ബുഡാപെസ്റ്റ്: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ട്രാക്കിലും അമേരിക്കന്‍ ആധിപത്യം. വനിതകളുടെ 4-100 മീറ്റര്‍ റിലേയില്‍ സ്വര്‍ണ നേട്ടം കൊയ്തതിന് പിന്നാലെ പുരുഷന്മാരുടെ 4-100 മീറ്റര്‍ റിലേയിലും അമേരിക്ക തന്നെ സ്വര്‍ണം നേടി. 2007ന് ശേഷം ആദ്യമായാണ് അമേരിക്ക ഈ നേട്ടം ആവര്‍ത്തിക്കുന്നത്. നേരത്തെ 100 മീറ്ററില്‍ വ്യക്തിഗത ഇനത്തില്‍ രണ്ടിലും(പുരുഷ,വനിത) അമേരിക്കയാണ് സ്വര്‍ണം നേടിയത്. ഷക്കാരി റിച്ചാര്ഡ്സണ് ആണ് അമേരിക്കയ്ക്ക് വേണ്ടി വനിതാ 4-100 മീറ്റര്‍ റിലേയില്‍ സുവര്‍ണ നേട്ടത്തിനായി ഫിനിഷിങ് ലാപ് പൂര്‍ത്തിയാക്കിയത്.
ഇന്നലെ നടന്ന പുരുഷ റിലേയില്‍ ഫ്രെഡ് കെര്ലിയിലൂടെ തുടക്കമിട്ട 4-100 മീറ്റര്‍ റിലേ ക്രിസ്റ്റ്യന്‍ കോള്മാന്, ബ്രാന്‍ഡോന്‍ കാര്‍നെസ് എന്നിവരിലൂടെ കൈമാറിയ ബാറ്റണ്‍ ഒടുവില്‍ നോഹ് ലൈല്‍സിന്റെ കൈയ്യിലെത്തി. അമേരിക്കയ്ക്കുവേണ്ടി നാലാം ഊഴത്തില്‍ ഇറ്റലിയുടെ ലാമോന്റ് മാര്‍സെല്‍ ജേക്കബിനെ പിന്നിലാക്കിയാണ് ലൈല്‍സ് ഒന്നാമതായി ഫിനിഷ് ചെയ്തത്. ടോക്കിയോ ഒളിംപിക്സിലെ 100 മീറ്റര്‍ സ്വര്‍ണ ജേതാവാണ് മാര്‍സെല്‍ ജേക്കബ്. പുരുഷ റിലേയില്‍ 37.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ജമൈക്കന്‍ റിലേ ടീം വെങ്കലം നേടിയപ്പോള്‍ ഇറ്റലി റിലേ ടീം 37.62 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി നേടി. സ്വര്‍ണം നേടിയ അമേരിക്കന്‍ ടീം 37.38 സെക്കന്‍ഡിലാണ് ഫിനിഷിങ് പോയിന്റിലെത്തിയത്.
നേരത്തെ ജമൈക്കന്‍ ടീമിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് അമേരിക്കന്‍ വനിതകള്‍ 4-100 മീറ്റര്‍ വനിതാ റിലേയില്‍ സ്വര്‍ണം നേടിയത്. ഷക്കാരി റിച്ചാര്ഡ്സണ് ഫിനിഷ് ചെയ്ത മത്സരത്തില്‍ ടമാരി ഡേവിസ്, ടീടീ ടെറി, ഗാബി തോമസ് എന്നിവരുള്‍പ്പെട്ട റിലേ ടീം 41.03 സെക്കന്‍ഡിന്റെ റെക്കോഡ് സമയം കുറിച്ചാണ് സ്വര്‍ണം നേടിയത്.
മെഡല്‍ പട്ടികയിലേക്ക് വരികയാണെങ്കില്‍ അമേരിക്ക തൊട്ടടുത്ത എതിരാളിയെക്കാള്‍ ഇരട്ടിയിലേറെ മുന്നിലാണ്. അവസാനദിനം ഫൈനലുകളും പലതും തീരാനിരിക്കെ അമേരിക്ക 11 സ്വര്‍ണവും എട്ട് വീതം വെള്ളിയും വെങ്കലവും നേടിക്കൊണ്ട് മുന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: