ചന്ദ്രയാന്‍ മൂന്നിന്റെ അഭിമാനകരമായ വിജയത്തിന്റെ സന്തോഷവും ആഘോഷവും രാജ്യമെമ്പാടും നിറഞ്ഞുനില്ക്കുന്ന അന്തരീക്ഷത്തില്‍ ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആ പ്രഖ്യാപനം ചരിത്രപരമാണ്. ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ കാലൂന്നിയ ഇടം ഇനി അറിയപ്പെടുക ‘ശിവശക്തി’ എന്നായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഒരേസമയം ശാസ്ത്രീയരംഗത്ത് നാം കൈവരിക്കുന്ന നേട്ടങ്ങളിലും, നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിലുമുള്ള അഭിമാനത്തിന് തെളിവാണ്. നാമകരണം നമ്മുടെ പാരമ്പര്യമാണെന്നും, മനുഷ്യരാശിയുടെ ക്ഷേമമാണ് ശിവശക്തിയിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും, ആ ലക്ഷ്യം നിറവേറ്റാനുള്ള കഴിവ് നമുക്ക് ലഭിക്കുമെന്നും പ്രതിഭാശാലികളായ ശാസ്ത്രജ്ഞന്മാര്ക്കിടയില്നിന്ന് പ്രധാനമന്ത്രി ലോകത്തെ അറിയിരിക്കുകയായിരുന്നു. ചന്ദ്രയാന്‍ മൂന്ന് വിജയംകുറിച്ച ആഗസ്ത് 23 ഇനിമുതല്‍ എല്ലാ വര്‍ഷവും ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാനുള്ള തീരുമാനം ഈ വിജയത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ്. പൂര്‍ണവിജയം നേടാന്‍ കഴിയാതിരുന്ന ചന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തെ ‘തിരംഗപോയിന്റ്’ എന്നു പേരിട്ടതും നമ്മുടെ ശാസ്ത്ര സമൂഹത്തിന്റെ കഴിവിനും ആത്മാര്‍ത്ഥതയ്ക്കുമുള്ള അംഗീകാരമാണ്. ശാസ്ത്ര മുന്നേറ്റത്തില്‍ നമുക്ക് പരാജയമെന്നൊന്ന് ഇല്ലെന്നും, പ്രയത്നങ്ങളാണുള്ളതെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ വലിയ പ്രചോദനമാണ്. ബഹിരാകാശ രംഗത്ത് പുത്തന്‍ കുതിപ്പുകള്‍ക്ക് തയ്യാറെടുക്കുന്ന ഐഎസ്ആര്‍ഒയ്ക്ക് ഇനിയും അത്ഭുതങ്ങള്‍ കാഴ്ചവയ്ക്കാനാവും. അടുത്തുതന്നെ തുടക്കമിടുന്ന ആദ്യ സൗര ദൗത്യം ഇതിലുള്‍പ്പെടുന്നു.
ചന്ദ്രയാന്‍ മൂന്നിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തിയ വിജയമാണ് ഭാരതം കൈവരിച്ചത്. പല രാജ്യങ്ങളും അക്കാര്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഭാരതത്തിന്റെ ബഹിരാകാശ ദൗത്യത്തെ പരിഹസിച്ചിരുന്ന വന്‍ ശക്തികള്‍ക്ക് ശക്തമായ മറുപടിയാണ് ചന്ദ്രയാന്‍ മൂന്ന് നല്‍കിയിരിക്കുന്നത്. ചന്ദ്രയാന്‍ മൂന്നിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ ഇരുണ്ട മേഖലയില്‍ വിക്രം ലാന്‍ഡറിന് എത്തിച്ചേരാന്‍ കഴിഞ്ഞ ആദ്യത്തെ രാജ്യമാണ് ഭാരതം എന്ന വസ്തുത പ്രത്യേകം ശ്രദ്ധേയമാണ്. ഇതിനു മുന്‍പ് ചന്ദ്രനില്‍ കാലൂന്നിയ വന്‍ശക്തികള്‍ ഇങ്ങനെയൊന്നിനു ശ്രമിക്കാതിരിക്കുകയും, അതിനു ശ്രമിച്ച റഷ്യ പരാജയപ്പെടുകയും ചെയ്തപ്പോഴാണ് ആദ്യാവസാനം ഒരിക്കല്‍പ്പോലും പിഴയ്ക്കാതെ ഭാരതത്തിന്റെ ദൗത്യം വിജയം കൈവരിച്ചിട്ടുള്ളത്. ലോകത്തെ മറ്റു പല ബഹിരാകാശ ദൗത്യങ്ങളെയും അപേക്ഷിച്ച് വളരെ ചെറിയ തുക ചെലവഴിച്ച് ഈ മഹത്തായ വിജയം കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞത് വിജയത്തിന്റെ മാറ്റുകൂട്ടുന്നു. ചന്ദ്രോപരിതലത്തില്‍ ശിവശക്തിക്കു ചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന റോവര്‍ അവിടെനിന്നുള്ള ചിത്രങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. ചന്ദ്രനിലെ അന്തരീക്ഷം, അവിടത്തെ മണ്ണ്, ധാതുക്കള്‍ എന്നിവയുടെ വിവരങ്ങള്‍ ശേഖരിച്ച് അയയ്ക്കുന്നതോടെ ഇതുവരെ ലോകത്തിന് അജ്ഞാതമായിരുന്ന നിരവധി രഹസ്യങ്ങളുടെ വാതായനങ്ങള്‍ തുറക്കപ്പെടും. ഇതാകട്ടെ മനുഷ്യരാശിക്കു മുഴുവന്‍ പ്രചോദനം നല്കുന്നതുമായിരിക്കും. പൗരാണിക കാലം മുതല്‍ ലോകത്തിന് വഴികാട്ടിയിരുന്ന ഭാരതം ആ പാതയില്‍ മുന്നേറുകയാണ്.
ഐതിഹാസികമായ ഒരു ശാസ്ത്രനേട്ടത്തെക്കുറിക്കാന് ശിവശക്തിയെന്നു പേരിട്ടതില്‍ ഒരു ജനത മുഴുവന്‍ അഭിമാനംകൊള്ളുമ്പോള്‍ ചില ദോഷൈകദൃക്കുകള്‍ നെറ്റിചുളിക്കുന്നതും കാണാതെ പോകരുത്. നേട്ടം കൈവരിച്ചത് ഭാരതമാണ്. ശിവചൈതന്യം അതിന്റെ ആത്മാവാണ്. ശിവശക്തിയില്‍ മതവും വര്‍ഗീയതയുമൊക്കെ കാണുന്നവര്‍ രാജ്യസ്നേഹികളല്ല. അമേരിക്കയുടെ ചാന്ദ്രദൗത്യത്തിന് ആ രാജ്യം നല്കിയ പേര് ‘അപ്പോളോ’ എന്നായിരുന്നു. ഗ്രീക്ക് പുരാണങ്ങളിലെ ദേവനാണ് അപ്പോളോ. അന്നുമുതല്‍ ഇന്നുവരെ അത് അംഗീകരിച്ചും പ്രചരിപ്പിച്ചും പോരുന്നവരാണ് ശിവശക്തിയോട് ദുര്‍മുഖം കാണിക്കുന്നത്. ഇതൊന്നും കാര്യമാക്കേണ്ടതില്ല. ഭാരതത്തിന്റെ ചാന്ദ്ര ദൗത്യത്തെ പരിഹസിച്ച ചിലര്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുമെന്നു വന്നപ്പോള്‍ മാറ്റിപ്പറയുകയുണ്ടായല്ലോ. ബഹിരാകാശരംഗത്തെ ഈ കുതിപ്പുകള്‍ ഭാരതത്തിന് പണ്ടേ നേടാനാവുമായിരുന്നു. രാജ്യം ഭരിച്ചിരുന്നവര്‍ക്ക് താല്‍പ്പര്യമില്ലാത്തതിനാലാണ് അങ്ങനെ സംഭവിക്കാതെ പോയത്. വാജ്പേയി സര്‍ക്കാരിന്റെ ഭരണകാലത്ത് ബഹിരാകാശ രംഗത്ത് ഉണ്ടാക്കിയ നേട്ടത്തിന്റെ തുടര്‍ച്ചയ്ക്കായി പണം അനുവദിക്കണമെന്ന ഐഎസ്ആര്‍ഒയുടെ അഭ്യര്‍ത്ഥന കോണ്‍ഗ്രസ്സ് നേതൃത്വം നല്കിയ പത്ത് വര്‍ഷത്തെ യുപിഎ സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നുവല്ലോ. എന്നിട്ടും ഭാരതത്തിന്റെ ശാസ്ത്രരംഗത്തെ നേട്ടങ്ങളുടെ കുത്തക നെഹ്റു കുടുംബത്തിന് അവകാശപ്പെട്ടതാണെന്ന് യാതൊരു ലജ്ജയുമില്ലാതെ ഇക്കൂട്ടര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ പുതിയൊരു ഭാരതം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിന്റെ തെളിവാണ് ചന്ദ്രയാന്‍ മൂന്നിന്റെ തിളക്കമാര്‍ന്ന വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: