കോഴിക്കോട്: 370-ാം വകുപ്പ് റദ്ദാക്കിയ നടപടിയിലൂടെ കശ്മീരില്‍ ഭീകരര്‍ക്ക് പിന്തുണയില്ലാതായെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ് പറഞ്ഞു. കേസരി വാരിക സംഘടിപ്പിച്ച ‘അമൃതശതം’ വ്യാഖ്യാനമാലയില്‍’ ജമ്മു കശ്മീരിന്റെ ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കശ്മീരിലെ ഭൂരിപക്ഷം ജനതയും ഇന്ന് സംതൃപ്തരാണ്. പ്രതിഷേധാഹ്വാനങ്ങള്‍ക്ക് ആളെകിട്ടാതായി. ഒരേ സമയം മുന്നൂറ് സ്ഥലങ്ങളില്‍ ആസൂത്രിതമായി കല്ലേറ് ഉണ്ടായ സംസ്ഥാനം പൊതുവെ ശാന്തമായി. ഭീകരരുടെ ആയുസ്സ് രണ്ടോ മൂന്നോ മാസമായി ചുരുങ്ങി. വര്‍ഷങ്ങളായി സിനിമാപ്രദര്‍ശനം നിഷേധിച്ച സംസ്ഥാനത്ത് ഹോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഇന്ന് കശ്മീര്‍ മാറിക്കഴിഞ്ഞു. 80 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം ടൂറിസ്റ്റുകളായി എത്തിയത്. അത് ഈ വര്‍ഷം രണ്ട് കോടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന് മാതൃകാപരമായ രീതിയില്‍ പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വന്നു.
കശ്മീരി പണ്ഡിറ്റുകളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കാന്‍ കഴിഞ്ഞു. നിര്‍ബന്ധിത രീതികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഭൂമിയൊഴിച്ച് അന്യാധീനപ്പെട്ട സ്ഥലങ്ങള്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഇന്ന് പ്രാപ്യമാണ്. ഏഴായിരത്തോളം തൊഴിലവസരങ്ങള്‍ അവര്‍ ക്കായി സൃഷ്ടിക്കപ്പെട്ടു. ഭീകരരാല്‍ കൊല്ലപ്പെട്ടവരുടെ കേസുകളില്‍ നീതി ഉറപ്പാക്കാന്‍ നടപടികളാരംഭിച്ചു.
തികച്ചും നിയമവിരുദ്ധമായ രീതിയിലാണ് 370 ാം വകുപ്പ് ഭരണഘടനയില്‍ ചേര്‍ക്കപ്പെട്ടത്. എന്നാല്‍ 2019 ആഗസ്റ്റ് അഞ്ചിന് തികച്ചും നിയമവിധേയമായ രീതിയിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ അനധികൃത വകുപ്പിനെ നിയമവിരുദ്ധമാക്കിയത്. 370 ാം വകുപ്പ് റദ്ദാക്കിയാല്‍ ശ്രീനഗറില്‍ രക്തപ്പുഴയും കലാപങ്ങളും പടരുമെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ അതുണ്ടായില്ല. കശ്മീരിലെ പ്രത്യേക അവകാശം റദ്ദാക്കിയ നടപടി സാധാരണ ജനങ്ങളെയല്ല, അവിടുത്തെ ഒരു വിഭാഗം രാഷ്ട്രീയ നേതൃത്വത്തെ മാത്രമാണ് ബാധിച്ചത്. വര്‍ഷങ്ങളായി നിലനിന്ന ഒരു അനധികൃത നിയമത്തെ മണിക്കൂറുകള്‍ കൊണ്ട് നിയമം ഇല്ലാതാക്കാന്‍ ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേണല്‍ പി. പ്രഭാകര കുറുപ്പ് അദ്ധ്യക്ഷനായി. ടി.വി. ഉണ്ണികൃഷ്ണന്, ഡോ.എ. ധീരജ് എന്നിവര്‍ സാംസാരിച്ചു. മുന്‍ ഇന്‍കംടാക്സ് ചീഫ് കമ്മിഷണര്‍ പി.എന്‍. ദേവദാസ്, ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് അംഗം ടി.വി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. സപ്തംബര്‍ 10ന് നടക്കുന്ന അമൃതശതം പ്രഭാഷണ പരമ്പരയുടെ അടുത്ത പരിപാടിയില്‍ ‘ഹിന്ദുത്വത്തിന്റെ ആഗോളീകരണവും സംഘപ്രസ്ഥാനങ്ങളും’ എന്ന വിഷയത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സമിതി അംഗം ഡോ. സദാനന്ദ സപ്രേ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: