ബെംഗളൂരു: ഭാരതത്തെ മൂന്നാം നിരയില്‍ നിന്നും മുന്‍നിരയിലെത്തിച്ചതില്‍ ഐഎസ്ആര്‍ഒയുടെ പങ്ക് വളരെ നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡിങ് വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി നേരിട്ടഭിനന്ദിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തില്‍ ഭാരതത്തിന്റെ അഭിമാനമാണ് ചാന്ദ്രയാന്‍-3, അദ്ദേഹം പറഞ്ഞു.
ഇസ്ട്രാക്കിലെത്തിയ പ്രധാനമന്ത്രിയെ ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ് പൂച്ചെണ്ട് നല്കി സ്വീകരിച്ചു. ചന്ദ്രയാന്‍ മൂന്നിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അനുമോദിച്ചു. പുലര്‍ച്ചെ അഞ്ചരയ്ക്ക് ബെംഗളൂരുവിലെ എച്ച്എഎല്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ജയ് ജവാന്, ജയ് കിസാന്‍, ജയ് വിജ്ഞാന്, ജയ് അനുസന്ധാന്‍ മുദ്രാവാക്യം മുഴക്കി ജനങ്ങളെ അഭിസംബോധന ചെയ്തു. തുടര്‍ന്നാണ് ഇസ്ട്രാക്കിലേക്ക് പോയത്. ശാസ്ത്രജ്ഞര്‍ ഗ്രാഫിക്സിലൂടെ റോവറിന്റെ പ്രവര്‍ത്തനം പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു.
അതോടൊപ്പം തന്നെ ലാന്‍ഡറിന്റെ നിഴല്‍ ചന്ദ്രോപരിതലത്തില്‍ പതിഞ്ഞ ചിത്രവും നല്കി. തങ്ങളെ നേരില്‍ക്കാണാന്‍ പ്രധാനമന്ത്രി എത്തിയതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സോമനാഥ് പ്രതികരിച്ചു.അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ ബഹിരാകാശ വ്യവസായം എട്ട് ബില്യണ്‍ ഡോളറില്‍ നിന്ന് 16 ബില്യണ്‍ ഡോളറിലെത്തുമെന്ന് വിദഗ്ധരുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.
ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അക്ഷീണം പ്രയത്നിക്കുമ്പോള്‍, കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍, ബഹിരാകാശവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം നാലില്‍ നിന്ന് 150 ആയി ഉയര്‍ന്നു. സപ്തംബര്‍ ഒന്നു മുതല്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചന്ദ്രയാന്‍ ദൗത്യത്തെക്കുറിച്ചുള്ള ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളമുള്ള വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
വേദഗ്രന്ഥങ്ങളിലെ ജ്യോതിശാസ്ത്ര സൂത്രവാക്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ പുതിയ തലമുറ മുന്നോട്ട് വരണം. പുതിയ കാലത്ത് ശാസ്ത്രസാങ്കേതികരംഗത്ത് നേതൃത്വം നല്‍കേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്കിയ പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈദഗ്ധ്യ നിര്‍മാണപ്പുരയായി ഇന്ത്യ മാറിയെന്ന് ചൂണ്ടിക്കാട്ടി. സമുദ്രത്തിന്റെ ആഴം മുതല്‍ ആകാശത്തിന്റെ ഉയരം വരെയും ബഹിരാകാശത്തിന്റെ അഗാധതലങ്ങള്‍ വരെയും യുവതലമുറയ്ക്കു ചെയ്യാന്‍ ധാരാളം കാര്യങ്ങള്‍ ഉണ്ട്. ഈ അവസരങ്ങളെല്ലാം പുതിയ തലമുറ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: