തിരുവനന്തപുരം: എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വേണ്ടെന്ന് വച്ച് യുഡിഎഫ്. സാധാരണക്കാര്‍ക്ക് കിട്ടാത്ത കിറ്റ് തങ്ങള്‍ക്ക് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അറിയിച്ചു. 12 ഇനം ശബരി ബ്രാന്‍ഡ് സാധനങ്ങള്‍ അടങ്ങിയ ഓണക്കിറ്റാണ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും നല്കാന് ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരുന്നത്.
പ്രത്യേകം തയാറാക്കിയ ബോക്സില്‍ ഒരുക്കിയിരുന്ന കിറ്റ് ഓഫീസിലോ താമസസ്ഥലത്തോ എത്തിച്ച് നല്‍കാനായിരുന്നു നിര്‍ദേശം. ഭക്ഷ്യമന്ത്രിയുടെ ഓണസന്ദേശവും കിറ്റിനൊപ്പമുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഇത്തവണ മഞ്ഞകാര്‍ഡുകാര്‍ക്ക് മാത്രമാണ് സര്‍ക്കാരിന്റെ ഓണക്കിറ്റ് ഉള്ളത്. കിറ്റ് വിതരണത്തിന്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ പകുതിയില്‍ അധികം പേര്‍ക്ക് ഇനിയും കിറ്റ് കിട്ടിയിട്ടില്ല.
മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് ഇനിയും കിറ്റ് ലഭിക്കാനുള്ളത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ കിറ്റ് വേണ്ടെന്ന് വച്ച് പ്രതിപക്ഷം രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: