ദൈവമെ നിനയ്‌ക്ക നീയും ഞാനുമൊന്നുതന്നെയുന്നു
കൈവരുന്നതിന്നിതെന്നിയടിയനില്ല കാംക്ഷിതം ||
ശൈവമൊന്നൊഴിഞ്ഞു മറ്റുമുള്ളതൊക്കെയങ്ങുമിങ്ങു-
മായ് വലഞ്ഞുഴന്നിടുന്ന വഴിയതും നിനയ്‌ക്കിൽ നീ ||
ദൈവമേ ! നീയും ഞാനും ഒരു സത്യം തന്നെയാണ് എന്നുള്ളത് ഇപ്പോൾ തന്നെ സാക്ഷാത്കൃതമായി തീരണം എന്നതൊഴികെ അടിയന് മറ്റാഗ്രഹങ്ങളില്ല. ഇക്കാര്യം ഓർത്തുകൊള്ളേണമേ! എല്ലാം ശിവമയമാണ് എന്നുള്ള ജ്ഞാനം ഒന്നൊഴികെ മറ്റുള്ള എല്ലാ അറിവുകളും ഒരു ലക്ഷ്യത്തിലും എത്തിചേരാൻ ഇടയാവാതെ അങ്ങുമിങ്ങുമായി ഉഴന്നു വലയുവാൻ ഇടയാക്കുന്ന വഴികൾ മാത്രമാണ്. വാസ്തവമാലോചിച്ചാൽ അങ്ങിനെയുള്ള തെറ്റായ വഴികളായി ഭാവം പകർന്നിരിക്കുന്നതും നീതന്നെയാണല്ലോ!!
(സദാശിവദർശ്ശനം )
ഗുരുദേവൻ മുന്നോട്ട് വെച്ചത്. അദ്വൈത ദർശ്ശനമാണ്. അദ്വൈതത്തിൽ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു വ്യക്തി, വ്യാവഹാരിക മണ്ഡലത്തിലായാൽ പോലും ദ്വൈതപ്രകടനങ്ങളുടെ അതിദുഷ്ട ഫലങ്ങളെ നോക്കിയിരിക്കാതെ അവയുടെ ദൂരീകരണത്തിനായ് ശ്രമിക്കണം എന്നാതായിരുന്നു ഗുരുവിന്റെ വാക്കുകൾ. ദ്വൈതദോഷങ്ങൾ സാമൂഹികജീവിതത്തിലെ മായയെന്നും മിഥ്യയെന്നുമുള്ള മുൻകാല അഭിപ്രായങ്ങളെ അദ്ധേഹം തള്ളി.
19,20 നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ ജീവിച്ച അദ്വൈദികളായ സന്യാസി വര്യന്മാർ ഈ ദ്വൈതചിന്തയിൽനിന്നും ഉണ്ടായിവന്ന അസമത്വ ചിന്തകൾക്ക് എതിരെ രംഗത്ത് വരികയും, സാമൂഹിക സേവനം അനിവാര്യമാണെന്ന് കരുതുകയും പ്രവർത്തിക്കുകയും ചെയ്തു. എറ്റവും നല്ല ഉദാഹരണമാണ് സ്വാമി വിവേകാനന്ദൻ.
ഗുരുദേവകൃതികൾക്ക് അഴീക്കോട് മാഷ് എഴുതിയ അവതാരികയിൽ ഗുരുദേവന്റെ ഈ അദ്വൈത ചിന്തയെകുറിച്ച് ഇങ്ങനെ സൂചിപ്പിക്കുന്നു:
തന്റെ ആത്മാവ് പ്രാപിച്ചതോ, ദർശ്ശിച്ചതോ ആയ ആന്തരൈക്യ സത്യത്തിന്റെ നിദാനമായ ഏകചൈതന്യ ബോധം നാടു നീളെ പരത്തി ജനഹൃദയങ്ങളെ അതുകൊണ്ട് ആർദ്രവും സാന്ദ്രവുമാക്കികൊണ്ട് ഒരേലോകത്തെ സൃഷ്ടിക്കുക എന്നതായിരുന്നു സാമൂഹസേവകനായാ ആ അദ്വൈതിയുടെ പരമമായ ലക്ഷ്യം എന്നെനിക്ക് തോന്നുന്നു.
അഴീക്കോട് തുടരുന്നു അന്ധവിശ്വാസ നിരപേക്ഷവും, മൗലികയുക്തി കലർന്നതും ഈ ശാസ്ത്രീയ യുഗംപോലും തള്ളിപറയാൻ ഒരുമ്പ്ടാത്തതുമായ ഒരു മതബോധം ഗുരുദേവ ദർശ്ശനത്തിൽ അടങ്ങിയിരിക്കുന്നു..
മുകളിൽ സൂചിപ്പിച്ച സദാശിവദർശ്ശനത്തിലെ വരികളിൽ ഗുരുസൂചിപ്പിച്ച ഞാനും ഈശ്വരനും ഒന്നാണ് എന്ന അദ്വൈതബോധം എല്ലാ വ്യക്തികളിലും ഉണ്ടാകണം എന്ന് ഗുരു തന്റെ കൃതികളിലൂടെ ഉദ്ഘോഷിക്കുന്നു. 1908 യോഗം വാർഷിക സന്ദേശത്തിൽ ഗുരു നൽകിയ സന്ദേശം ” ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം” എന്നതായിരുന്നു.
സനാതനധർമ്മത്തിന്റെ അനാദിയായുള്ള ജീവിതക്രമത്തിൽ ഇടക്കെപ്പോഴോ വന്നുകയറിയ അസമത്വ ചിന്തകൾക്കുള്ള മറുപടി സനാതന ധർമ്മത്തിൽ തന്നെയുണ്ടെന്ന് ഗുരു തന്നെ കേൾക്കുന്നരോടായി പറഞ്ഞിട്ടുണ്ട്. അസമത്വ ചിന്തകൾക്കുള്ള പരിഹാരം അദ്വൈത ദർശ്ശനം തന്നെയാണ് ഒരോ വരികളിലും ഗുരു സൂചിപ്പിച്ചിട്ടുണ്ട്.
1902ൽ പ്രകാശനം ചെയ്ത യോഗം നിയമാവലിയുടെ മുഖവുരയിൽ പ്രസ്താവിച്ചത് ഇപ്രകാരമാണ്. ഇന്ത്യയെ ഉയർത്താൻ മതത്തിന്റെ കൈപടി ആവശ്യമാണെന്ന വിവേകാനന്ദ പ്രഖ്യാപനം ഉത്കൃഷ്ടമായ ഒരു ഉപദേശം എന്നാണ്. അഴീക്കോട് എഴുതുന്നു, സ്വാമിവിവേകാനന്ദൻ പ്രചരിപ്പിക്കാനുദ്ധേശിച്ച ഒരു സാർവ്വലൗകികമതം ഉണ്ടായിരുന്നല്ലൊ , നമുക്കതിന്റെ ശബ്ദം ഒരു നാടൻ സന്യാസിയുടെ നാക്കിൻ തലപ്പത്ത് നിന്നും കേൾക്കാനായത് വലിയ നേട്ടമായി എന്നാണ്..
സനാതന ധർമ്മ മൂല്യങ്ങൾ ആണ് ഭാരതത്തിന് ഉയർന്ന് വരാനുള്ള കൈപടി, ആ ധർമ്മ മൂല്യങ്ങൾ ഈ കേരളക്കരയിൽ പുനരവതരിപ്പിച്ച മഹാഗുരുവാണ് നാരായണഗുരുദേവൻ എന്ന് ഹിന്ദു സന്യാസി. കേവല ജാതി ബോധത്തെ ഉന്നതമായ അദ്വൈത ചിന്തയിലൂടെ മറികടക്കാൻ ഏതൊരു വ്യക്തിക്കും സാധിക്കുമെന്നും അതിന് സനാതനധർമ്മ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന് ഈശ്വര ചിന്ത ഓരോ ഹൃദയങ്ങളിലുമെത്തിക്കാൻ നാം പ്രവർത്തിക്കണമെന്നും ഗുരുദേവൻ പറഞ്ഞു.
മനുഷ്യന്റെ താൽകാലികമായ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരും അന്തിമലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവരും ലോകത്ത് നമുക്ക് കാണാനാകും, സ്വാമി വിവേകാനന്ദനും, ഗുരുദേവനും, രമണ മഹർഷിയും, മുഴുവൻ ഭാരതീയ ഗുരു പരമ്പരയും ചിന്തിച്ചതും പ്രവർത്തിച്ചതും മനുഷ്യവംശത്തിന്റെ അന്തിമലക്ഷ്യത്തിന്റെ മോചനത്തിനായാണ്. .
സനാതന ധർമ്മ മൂല്യങ്ങളെ വികലമാക്കുന്ന ആധുനിക കേരളത്തിന് സമത്വത്തിലേക്ക് തിരികെ പോകാൻ നമുക്ക് ഗുരുദേവ ചിന്തകൾ പിന്തുടരുകമാത്രമാണ് ഏക പോംവഴി. ഈ ചതയദിനത്തിൽ, ഗുരുദേവ ജയന്തി ദിനത്തിൽ നമുക്ക് മഹാഗുരുവിനെ പിന്തുടരാം!
വിപിൻ കൂടിയേടത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: