ചില സംഭവങ്ങളിൽ ചിലപ്പോൾ അതിലുൾപ്പെട്ട മനുഷ്യർ പോലും തിരിച്ചറിയാത്ത തലങ്ങളിലുള്ള കാവ്യനീതികൾ കാലം തന്നെ കരുതി വയ്ക്കാറുണ്ട്.
അങ്ങനെയൊരു കാഴ്ചയുടെ കൗതുകാനുഭവമാണ് അരുൺ കുമാറിന്റെ കോഫി വിത്ത് പഴയിടം എനിക്ക് സമ്മാനിച്ചത്.
തിരുവോണം പ്രമാണിച്ചുള്ള പ്രത്യേക ടോക്ക് ഷോയ്ക്ക് പഴയിടം നമ്പൂതിരിയെ റിപ്പോർട്ടർ ചാനൽ ക്ഷണിക്കുമ്പോൾ അവരുടെ സ്റ്റുഡിയോയിലേക്ക് പോയി അതിൽ പങ്കെടുക്കുകയല്ല അദ്ദേഹം ചെയ്യുന്നത്, പകരം അവരോട് തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയാണ്.
അങ്ങനെ, ശുദ്ധി ബോധത്തിലൂന്നിയ ജാതി ചിന്ത സുരക്ഷിത വേജിറ്റേറിയൻ ഭക്ഷണത്തിന്റെ രൂപം ധരിക്കുന്ന സവർണ്ണന്റെ ദേഹണ്ഡപ്പുരയിലേക്ക് എല്ലാവരും എത്തുന്നതല്ല (കലോ)ഉത്സവത്തിന്റെ വിജയം എന്ന് പ്രഖ്യാപിച്ച അഭിനവ നവോത്ഥാന നായകനായ അരുൺകുമാർ തന്നെ മലയാളിയുടെ ഏറ്റവും വലിയ ഉത്സവമായ തിരുവോണ ദിവസം ശുദ്ധ വേജിറ്ററിയൻ രുചി തേടി അതേ സവർണ്ണ നമ്പൂതിരിയുടെ ദേഹണ്ഡപ്പുരയുടെ കോലായിലെത്തി വാതിൽ മുട്ടുകയാണ്.
അതിലെ ഐറണി നോക്കണം!
എന്നിട്ട് വാതിൽ തുറന്നു പുറത്തു വരുന്ന പഴയിടം നമ്പൂതിരിക്ക് ഉമ്മറപടിയ്ക്കൽ വെച്ച് തന്നെ അദ്ദേഹം റിപ്പോർട്ടർ ചാനലിന്റെ ഉപഹാരമായ സമ്മാനപ്പൊതി നൽകാൻ ശ്രമിക്കുമ്പോൾ പഴയിടം പറയുന്നത് ഇങ്ങനെ വരാന്തയിൽ നിന്ന് കൊണ്ട് എന്തായാലും വേണ്ട, അകത്തു കയറിയിട്ട് തന്നാൽ മതി എന്നാണ്.
ഫേസ്ബുക്കിൽ ആയിരുന്നെങ്കിൽ ഉമ്മറപടിയിൽ വെച്ച് ശുഭകാര്യങ്ങൾ പാടില്ലെന്ന അന്ധവിശ്വാസത്തെ കണക്കിന് പരിഹസിച്ച് വരാന്തയും അകത്തളവും തമ്മിൽ യുക്തിസഹമായി എന്ത് വ്യത്യാസമാണുള്ളത് എന്ന് ചോദിക്കുമായിരുന്ന പുരോഗമനവാദിയായ അരുൺകുമാർ പക്ഷെ അവിടെ അതൊന്നും ചോദിക്കാത്ത അനുസരണയുള്ള കുട്ടിയായി അകത്തു കയറി ഉപഹാരം സമ്മാനിക്കുകയാണ്.
അതിലെ തമാശയും ഓർക്കണം!
എന്നാൽ ഈ മൊത്തം അധ്യായത്തിലെ ഏറ്റവും രസകരമായ സംഭവമായി തോന്നിയത് ഒടുക്കം പഴയിടം നമ്പൂതിരി അരുൺ കുമാറിന് കഴിക്കാൻ കൊടുത്ത വിശേഷ ഓണ വിഭവം തന്നെയാണ്.
തൃക്കാരപ്പന് നേദിച്ച പൂവട ആയിരുന്നത്.
അവതാര വിഷ്ണുവായ വാമന മൂർത്തിയാണ് തൃക്കാരപ്പൻ.
തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ നിന്നാണ് ആ പേരുണ്ടാവുന്നത്.
മൂന്ന് കാലടി കൊണ്ട് പ്രപഞ്ചത്തെ അളന്ന ഈശ്വരന്റെ ‘തിരു കാൽ പതിഞ്ഞ കര’ തൃക്കാൽക്കര.
ആ തൃക്കാക്കരയപ്പനായ വാമന മൂർത്തിയെയാണ് കേരളത്തിലുടനീളം ഓണപൂക്കളത്തിന്റെ നടുക്കിരുത്തി അപ്പവും അടയും നേദിച്ച് പ്രസാദിപ്പിക്കുന്നത്.
തമിഴ്നാട്ടിൽ ആ ദേവതയ്ക്ക് പേര് ഉലഗളന്ത പെരുമാൾ എന്നാണ്.
‘ഉലകം അളന്ത പെരുമാൾ’ എന്നതിന്റെ ലോപമാണത്.
വടക്കോട്ട് പോയാൽ പേര് ‘ത്രിവിക്രമൻ’ എന്നാണ്.
മൂന്ന് കാലു കൊണ്ട് മൂന്ന് ലോകങ്ങളെയും ക്രമമായളന്നവൻ ത്രിവിക്രമൻ.
ആ ത്രിവിക്രമനായ ഉലകം അളന്ത പെരുമാളിന്റെ തിരുകാൽ പതിഞ്ഞ കരയുടെ അപ്പനായ വാമന മൂർത്തിയ്ക്ക് തിരുവോണ നാളിൽ നേദിച്ച പൂവട പ്രസാദമാണ് മലയാളിയുടെ ഓണത്തിലേക്ക് ബ്രാഹ്മണ്യത്തിന്റെ ബിംബമായ വാമനനെ കെട്ടിയെഴുന്നള്ളിക്കുന്ന സവർണ്ണ ഗൂഡാലോചനയ്ക്ക് എതിരെ ആഞ്ഞടിച്ചിരുന്ന ആൾക്ക് വിശേഷ ഓണ വിഭവമായി ഒരു ബ്രാഹ്മണനിൽ നിന്ന് തന്നെ സ്വീകരിക്കേണ്ടി വരുന്നത്.
“ശരിക്ക് പറഞ്ഞാൽ കണ്ണ് നിറയുന്നുണ്ട്” എന്നാണ് അരുൺ അത് വാങ്ങിയിട്ട് പഴയിടത്തോട് പറയുന്നത്.
നമ്പൂതിരി വെച്ച ശുദ്ധ വേജിറ്റേറിയൻ മാത്രം വിളമ്പാൻ കലോത്സവ സദ്യ “പ്രസാദമൂട്ടല്ല” എന്ന് വിമർശിച്ച ആള് തന്നെ അതേ നമ്പൂതിരിയുടെ ഇല്ല കോലായിൽ ഇരുന്ന് നിറഞ്ഞ കണ്ണുകളോടെ ‘അക്ഷരാർത്ഥത്തിൽ പ്രസാദമൂട്ട്’ ഉണ്ണുകയാണ്.
കല്പിതമായ ഏട്ടൻ അനിയൻ ബന്ധങ്ങളിലെ മൂപ്പിളമയുടെ രാഷ്ട്രീയവും ഹയറാർക്കിക്കൽ സ്ട്രക്ച്ചറും നന്നായി അറിയുന്ന പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ കൂടിയായ അരുൺ കുമാർ ഒടുക്കം പഴയിടത്തോട് “നിങ്ങളെന്റെ ജ്യേഷ്ഠനാണ്” എന്ന് കൂടി പ്രഖ്യാപിച്ചിട്ടാണ് അവിടെ നിന്ന് ഇറങ്ങുന്നത്.
കാലത്തിന്റെ ഹ്യൂമർ സെൻസ് കണ്ടോണം!
സംസാരിച്ചു തീർക്കാനാണ് താൻ പഴയിടത്തിന്റെ അടുത്തേക്ക് പോവുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് അരുൺ പരിപാടി തുടങ്ങുന്നത് തന്നെ.
പക്ഷെ സംസാരിച്ചു തീർക്കേണ്ടത് തോറ്റു നിൽക്കുന്നവന്റെ മാത്രം ആവശ്യമാണല്ലോ.
ജയസാധ്യതയുള്ള മത്സരം ആരും പറഞ്ഞൊതുക്കി തീർക്കാറില്ല.
താൻ തുടങ്ങി വെച്ച വിവാദത്തിൽ പബ്ലിക് സെന്റിമെൻസ് വലിയ അളവിൽ തനിക്കെതിരെയാണ് എന്ന് തിരിച്ചറിഞ്ഞ ഒരാളുടെ കൗശലപൂർണ്ണമായ ഡാമേജ് കൺട്രോൾ ആണ് ആ ഒത്തുതീർപ്പ്.
അതിനാൽ ഒരർത്ഥത്തിൽ, ഏതാണ്ട് അരക്കൊല്ലം മുൻപ് തുടങ്ങിയ “ശുദ്ധ വേജിറ്റേറിയൻ സംവാദ” മത്സരത്തിന്റെ ഫല പ്രഖ്യാപനമാണ് നമ്മൾ ഇന്നലെ പഴയിടം നമ്പൂതിരിയുടെ മുറ്റത്ത് കണ്ടത്.
അരുൺ കുമാറിന്റെ നിരുപാധികമായ അടിയറവായിരുന്നത്.
പഴയിടത്തിന്റെ മധുരമായ വിജയവും.
ആ വിജയത്തിന്റെ മധുരമാണ് അരുൺ കുമാറിന് അദ്ദേഹം വായിൽ വെച്ച് കൊടുത്ത തൃക്കാരപ്പന്റെ പൂവട.
കേവലം ഒരു വ്യക്തിയല്ല, സവർണ്ണ വിരുദ്ധതയിൽ മാത്രമൂന്നിയ കേരളത്തിന്റെ ആധുനിക വ്യാജ നവോത്ഥാനം തന്നെയാണ് ചമ്മി മൊട്ടയടിച്ചു പഴയിടത്തിന്റെ കോലായിൽ ഇരുന്ന് ജ്യേഷ്ഠാ വിളിയോടെ പൂവടയും തിന്ന് മടങ്ങിയത്.
അതാണതിലെ കാഴ്ച.
അതിന്റെ പേരാണ് കാവ്യനീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: