സ്വാതന്ത്ര്യലബ്ധിയുടെ അമൃതകാലത്ത് രാജ്യം ആത്മനിര്‍ഭരതയിലേക്ക് സഞ്ചരിക്കുമ്പോള്‍ ജനജീവിതത്തിന്റെ ഒരു മേഖലയും അതില്‍നിന്ന് ഒഴിവാക്കപ്പെടാന്‍ പാടില്ല. രാജ്യത്തെ ചെറുകിട വ്യവസായ മേഖലയ്ക്കായി സര്‍ക്കാര്‍ നയരൂപീകരണം നടത്തണമെന്നും, ബ്രാന്‍ഡഡല്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്ക് സംവരണം നല്‍കണമെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം ഈ സാഹചര്യത്തില്‍ പരിഗണിക്കപ്പെടണം. ദേശീയതലത്തില്‍ ചെറുകിട വ്യവസായ മേഖലയിലുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ലഘു ഉദേ്യാഗ് ഭാരതി എന്ന സംഘടന ദല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അടിയന്തര പ്രാധാന്യമുള്ള ഈ ആവശ്യം കൃഷ്ണഗോപാല്‍ മുന്നോട്ടുവച്ചത്. എന്താണ് ഇങ്ങനെ പറയാനുള്ള സാഹചര്യമെന്നും കൃഷ്ണഗോപാല്‍ പ്രസംഗത്തില്‍ വിശദീകരിക്കുന്നുണ്ട്. വ്യവസായ മേഖലയില്‍ 90 ശതമാനം തൊഴിലും സൃഷ്ടിക്കുന്നത് ചെറുകിട വ്യവസായങ്ങളാണ്. വന്‍കിട കമ്പനികള്‍ മൂന്ന് ശതമാനത്തില്‍ താഴെ മാത്രം തൊഴിലാണ് നല്‍കുന്നത്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍ ജനസംഖ്യയും പരിസ്ഥിതിയുമൊക്കെ കണക്കിലെടുത്ത് ചെറുകിട സംരംഭങ്ങള്‍ക്കായി നയം രൂപീകരിക്കണം. പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയുടെ സാഹചര്യം വ്യത്യസ്തമാണെന്നും, നമ്മുടെ രാജ്യത്ത് ജനസംഖ്യയുടെ പകുതിയിലേറെ കൃഷിയെ ആശ്രയിക്കുന്നവരാണെന്നും, 60 കോടിയോളം ആളുകള്‍ക്ക് തുച്ഛമായ വരുമാനമാണുള്ളതെന്നുമുള്ള വസ്തുതകള്‍ ഒരുതരത്തിലും അവഗണിക്കാനാവില്ല.
ആഗോളവല്‍ക്കരണത്തിന്റെ മൂന്നു പതിറ്റാണ്ട് നമ്മുടെ രാജ്യം പിന്നിട്ടുകഴിഞ്ഞു. ചില മാറ്റങ്ങളും അത് കൊണ്ടുവന്നുകഴിഞ്ഞു. ആഗോളവല്‍ക്കരണത്തിന്റെ ഗുണഫലങ്ങള്‍ ഇരുപത് വര്‍ഷത്തിനകം ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നായിരുന്നു ഒരു വിലയിരുത്തല്‍. വിവിധ മേഖലകളില്‍ ആഗോളവല്‍ക്കരണം സൃഷ്ടിച്ച വികസനങ്ങള്‍ ദൃശ്യമാണെങ്കിലും ജനങ്ങളില്‍ എത്രത്തോളം പേര്‍ക്ക് ഇതിന്റെ ഗുണഫലങ്ങള്‍ ലഭിച്ചു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. കേവലമായ സാമ്പത്തിക വികസനമല്ല, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും തൊഴിലില്ലായ്മ പരിഹരിക്കുന്നതും, അതുവഴി ജനജീവിതം സുഖകരമാക്കുന്നതുമായിരിക്കണം പുരോഗതിയുടെ മാനദണ്ഡം. വളരെ കുറച്ച് ജനസംഖ്യയുള്ള പാശ്ചാത്യരാജ്യങ്ങളില്‍ ആഗോളവല്ക്കരണംകൊണ്ട് ഉണ്ടാകുന്ന ഫലങ്ങളല്ല ഇന്ത്യയെപോലെ വന്‍ ജനസംഖ്യയുള്ള ഒരു രാജ്യം പ്രതീക്ഷിക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെ വക്താക്കള്‍ ഇക്കാര്യം ഗൗരവത്തിലെടുത്തില്ല. ഐഎംഎഫിനെയും ലോകബാങ്കിനെയും പോലുള്ള ആഗോള സാമ്പത്തിക ഏജന്‍സികളുടെ സമ്മര്‍ദ്ദത്തില്‍പ്പെട്ട് നടപ്പാക്കിയ പല പരിഷ്കാരങ്ങളുടെയും ഗുണഭോക്താക്കളാവാന്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും കഴിഞ്ഞില്ല. വമ്പന്‍ വിഭവചൂഷണവും അമിതലാഭവും മുന്‍നിര്‍ത്തിയുള്ള കോര്‍പ്പറേറ്റുകളുടെ കടന്നുവരവുകള്‍ പൂര്‍ണമായും ജനക്ഷേമത്തിന് ഉതകുന്നതായിരുന്നു എന്നു പറയാനാവില്ല. സമ്പന്നരെ അതിസമ്പന്നരാക്കുകയും, ദരിദ്രരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തു. ആഗോളവല്‍ക്കരണത്തിലൂടെ അഴിമതിയിലേക്ക് ഒരു നെടുങ്കന്‍ പാത വെട്ടിത്തുറക്കുകയായിരുന്നു നരസിംഹറാവുവിന്റെയും മന്മോഹന്സിങ്ങിന്റെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍.
ആഗോളവല്ക്കരണത്തെ പിന്നോട്ടു പിടിച്ചുവലിക്കാതെതന്നെ ജനക്ഷേമത്തിലധിഷ്ഠിതമായ ഒരു സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. ജന്‍ധന്‍ അക്കൗണ്ടുകള്‍, മുദ്ര ലോണുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയിലൂടെ ആഗോളവല്‍ക്കരണം അരികുവല്‍ക്കരിച്ചിരുന്ന ജനവിഭാഗങ്ങളെ സാമ്പത്തിക മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വലിയൊരളവോളം കഴിഞ്ഞു. കാര്‍ഷികരംഗത്തും ചെറുകിട വ്യവസായ മേഖലയിലും വലിയ മുന്നേറ്റം സൃഷ്ടക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇവര്‍ക്ക് മത്സരിക്കേണ്ടിവരുന്നത് പലപ്പോഴും ബഹുരാഷ്ട്ര കുത്തകകളോടാണ്. രാജ്യത്തെ ചെറുകിട വ്യവസായങ്ങങ്ങളിലൂടെ നിര്‍മിച്ചെടുക്കാവുന്ന പല ഉല്‍പ്പന്നങ്ങളും ചൈനയില്‍നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന രീതി പതിറ്റാണ്ടുകളായി നിലനില്ക്കുന്നു. ഇതില്‍ ചിലതിന് മോദി സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് കാണാതിരുന്നുകൂടാ. ചെറുകിട സംരംഭകര്‍ക്ക് വിപണിയില്‍ കൂടുതല്‍ സംരക്ഷണം ലഭിക്കേണ്ട ആവശ്യമുണ്ട്. പേനയും ബ്രഷുംവരെ വന്‍കിട കമ്പനികള്‍ വില്‍ക്കുന്നതും, ടോയ്ലറ്റ് വൃത്തിയാക്കാന്‍ ബ്രാന്‍ഡഡ് ബ്രഷ് ഉപയോഗിക്കുന്നതും ഒഴിവാക്കിക്കൂടേയെന്ന് ലഘു ഉദ്യോഗ് ഭാരതിയുടെ സമ്മേളനത്തില്‍ കൃഷ്ണഗോപാല്‍ ചോദിക്കുന്നത് പ്രസക്തമാണ്. നമ്മുടെ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് തൊഴിലില്ലാതാക്കി ബഹുരാഷ്ട്ര കുത്തകകളെയും വന്കിടക്കാരെയും മേഞ്ഞുനടക്കാന്‍ അനുവദിക്കേണ്ടതുണ്ടോ? മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന വിശ്വകര്‍മ കൗശല്‍ യോജന പുതിയൊരു തുടക്കമാണ്. പരമ്പരാഗത തൊഴിലാളികള്‍ക്കും ചെറുകിട സംരംഭകര്‍ക്കും ഇത് വലിയതോതില്‍ ഗുണം ചെയ്യുമെന്നു പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: