തൃശൂര്‍: ഓണക്കാലം ലക്ഷ്യമിട്ട് സ്പിരിറ്റ് -വ്യാജ ചാരായ ഒഴുക്ക് ശക്തമായി. തമിഴ്നാട്ടിലും കര്‍ണാടകയിലുമുള്ള കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍തോതില്‍ സ്പിരിറ്റ് എത്തിച്ച് ചെറിയ വാഹനങ്ങളില്‍ പ്രത്യേക അറയുണ്ടാക്കി കൊണ്ടുവരുന്നതായാണ് റിപ്പോര്‍ട്ട്. വ്യാജമദ്യം കയറ്റിയ വാഹനങ്ങള്‍ അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്. കോയമ്പത്തൂരില്‍ നിന്ന് സ്പിരിറ്റ് ശേഖരിച്ച് ചെറിയ വാഹനങ്ങളില്‍ പോലീസിനെ കബളിപ്പിച്ചാണ് കേരളത്തിലേക്ക് കടത്തുന്നത്.
കോയമ്പത്തൂരാണ് സ്പിരിറ്റിന്റെ ഉറവിടങ്ങള്‍. ഇവിടത്തെ ഷുഗര്‍ ഫാക്ടറികളില്‍ നിന്നാണ് സ്പിരിറ്റ് എത്തുന്നത്. പഞ്ചസാരയും സ്പിരിറ്റും വെള്ളവും ഡയസെപാമും മറ്റ് രാസവസ്തുക്കളും ഗുളികകളുമെല്ലാം ചേര്‍ത്ത് വ്യാജമദ്യവും നിര്‍മ്മിക്കുന്നുണ്ട്. പഞ്ചസാരയ്‌ക്കു പകരം സാക്രിനും വ്യാപകമായി ചേര്‍ക്കുന്നുണ്ട്. ഓണം പോലുള്ള വിശേഷ അവസരങ്ങളില്‍ കൂടുതല്‍ വില്‍പ്പന നടക്കുന്ന വിലകുറഞ്ഞ മദ്യം വില്‍പനശാലകളില്‍ സ്റ്റോക്ക് കുറയുന്നത് മുതലെടുത്താണ് വ്യാജ മദ്യ വില്പന. ഇത് തിരിച്ചറിഞ്ഞ് എക്‌സൈസും പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. എന്നാലും ഇവരുടെ കണ്ണുവെട്ടിച്ച് സ്പിരിറ്റ് കേരളത്തില്‍ എത്തുന്നുണ്ടെന്നാണ് വിവരം.
മദ്യക്ഷാമവും പരിശോധനയുടെ പരിമിതികളും അവസരമാക്കി ഓണത്തിന് വ്യാജ മദ്യം നിര്‍മ്മിക്കാനും കള്ള് ഷാപ്പുകളില്‍ വ്യാജക്കള്ള് നിര്‍മ്മാണത്തിനുമായാണ് മാഫിയാ സംഘങ്ങള്‍ സ്പിരിറ്റ് സംഭരിക്കുന്നത്. ഒരു ലിറ്ററിന് 450 രൂപ വരെയാണ് സ്പിരിറ്റിന്റെ ചില്ലറ വില്‍പ്പന വില. നേര്‍പകുതിയാണ് കടത്തുകാരുടെ ലാഭം. ഒരു ലിറ്ററില്‍ അഞ്ചിരട്ടി വെള്ളം ചേര്‍ത്താണ് വ്യാജന്റെ നിര്‍മ്മാണം. അഞ്ഞൂറ് രൂപയില്‍ താഴെ മുതല്‍ മുടക്കി വാങ്ങുന്ന സ്പിരിറ്റ് മദ്യമാക്കി 2500 രൂപവരെ ലാഭം കൊയ്യും. സംസ്ഥാന അതിര്‍ത്തികളിലെ ഗോഡൗണുകളില്‍ കന്നാസുകളിലാക്കി സംഭരിച്ച് സൂക്ഷിക്കുന്ന സ്പിരിറ്റ് ആഡംബര കാറുകളിലെ അറകളിലും ചരക്ക് വാഹനങ്ങള്‍ക്കുള്ളിലും ഒളിപ്പിച്ചാണ് കടത്തുന്നത്.
അന്തര്‍ സംസ്ഥാന സ്പിരിറ്റ് മാഫിയയും ചില്ലറക്കച്ചവടക്കാരും തമ്മില്‍ ഒരുതരത്തിലും ബന്ധപ്പെടാത്ത വിധമാണ് കച്ചവടം. ഇടനിലക്കാരുടെ പലകൈ മറിഞ്ഞേ വാഹനം സ്പിരിറ്റ് ഗോഡൗണിലെത്തൂ. സ്പിരിറ്റ് ലോഡ് ചെയ്താല്‍ വാഹനം താക്കോല്‍ സഹിതം സുരക്ഷിത സ്ഥാനത്തെത്തിച്ച് വണ്ടി കിടക്കുന്ന സ്ഥലം പണം കൈമാറിയ ആള്‍ക്ക് പറഞ്ഞുകൊടുക്കുന്നതാണ് രീതി. ഇതുകാരണം സ്പിരിറ്റ് എവിടെ നിന്നാണ് കൊണ്ടുവന്നതെന്നോ ആരാണ് എത്തിച്ചതെന്നോ ആര്‍ക്കാണെന്നോ ഇടനിലക്കാരില്‍ പലര്‍ക്കും അറിയില്ല. വാഹനം സ്പിരിറ്റ് സഹിതം പിടികൂടിയാല്‍ ഒന്നോ രണ്ടോ കണ്ണികള്‍ക്ക് അപ്പുറത്തേക്കോ ഉറവിടത്തിലേക്കോ അന്വേഷണം നീളാത്തതിനാല്‍ അന്തര്‍ സംസ്ഥാന കടത്തുകാര്‍ എപ്പോഴും സുരക്ഷിതരായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: