച ബന്ധം ഭാരതം പുലര്‍ത്തുന്നുണ്ട്. ഇതില്‍ യുഎഇ, സൗദി എന്നീ രാജ്യങ്ങളുമായി പുതുതായി പാരമ്പര്യേതര ഊര്‍ജ മേഖലയില്‍ ബന്ധം ശക്തിപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇരു രാജ്യങ്ങളും ഈ മേഖലയില്‍ ഭാരതത്തില്‍ നിരവധി നിക്ഷേപങ്ങള്‍ നടത്തുവാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഒപ്പം ആഫ്രിക്കയിലും സ്വാധീനം ഉറപ്പിക്കാന്‍ എത്യോപ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം സഹായിക്കും.
അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയുടെ വാറന്റ് പ്രകാരമുള്ള അറസ്റ്റ് ഭയന്ന് റഷ്യന്‍ പ്രസിഡന്റ്പുടിന്‍ സമ്മേളനത്തിനെത്തിയില്ല. മറ്റൊരു ശക്തിയായ ചൈനയുടെ പ്രസിഡന്റ് ഷി ജിങ് പിങ് ഉണ്ടായിരുന്നുവെങ്കിലും സമ്മേളനത്തിലെ ശ്രദ്ധാ കേന്ദ്രം ഭാരതവും മോദിയുമായിരുന്നു. മോദിയുടെ കീഴില്‍ ഭാരതം ലോകത്തിന്റെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യവും. വരും വര്‍ഷങ്ങളില്‍ 5 ട്രില്യന്‍ ജിഡിപിയുമായി ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ലോകം തന്നെ അംഗീകരിച്ചു. സമ്മേളനത്തിടെയാണ് ചന്ദ്രയാന്‍-3 ദൗത്യം വിജയിച്ചതും ഒരു സ്‌പേസ് ശക്തിയായി ഭാരതം മാറിയെന്ന് ലോകത്തെ അറിയിച്ചതും. മാത്രമല്ല സെപ്തംബര്‍ 9, 10ന് ജി20 സമ്മേളനത്തിന്റെ ആതിഥേയത്വം വഹിക്കുവാന്‍ ദല്‍ഹി തയ്യാറെടുക്കുന്നു. അങ്ങനെ ആഗോള രംഗത്ത് വിവിധ തലങ്ങളില്‍ ഭാരതത്തിന്റെ സാന്നിധ്യം കൂടി വരുകയും ഒപ്പം ശക്തമായ സ്വാധീന ശക്തിയായി മാറുകയുമാണ്. ഭാരതത്തിന്റെ വളര്‍ച്ച ലോകത്തിന് ഗുണകരമാണെന്ന് പലതവണ തെളിയിച്ചിട്ടുള്ളതുമാണ്. അതുകൊണ്ട് തന്നെ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് അതൊരു പ്രതീക്ഷയാണ്. രാജ്യത്തിന്റെ ഈ വളര്‍ച്ചയുടെ പ്രതിഫലനം ബ്രിക്‌സിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
(ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: