ഭാരതീയ മസ്ദൂര്‍ സംഘം ആഗസ്റ്റ് 28 അമൃതാദേവി ബലിദാനദിനം ദേശീയ പര്യാവരണദിനമായി ആചരിക്കുകയാണ്. വൃക്ഷങ്ങളുടെ രക്ഷയ്ക്കായി ബലിദാനം ചെയ്ത വീരവനിത അമൃതാദേവിക്ക് വനസംരക്ഷണത്തിനായി നടത്തിയ പ്രക്ഷോഭത്തില്‍ 1730 ഓഗസ്റ്റ് 28ന് ജീവന് ത്യജിക്കേണ്ടി വന്നു. രാജസ്ഥാനിലെ ജോധ്പൂരില്‍ അന്നത്തെഭരണാധികാരിയായിരുന്ന അജിത് സിംഗ് തന്റെ കൊട്ടാരങ്ങളും കോട്ടകളും പണിയുന്നതിനായി അടുത്തുള്ള ഖേജഡലി ഗ്രാമത്തില്‍ നിന്നും ഖേജഡി വൃക്ഷങ്ങള്‍ വെട്ടി കൊണ്ടുവരുവാന്‍ സേവകരോട് ഉത്തരവിട്ടു. മരുഭൂമിയിലെ ജനങ്ങളുടെ ജീവന് നിലനിര്‍ത്തുന്നതും ഈശ്വരീയമായി സംരക്ഷിച്ചു പോരുന്നതുമായ ഖേജഡി വൃക്ഷങ്ങള്‍ മുറിക്കുന്നതിനെ ജനങ്ങള്‍ ഒന്നടങ്കം എതിര്‍ത്തു. എന്നാല്‍ ബലം പ്രയോഗിച്ച് മുറിക്കുവാനുള്ള ഭരണാധികാരിയുടെ കല്‍പ്പന ധിക്കരിക്കാന്‍ ഭയന്ന ഗ്രാമീണരെ സംഘടിപ്പിച്ചുകൊണ്ട് രാമോ വൈഷ്ണോയി എന്ന ഗ്രാമീണന്റെ ധര്‍മ്മപത്നിയായ അമൃതാദേവിയുടെനേതൃത്വത്തില് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകള്‍ ദിവാന്റെ ഉത്തരവ് ലംഘിച്ചു. അമൃതാദേവിയും രണ്ടു പുത്രിമാരും മരത്തില്‍ ചുറ്റിപ്പിടിച്ചുകൊണ്ട് മരം മുറിക്കുന്നതിനെ എതിര്‍ത്തു. ദിവാന്റെ സേവകര്‍ അവരെ അടക്കം 363 പേരെ വൃക്ഷത്തോട് ചേര്‍ത്ത് വെച്ച് വധിച്ചു. ഏഴ് ദിവസം നീണ്ടുനിന്ന ക്രൂരതയില്‍ ഗ്രാമത്തിലെ നിരവധി ഗ്രാമീണരുടെ തലകള്‍ അറുത്തു മാറ്റി. ഒടുവില്‍ ഒരു നവ വധൂവരന്മാരുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ ദിവാന് കീഴടങ്ങി. ഗ്രാമവാസികളോട് അദ്ദേഹം ക്ഷമായാചന നടത്തി ആ പ്രദേശത്ത് ഒരു മരവും മുറിക്കരുതെന്നും ജീവികളെ കൊല്ലരുതെന്നും കല്പ്പിച്ചു. ഇന്നും അവിടുത്തെ ജനങ്ങള്‍ ആ ശാസനം പാലിച്ചു പോരുന്നു.
അപൂര്‍വ്വമായ കറുത്ത മാനുകള്‍ ഈ വനത്തില്‍ വസിക്കുന്നു. മാനിനെ വേട്ടയാടിയതിന് സിനിമാ നടന് സല്മാന് ഖാനെ അടുത്തകാലത്ത് കോടതി ശിക്ഷിച്ചിരുന്നു. പരിസ്ഥിതി സംരക്ഷിക്കാന്‍ അമൃതാദേവി നടത്തിയ ബലിദാനം ലോകം മുഴുവനും മാതൃകയാണ്. ഉത്തരാഖണ്ഡില്‍ പരിസ്ഥിതി സംരക്ഷണത്തിനായി നടന്ന ചിപ്കോ പ്രക്ഷോഭത്തിന് പ്രേരണ അമൃതാദേവി ബലിദാനമായിരുന്നു. ഇന്ന് ഖേജഡലി ഗ്രാമത്തില്‍ അമൃതാദേവി സ്മൃതി സ്മാരകം സ്ഥിതി ചെയ്യുന്നു. എല്ലാവര്‍ഷവും ബലിദാനദിവസം ഇവിടെ പരിസ്ഥിതി മേള നടക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഈ ദിവസം ആളുകള്‍ ഇവിടെയെത്തുന്നു. തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്ക് അമൃതാദേവി പുരസ്കാരം നല്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ 35 ഹെക്ടര്‍ പ്രദേശത്ത് അമൃതാദേവി വൃക്ഷോദ്യാനം സ്ഥിതി ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം നിത്യജീവിതത്തിന്റെ ഭാഗമായി മാറേണ്ട ഈ കാലഘട്ടത്തില്‍ ഭാരതീയര്‍ക്ക് അമൃതാദേവി ബലിദാനം പ്രേരണ നല്‍കും.
ജി20 രാജ്യങ്ങളുടെ സമ്മേളനത്തിന് ഭാരതം അദ്ധ്യക്ഷത വഹിക്കുകയാണ്. ഈ സമ്മേളനത്തിന്റെ ആപ്ത വാക്യം One earth, one family, one future എന്നതാണ്. ഇതു തന്നെയാണ് ആയിരക്കണക്കിനു വര്‍ഷം മുന്നേ ഭാരതം മുമ്പോട്ടു വയ്ക്കുന്ന ”വസുധൈവ കുടുംബകം” എന്ന സങ്കല്‍പ്പം. ലോകത്തെ ഒരു കുടുംബമായി കാണുന്ന ഭാരതീയ കാഴ്ചപ്പാടുകളും ദര്‍ശനങ്ങളും മാതൃകകളും ഇന്ന് ലോകത്തിന്റെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരമാണ്. ഈ ഭൂമിയുടെയും, ജീവജാലങ്ങളുടെയും നിലനില്‍പ്പ് ഭാരതീയതയിലേയ്ക്ക് ലോകം എത്തിച്ചേരുക എന്നതാണ്. ഇന്ന് ലോകത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് പരിസ്ഥിതി സന്തുലനവും, ആഗോളതാപനവും. ഭൗമോപരിതലത്തിന് അടുത്തുള്ള വായുവിന്റെയും സമുദ്രങ്ങളുടെയും ശരാശരി താപനിലയില്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായുള്ള വ്യതിയാന അവസ്ഥയെയാണ് ആഗോളതാപനം എന്നുപറയുന്നത്. പ്രാപഞ്ചിക കാരണങ്ങള്‍കൊണ്ട് ഹരിതഗൃഹവാതകങ്ങളായ കാര്‍ബണ്‍ഡൈ ഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വര്‍ദ്ധിക്കുന്നു. സൂര്യനില്‍ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങള്‍ തടയുന്നതുമൂലവും ഭൂമിയിലെതാപനില വര്‍ദ്ധിക്കുന്നു, മനുഷ്യന്റെ അത്യാര്ത്തിയുടെ പരിണിതഫലമായി ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സംഭവിക്കുന്നു. ഇത് പാരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പരിസ്ഥിതി നശീകരണമാണ് കാലവസ്ഥ വ്യതിയാനത്തിന്റെ മുഖ്യ കാരണമായി കാണുന്നഹറ. അതിനാല്‍ പരിസ്ഥിയുടെ സംരക്ഷണം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറണം.
നിത്യജീവിതത്തിലെ മനുഷ്യന്റെ ഉപഭോഗസംസ്കാരവും ജീവിത ശൈലിയും പരിസ്ഥിതിയെ സാരമായി ബാധിക്കുന്നുവെന്ന് കാണാം. നാം ഉപയോഗിക്കുന്ന നിത്യോപയോഗ വസ്തുക്കള്‍ പേസ്റ്റ്, സോപ്പ്, ലോഷന്‍, ഡിഷ് വാഷ് ബാര്‍, ടൊയ്ലറ്റ് ക്ലീനര്‍, സ്പ്രേ,ഹെയര്‍ ജെല്ലുകള്‍, റൂം ഫ്രെഷ്നര്‍, എയര്‍ കണ്ടീഷണര്‍, റെഫ്രിജേറ്റര്‍ എന്നീ മാറ്റി വയ്ക്കാനാകാത്ത പലതും കുറേശ്ശെയായി നമ്മുടെപരിസ്ഥിതിയെ മലിനപ്പെടുത്തിക്കൊണ്ടിരുന്നു. ഇവ ഭൂമിയില്‍ അന്തഃരീക്ഷത്തെ നശിപ്പിക്കുന്നു. സാധന സാമഗ്രികള്‍ വാങ്ങി അവയെ ടിന്നുകളില്‍ അടച്ച് ബാക്കിയാകുന്ന പ്ലാസ്റ്റിക് കവറുകള്‍ നാം കത്തിക്കുന്നു. മണ്ണിനൊപ്പം ഉരുകിച്ചുരുങ്ങിയ ഇവ ലയിച്ചുചേരാതെ മണ്ണില്‍ തന്നെ കിടക്കുന്നു. മഴ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നത് തടയുന്ന ഇവ വെളളത്തെ ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകിയകറ്റുന്നു. മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ടമാകുന്നു
നാം നേരിടുന്ന മറ്റൊരു മാലിന്യ പ്രശ്നമാണ് ഇ-മാലിന്യം. ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക്കല്‍/ഇലക്ട്രോണിക് ഉപകരണങ്ങളും ഉപകരണഭാഗങ്ങളും ചേര്‍ന്നതാണ് ഇ-മാലിന്യം അഥവാ ഇലക്ട്രോണിക് മാലിന്യം. ഉപയോഗശൂന്യമായ ഇത്തരം ഉപകരണങ്ങളെ നാം മണ്ണിലേക്ക് വലിച്ചെറിയുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ ചെറുതല്ല. ജീവന് ആധാരമായ വായുവിന്റെ മലിനീകരണം നാള്‍ക്കുനാള്‍ കൂടി വരുന്നു, വിഷവാതകങ്ങളിലൊന്നായ കാര്‍ബണ്‍ മോണോക്സൈഡ് അന്തിരീഷത്തില് വ്യാപിക്കുന്നതിന് മാലിന്യ സംസ്കരണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാത്ത വ്യവസായശാലകള്‍ കാരണമാകുന്നു. ഫാക്ടറികള്‍ വികസനം നല്കുന്നു എങ്കിലും ഫാക്ടറികളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പുറം തളളപ്പെടുന്ന മാലിന്യങ്ങള്‍ പുഴകളിലും തോടുകളിലും തുറന്നുവിടുമ്പോള്‍ വിഷാംശം കലരുന്ന ജലം പ്രകൃതിയിലെ ജീവജാലങ്ങളില്‍ അതിജീവനത്തിന്റെ സാധ്യതകള്‍ കുറയ്ക്കുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ തകിടം മറിക്കുകയും ചെയ്യുമെന്നതിനാല്‍ നൂതന സങ്കേതിക വിദ്യകള്‍ നടപ്പിലാക്കി അത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം.
കാലാവസ്ഥാവ്യതിയാനം നമ്മുടെ ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അന്തരീക്ഷ ഊഷ്മാവ് കൂടുന്നതനുസരിച്ച് പല ജലജന്യ രോഗങ്ങളും ഉണ്ടാക്കുന്ന ബാക്ടീരിയകള്‍ (കോളറ,വയറിളക്കം, ഹെപ്പറ്റെറ്റിസ്) പെരുകും. സൂര്യാഘാതമേല്‍ക്കല്‍, നിര്‍ജ്ജലീകരണം തുടങ്ങിയ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. ഭൂമിയുടെ ഉപരിതല വിസ്തീര്‍ണ്ണത്തില്‍ എഴുപത്തിയൊന്ന് ശതമാനവും സമുദ്രമാണ്. ഭൂമിയിലെ ആകെ ജലത്തില്തൊണ്ണൂറ്റിഏഴ്ശതമാനവും ഉപ്പുവെള്ളമാണ്. ബാക്കിയുള്ള മൂന്ന് ശതമാനം വെള്ളത്തില്‍ എഴുപത് ശതമാനവും ധ്രുവപ്രദേശങ്ങളിലും, പര്‍വ്വതങ്ങളിലും മഞ്ഞുപാളികളായി ഉറഞ്ഞു കിടക്കുന്നു. ഭൂമിയിലെ ആകെ ജലത്തിന്റെ ഒരു ശതമാനം മാത്രമാണ് മനുഷ്യന് ഉപയോഗിക്കുവാന്‍ യോഗ്യമായവിധം ഭൂമിയിലെ ജലാശയങ്ങളിലും ഭൂഗര്‍ഭജലമായും മറ്റും കാണപ്പെടുന്നത്. ലോകത്തുള്ള മുഴുവന്‍ ജലത്തിന്റെയും ഒരംശം മാത്രമേ ശുദ്ധജലമായി നമുക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ ഉള്ളൂ. ജലക്ഷാമം ഇന്ന് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള പ്രധാന വെല്ലുവിളിയായി നിലകൊള്ളുന്നു. ലോക ജനസംഖ്യയില്‍ ആറില്‍ ഒരു ഭാഗം ആളുകള്‍ക്ക് ഗുണനിലവാരമുള്ള കുടിവെള്ളം ലഭിക്കുന്നില്ല. എല്ലാ വര്‍ഷവും നാല്പത് ലക്ഷം കുട്ടികളാണ് ലോകമൊട്ടാകെ കുടിവെള്ളം ലഭിക്കാതെയും, ശുചിത്വ നിലവാരം പാലിക്കാനാകാതെയും മരണമടയുന്നതെന്ന് കണക്കുകള്‍ പറയുന്നു. ജലലഭ്യത കുറയുവാനുള്ള കാരണങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ ഏറ്റവും പ്രധാനമായത് വനനശീകരണമാണ്. 1950 മുതലുള്ള അമ്പതു വര്‍ഷം കൊണ്ട് 300 കോടി ഹെക്ടറില്‍ കൂടുതല്‍ വനങ്ങളാണ് ആഗോളതലത്തില്‍ നശിപ്പിക്കപ്പെട്ടതായി കണക്കാക്കുന്നത.് ഇപ്പോഴും ഓരോ വര്‍ഷവും ഏതാണ്ട് 2 കോടി ഹെക്ടര്‍ വനം വെട്ടിയും, കാട്ടുതീ മൂലവും, ഇടിച്ചുനിരത്തിയും നഷ്ടപ്പെടുന്നു. 1950 നും 2000 നുമിടയ്ക്ക് ആളോഹരി വനഭൂമി പകുതികണ്ട് കുറഞ്ഞു. മഴക്കാടുകള്‍ വിസ്മൃതിയിലേക്ക് നീങ്ങുകയാണ്. ജലസ്രോതസ്സുകള്‍ മലിനപ്പെട്ടു തുടങ്ങിയതോടെ ശുദ്ധജല ക്ഷാമം രൂക്ഷമായി. സമുദ്രങ്ങളുടെ നിലയും പരിതാപകരമാണ്.
പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ മാത്രം പ്രതികരിക്കുന്നതിന് പകരം പ്രകൃതിസംരക്ഷണ ബോധമുള്ള ഒരു യുവതലമുറയെ വളര്‍ത്തിയെടുക്കുവാന്‍ കഴിയണം. നമ്മുടെ പാഠ്യപദ്ധതികളില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍പ്പെടുത്തണം, പരിസ്ഥിതി ദിനം കേവലം വ്യക്ഷതൈ നടീലും സെമിനാറിലും മാത്രമാവാതെ, പരിസ്ഥിതി സംരക്ഷണ ബോധം സാധാരണ ജനങ്ങളിലെത്തിക്കുന്ന ജനകീയ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. വീടും പരിസരവും മാലിന്യ മുക്തമാക്കുക, മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക, മാലിന്യനിര്‍മ്മാര്‍ജനത്തില്‍ എല്ലാവരെയും പങ്കാളികളാക്കുക, വീടുകളില്‍ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍ അവിടെത്തന്നെ സംസ്കരിക്കുന്ന സംവിധാനങ്ങള്‍ ഒരുക്കുക, ജൈവവളപ്ലാന്റുകളും ബയോഗ്യാസും വീടുകളില്‍ തന്നെ ഉണ്ടാക്കി മാലിന്യനിര്‍മ്മാര്‍ജനം നടത്തുന്നതിന് തയ്യാറാക്കുക എന്നത് ഓരോ പൗരന്റേയും കര്‍ത്തവ്യമാകണം. അതിന് ഈ പരിസ്ഥിതി ദിനാചരണം നമുക്ക് പ്രചോദനമേകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: