ദേവസമുദായത്തിലെ മറ്റൊരു വിഭാഗം പ്രകൃതിയിലെ, ജനസമുദായത്തിന്റെ കൂടുതല്‍ അടുത്താണ്. മനുഷ്യരിലും സ്ഥലങ്ങളിലും വ്യവസ്ഥകളിലും അവര്‍ക്ക് വിശേഷിച്ചു താല്പര്യം ഉണ്ട്. തങ്ങളുടെ പരിമിതമായ ശക്തി പ്രകാരം ഈ വര്‍ഗ്ഗം തെറ്റുകൂടാതെ തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റികൊണ്ടിരിക്കുന്നു. ഈ സമുദായത്തില്‍ യക്ഷന്മാര്, ഗന്ധര്വ്വന്മാര്, സിദ്ധപുരുഷന്മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. യക്ഷന്മാരും ഗന്ധര്വ്വന്മാരും സുരക്ഷാസൈന്യത്തെപ്പോലെയാണ്. അവര്‍ക്ക് എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉള്ളപ്പോള്‍ മാത്രമെ ക്രിയാശീലമാകേണ്ടതുള്ളു. അവര്‍ ദിഗ്പാലകന്മാര്‍, ദിഗ്ഗജന്മാര്‍ എന്ന പേരിലും അറിയപ്പെടുന്നു. ഗ്രഹാന്തര വിപത്തുകളില്‍ നിന്നും ഭൂമിയെ രക്ഷിക്കുന്നു. അഭാവങ്ങളെ എങ്ങിനെയെങ്കിലും ദുരീകരിക്കുന്നു. ഗന്ധര്വ്വന്മാര് ഉല്ലാസത്തിന്റെ സൂത്രധാരകരാണ്. ശരീരത്തിന് എപ്രകാരം അന്ന വസ്ത്രങ്ങളും മസ്തിഷ്കത്തിന് ജ്ഞാനവും ആവശ്യമായിരിക്കുന്നുവോ അതുപോലെ അന്തഃകരണം ഉല്ലാസഭരിതമായ വിനോദങ്ങളും നേരമ്പോക്കുകളും ആഗ്രഹിക്കുന്നു.
കലയുടെ ഉദ്ദേശം ഇതാണ്. വസന്തം ഇതിനെ പ്രതിനിധീകരിക്കുന്നു. സൗന്ദര്യവും മാധുര്യവും ഇതിന്റെ സഹചരന്മാരാണ്. കാമകൗതുകങ്ങളിലും ഇത് ഇടപെടുന്നുണ്ട്. ഇത് ഗന്ധര്വ്വന്മാരുടെ മണ്ഡലമാണ്. ഈ ശക്തികളും അവരവരുടെ രീതിയില്‍ ഓരോ പ്രാണിക്കും ഒരളവുവരെ സഹായം നല്കുന്നു. ദേവന്മാര്, യക്ഷന്മാര്, ഗന്ധര്വ്വന്മാര് എന്നിവര്‍ ഉയര്‍ന്ന ലോകവാസികള്‍ ആണ്. അവര്‍ ഉന്നതമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നവരാണെന്നു കണക്കാക്കപ്പെടുന്നു. അവര്‍ അര്‍ഹത അനുസരിച്ച് ഹേതുവെന്യേ കൃപ വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും ആരാധന, അനുഷ്ഠാനം എന്നിവ കൊണ്ടും ആകര്‍ഷിതരായി അനുഗ്രഹിക്കുന്നതായി കാണപ്പെടുന്നു.
ഭൂലോകത്തിലെ പ്രാണികളുമായി ഗാഢബന്ധം പുലര്‍ത്തുകയും അവരുടെ കാര്യങ്ങളില്‍ അധികം താല്പര്യം കാണിക്കുകയും അധികം സഹകരിക്കുകയും ചെയ്യുന്നവരായി രണ്ടു മാര്ഗ്ഗക്കാര് ഉണ്ട്. ഒന്ന് സിദ്ധപുരുഷന്മാര്‍, രണ്ട് പിതൃക്കള്‍. ഇരുവരുടെയും ശരീരങ്ങള്‍ സൂക്ഷ്മരൂപത്തിലാണ്. അവര്‍ ആവശ്യമനുസരിച്ച് സ്ഥൂലശരീരധാരികളെപോലെ പ്രകടമാകുന്നുണ്ട്. പക്ഷെ അവരുടെ സത്ത ,മഹത്ത, ശക്തി, ഇച്ഛ ഇവയില്‍ അസാധാരണമായ വ്യത്യാസം ഉണ്ട്. എങ്കിലും അവര്‍ സൂക്ഷ്മ ശരീരധാരികളായ മനുഷ്യന്റെ തലത്തില്‍ നിന്ന് കുറെക്കൂടെ ഉയരത്തിലുള്ള ആത്മാക്കളെ പോലെ ഗണിക്കപ്പെടുന്നു.
സിദ്ധപുരുഷന്മാര്‍ യോഗസാധനയെയും തപസ്സിനെയും ആശ്രയിച്ച് തങ്ങളുടെ സ്ഥൂല ശരീരത്തെ സൂക്ഷ്മീകരിക്കുന്നു. അവര്‍ ചവറുപോലെയുള്ള ശരീരം പരിത്യജിച്ചു സൂക്ഷ്മശരീരം മുഖേന ലോകനന്മക്കു അത്യന്തം ആവശ്യമായ കാര്യങ്ങളില്‍ വ്യാപൃതരായതാവാം. ശരീരത്തിന്റെ സീമാബന്ധനത്തില്‍ ബന്ധിക്കപ്പെട്ടു വസിക്കുമ്പോള്‍ ജീവാത്മാവിന് പലവിധ സൗകര്യങ്ങളും ലഭിക്കുമെങ്കിലും അതിന് ശരീരത്തിന്റെ പരിമിതമായ ശക്തികളില്‍ നിന്നു കൊണ്ട് ചെയ്യാവുന്ന കാര്യങ്ങള്‍ മാത്രമെ ചെയ്യുവാന്‍ സാധിക്കുകയുള്ളു. സൂക്ഷ്മശരീരം സക്രിയമാകുമ്പോള്‍ ശരീരത്തെ പരിമിതപ്പെടുത്തി ആധിവ്യാധിഗ്രസ്തമാക്കുന്നു. വിഘാതങ്ങളെല്ലാം ദൂരീകൃതമാക്കുന്നു. അതിരുകള്‍ ഇല്ലാതാകുമ്പോള്‍ സീമാതീതമായ അവസ്ഥ, പരിധികള്‍ ഇല്ലാത്ത അവസ്ഥ അവര്‍ക്ക് അനുഭവപ്പെടുന്നു. ജീവിച്ചിരിക്കുന്ന സ്ഥിതിയില്‍ സാധകര്‍ അതീന്ദ്രിയമായ കഴിവുകളുടെ രൂപത്തില്‍ എന്തെല്ലാം നേടി അഭിമാനം കൊള്ളുന്നുവോ അതിനെക്കാള്‍ എത്രയോ മടങ്ങ് ദിവ്യശക്തികള്‍ സൂക്ഷ്മശരീര ധാരികളായ സിദ്ധപുരുഷന്മാര്‍ക്ക് അനായാസമായി ഋദ്ധിസിദ്ധികളുടെ രൂപത്തില്‍ ലഭിക്കുന്നു. അവര്‍ അവരുടെ സ്ഥൂല ആവരണങ്ങളെ പൂര്‍ണ്ണമായി ത്യജിക്കുകയോ അല്ലെങ്കില്‍ തങ്ങളുടെ പ്രബലമായ ആദ്ധ്യാത്മിക പ്രയത്നങ്ങള്‍ കൊണ്ട് സൂക്ഷ്മീകരിക്കുകയോ ചെയ്യുന്നു. സൂക്ഷ്മശരീരത്തിന്റെ ആയുസ്സ് അസീമമാണ്. അതിനു യുഗയുഗാന്തരങ്ങള്‍ വരെ അതേ സ്ഥിതിയില്‍ കഴിയാനാവുന്നു. ആവശ്യാനുസരണം അവര്‍ക്ക് തങ്ങളുടെ പഴയശരീരം ധരിക്കുവാന്‍ സാധിക്കും. അല്ലെങ്കില്‍ മറ്റെതെങ്കിലും രൂപം ധരിച്ച് സ്വന്തം അസ്ഥിത്വവും സാമര്‍ത്ഥ്യവും പ്രകടമാക്കുവാന്‍ സാധിക്കുന്നു. ഇങ്ങനെയുള്ള സിദ്ധ
പുരുഷന്മാര് ഒരു വിധത്തില്‍ ഉയര്‍ന്നതലത്തിലുള്ള യോഗികള്‍ ആണ്. അവരുടെ കഴിവുകള്‍ ദേവലോകവുമായി ബന്ധപ്പെട്ടതാണ്. പ്രവൃത്തികള്‍ ലോകഹിതത്തിനുള്ള കര്‍മ്മങ്ങളില്‍ വ്യാപൃതമായിരിക്കുകയും ചെയ്യുന്നു. അവരുടെ ജോലിയും ഉത്തരവാദിത്വവും ഉദ്യാനപാലകന്റെതുപോലെയാണ്. അവര്‍ക്ക് വിശാലമായ അന്തരീക്ഷത്തില്‍ എവിടെയും കഴിയാന്‍ സാധിക്കും. ആവശ്യമനുസരിച്ച് എവിടെയും എത്തുവാന്‍ സാധിക്കും. പക്ഷെ അവര്‍ നിശ്ചിതമായ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയശേഷം ഹിമാലയത്തിലെ ദേവാത്മാ പ്രദേശത്തേക്കു തന്നെ തിരിച്ചുപോകുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. അവിടെ അവര്‍ വിശ്രമിക്കുകയും ക്ഷീണം തീര്‍ക്കുകയും അതിനുശേഷം തങ്ങളുടെ നഷ്ടപ്പെട്ട ശക്തി വീണ്ടെടുക്കുന്നതിനോ അല്ലെങ്കില്‍ ഭാവിക്കുവേണ്ടിയുള്ള ശക്തി സംഭരിക്കുന്നതിനോവേണ്ടി സ്വന്തം വിധത്തിലുള്ള വിശിഷ്ട സാധന തുടങ്ങുന്നു. ഒഴിവുള്ള സമയങ്ങളില്‍ അവര്‍ തന്നിഷ്ടം പോലെ കഴിയുന്നില്ല. അതിനുപകരം സമയത്തിന്റെ ആഹ്വാനപ്രകാരം ഏതുസമയത്തും പ്രേരണലഭിക്കുന്നതനുസരിച്ച് അത് ക്രിയാവത്കരിക്കുന്നതിനായി ആസൂത്രിതമായ പദ്ധതികളിലൂടെ ഉന്നതതലത്തിലുള്ള ശക്തി സംഭരിക്കുവാന്‍ പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.
ഈ ഒഴിവു സമയത്ത് അവര്‍ക്ക് ഒരു കാര്യം കൂടി ഉണ്ട്. വംശവൃദ്ധി. അവര്‍ പരബ്രഹ്മത്തെ
പോലെ അനേകരെ തങ്ങളെ പോലെ ആക്കുവാന് ആഗ്രഹിക്കുന്നു. തങ്ങളുടെ സഞ്ചിത ശക്തിയുടെ വലിയ ഒരംശം അവര്‍ക്ക് പ്രദാനം ചെയ്യുകയും ചെയ്യുന്നു. രക്ഷാകര്ത്താക്കള് ഇതു തന്നെയാണ് ചെയ്യുന്നത്. സന്താനങ്ങളുടെ മേല്‍ തന്റെ സമയം, ഏകാഗ്രത, വൈഭവം എന്നിവ മടികൂടാതെ വര്‍ഷിക്കുന്നു. അല്പസമര്‍ത്ഥകരെ അതിസമര്‍ത്ഥരാക്കുവാന്‍ പ്രയത്നശീലരായി കഴിയുന്നു. ഓരോ പിതാവും തന്റെ സന്തതികളെ തനിക്ക് തുല്യരായോ തന്നെക്കാള്‍ ഉയര്‍ന്നവരോ ആയി കാണുവാന്‍ ആഗ്രഹിക്കുന്നു. രക്ഷാകര്‍ത്താക്കളും സന്താനങ്ങളും തമ്മില്‍ ഈ അടിസ്ഥാനത്തിലാണ് ആശയവിനിമയം നടക്കുന്നത്. സൗഭാഗ്യശാലികളായ പല അനന്തരാവകാശികള്‍ക്കും അനായാസം ധനാഢ്യരാകാന്‍ കഴിയുന്നതുപോലെ സിദ്ധപുരുഷന്മാരുടെ അനുഗ്രഹം കൊണ്ട് സ്വപ്രയത്നം കൊണ്ട് നേടുവാന്‍ സാധിക്കാത്ത അസാധാരണമായ കഴിവുകളും നേട്ടങ്ങളും ഉണ്ടാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: