ചെന്നൈ: തമിഴ്‌നാട്ടിലെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന്‍ ഡയറക്ടറേറ്റിന് ഓന്തിന്റെ സ്വഭാവമെന്ന രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. സംസ്ഥാനത്തെ ഭരണം മാറുന്നതിന് അനുസരിച്ച് അന്വേഷണ ഏജന്‍സി നിറം മാറുകയാണെന്നും കോടതി കുറ്റപ്പെടുത്തി. ഡിഎംകെ മന്ത്രിമാരുള്‍പ്പെട്ട കേസുകളില്‍ പുനഃപരിശോധനയ്‌ക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനെയും കോടതി വിമര്‍ശിച്ചു.
ഇത്തരം അട്ടിമറി ശ്രമങ്ങളുടെ തുടക്കമാണ് എഐഎഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒ. പനീര്‍ശെല്‍വത്തിന്റെ കേസില്‍ കണ്ടതെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ചൂണ്ടിക്കാട്ടി.
തമിഴ്‌നാട്ടിലെ എംപിമാരേയും എംഎല്‍എമാരേയും വെറുതേവിട്ട കേസുകളില്‍ പുനഃപരിശോധന സാധ്യത പരിഗണിക്കുന്നുണ്ട്. മന്ത്രിമാരെ കേസുകളില്‍ നിന്നൊഴിവാക്കാന്‍ വിജിലന്‍സിന് പ്രത്യേക പദ്ധതിയുണ്ട്. അവര്‍ക്ക് ഓന്തിന്റെ സ്വഭാവമാണ്. ഭരണം മാറുന്നതിന് അനുസരിച്ച് അവരുടെ നിറം മാറുന്നു. പ്രത്യേക കോടതികളെ ഉപയോഗിച്ചുള്ള അട്ടിമറി തുടങ്ങിയത് പനീര്‍ശെല്‍വത്തിന്റെ കേസിലാണ്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വ്യത്യസ്ഥ നിയമം അനുവദിക്കാനാകില്ല. ഇത് തൊലിപ്പുറത്തെ ചെറിയ കുരുവാണോ അതോ അര്‍ബുദമായി പടര്‍ന്നിട്ടുണ്ടോയെന്നത് കണ്ടെത്തും.
നീതിന്യായ വ്യവസ്ഥയെ പരാജയപ്പെടുത്തുന്നത് കണ്ണുംകെട്ടി നോക്കിയിരിക്കാനാകില്ല. എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട നിരവധി കേസുകളില്‍ പരാതി ലഭിക്കുന്നുണ്ട്. മന്ത്രിമാരെയും എംഎല്‍എമാരെയും വെറുതേവിട്ട എല്ലാകേസുകളും പരിശോധിക്കുകയാണ്, കോടതി വ്യക്തമാക്കി.
പനീര്‍ശെല്‍വത്തെ വെറുതെവിട്ട ഉത്തരവ് പുനഃപരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അറിയിച്ചിരുന്നു. അനധികൃത സ്വത്തു സമ്പാദന കേസിലായിരുന്നു സ്വമേധയാ റിവിഷന്‍ നടപടിക്കുള്ള കോടതിയുടെ നീക്കം. പനീര്‍ശെല്‍വത്തെ വെറുതെ വിട്ട 2012ലെ ശിവഗംഗ സിജെഎം കോടതി ഉത്തരവാണ് പുനഃപരിശോധിക്കുന്നത്.
വിജിലന്‍സിനും പനീര്‍ശെല്‍വത്തിനും അദ്ദേഹത്തിന്റെ ഭാര്യക്കും മകനും
സഹോദരനും കോടതി നോട്ടീസ് അയച്ചു. സപ്തംബര്‍ 27ന് മുന്‍പ് മറുപടി നല്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ഡിഎംകെ മന്ത്രിമാര്‍ ഉള്‍പ്പെട്ട മറ്റൊരു കേസില്‍ പുനഃപരിശോധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതിയുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: