കോട്ടയം: ബിഎംഎസ് സംസ്ഥാന സമിതിയുടെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള പ്രഥമ അമൃതാദേവി പുരസ്കാരം മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റ് തൊഴിലാളി
സുനില്‍ സുരേന്ദ്രന്. 25,000 രൂപ ക്യാഷ് അവാര്‍ഡും പ്രശംസാ പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പരിമിത ജീവിത സാഹചര്യങ്ങളിലും സമയം ക്രമപ്പെടുത്തി ഭാര്യയും മക്കളുമൊത്തുള്ള വ്യത്യസ്തങ്ങളായ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. വീരമൃത്യു വരിച്ച സൈനികരുടെ ഓര്‍മയ്ക്കായി കാവല്‍മരം, സ്കൂള്‍, കോളജുകളില്‍ അക്ഷര വൃക്ഷം, ആതുര മേഖലയില്‍ ആതുര വൃക്ഷങ്ങള്‍, കണ്ടല്‍ വനവത്കരണം, പുണ്യം-പൂങ്കാവനം പൂജയ്ക്കൊരുപൂമരം, ബാംബുപാര്ക്ക്, പക്ഷികള്‍ക്ക് വെള്ളമേകും തണ്ണീര്‍ക്കുടം തുടങ്ങിയ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അംഗീകാരം. 1730ല്‍ രാജസ്ഥാനിലെ ജോഡ്പൂരില്‍ വൃക്ഷങ്ങള്‍ മുറിക്കലിനെതിരേയുള്ള പ്രക്ഷോഭത്തിനു നേതൃത്വം കൊടുത്ത അമൃതാദേവിയെയും മക്കളെയും 363 ഗ്രാമീണരെയും ഭരണാധികാരികള്‍ വൃക്ഷങ്ങളോടു ചേര്‍ത്തുവച്ച് വധിച്ചു. പ്രകൃതി സംരക്ഷണത്തിനായുള്ള ആ ജീവത്യാഗത്തിന്റെ അനുസ്മരണമാണ് ബിഎംഎസ് ആഗസ്ത് 28 പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: