കാഞ്ഞാണി: അരിമ്പൂര്‍ എറവിലുള്ള രമേഷിന്റെ ശ്രേയസ് ഹോട്ടലില്‍ ഇന്നലെ ഉച്ചക്കുള്ള വിഭവസമൃദ്ധമായ ഊണ് കഴിക്കാന്‍ പതിവ് പോലെ തിരക്കായിരുന്നു. ഉത്രാട ദിനത്തില്‍ ഊണും വിഭവങ്ങളും ഈ ഹോട്ടലില്‍ സൗജന്യമായി നല്‍കും. രമേഷിന്റെ കാരുണ്യ പ്രവര്‍ത്തിയില്‍ പങ്കു ചേരാനായി നാട്ടുകാരും പുറമെ നിന്നുള്ളവരും എത്തിച്ചേരും. തൃശൂര്‍ കാഞ്ഞാണി സംസ്ഥാന പാതയോട് ചേര്‍ന്ന് 44 വര്‍ഷം മുമ്പ് പഴയൊരു കെട്ടിടത്തില്‍ ആരംഭിച്ചതാണ് ഇപ്പോഴുള്ള ശ്രേയസ് ഹോട്ടല്‍.
എറവ് പതിയത്ത് വേലായുധന്റെ മകന് രമേഷ് (55) 29 വര്‍ഷം മുമ്പാണ് ഹോട്ടലിന്റെ ചുമതല ഏറ്റെടുക്കുന്നത്. 16 വര്‍ഷം മുമ്പ് നാട്ടിലെ സുഹൃത്തുക്കള്‍ക്കും, സാധുജനങ്ങള്‍ക്കും ഓണത്തിന് ഉത്രാട ദിനം തന്റെ വക സൗജന്യമായി ഓണസദ്യ നല്കിക്കൊണ്ടായിരുന്നു കാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടക്കം.
ലാഭേച്ഛയില്ലാതെ രമേഷ് ചെയ്തിരുന്ന ഇത്തരം പ്രവര്‍ത്തികള്‍ സുഹൃത്തുക്കളുടെ പിന്തുണയോടെ അവശത അനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ് സഹായമാക്കി മാറ്റുകയായിരുന്നു. പാലട പ്രഥമനടക്കം 16 തരം കറികള്‍ ഇന്നലെ ഹോട്ടലില്‍ വന്നവര്‍ക്കെല്ലാം ഊണിനൊപ്പം സൗജന്യമായി വിളമ്പി. വര്‍ഷത്തില്‍ ഈ ദിവസം ശ്രേയസ് ഹോട്ടലിന്റെ പണപ്പെട്ടി അടഞ്ഞാണ് കിടക്കുക. പകരം മേശ മുകളില്‍ വച്ചിട്ടുള്ള പെട്ടിയില്‍ ആളുകള്‍ക്ക് കാരുണ്യ പ്രവൃത്തിയില്‍ ഭാഗമാകാന്‍ ഇഷ്ടമുള്ള സംഖ്യ നിക്ഷേപിക്കാം. അന്നേ ദിവസം അരിമ്പൂര്‍ പഞ്ചായത്തിലെ ഏതെങ്കിലും അവശത അനുഭവിക്കുന്ന വ്യക്തിക്ക് നല്‍കാനുള്ള ഈ ധന സമാഹരണ പാത്രത്തിലേക്ക് ഭക്ഷണം കഴിഞ്ഞു പോകുന്നവര്‍ ഒരു ഊണിന്റെ വിലയ്ക്കു പകരം നല്‍കുന്നത് എത്രയോ മടങ്ങ് തുകയാണ്.
രമേഷിന്റെ കാരുണ്യ പ്രവര്‍ത്തനം അറിയുന്നതു കൊണ്ട് സഹായം നല്‍കാനായി മാത്രം സൗജന്യ ഓണസദ്യ കഴിക്കാനെത്തുന്നവരും ധാരാളം. അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍, വാര്‍ഡംഗങ്ങളായ സി.പി. പോള്‍, സി.ജി. സജീഷ്, സുധ സദാനന്ദന്, കപ്പല്‍ പള്ളി വികാരി ഫാ. റോയ് ജോസഫ് വടക്കന്‍ തുടങ്ങിയവര്‍ ഓണസദ്യ കഴിച്ചു. ഹോട്ടല്‍ ജീവനക്കാര്‍ക്ക് പുറമെ എറവിലെ വ്യാപാരികളും സുഹൃത്തുക്കളുമാണ് രമേഷിനെ ഓണസദ്യ ഒരുക്കുന്നതിനും വിളമ്പുന്നതിനും സഹായിച്ചത്. ഇന്നലെ ശ്രേയസ് ഹോട്ടലില്‍ നിന്നും പിരിഞ്ഞു കിട്ടിയ 36,200 രൂപ അരിമ്പൂര്‍ നാലാം വാര്‍ഡില്‍ കായല്‍ റോഡ് വടക്കുവശം താമസിക്കുന്ന ഇരുവൃക്കകളും തകരാറിലായി ചികിത്സയിലുള്ള കണ്ണാളി വീട്ടില്‍ രവീണ (20) ക്കായി ചികിത്സാ സമിതിക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: