കോട്ടയം: ദേശീയപാതാ വികസനത്തിന് ഏറ്റെടുക്കുന്ന ക്ഷേത്രഭൂമിയുടെ നഷ്ടപരിഹാരത്തുക ക്ഷേത്രങ്ങള്‍ക്ക് നല്‍കാതെ സംസ്ഥാന സര്‍ക്കാരില്‍ അടയ്ക്കണമെന്ന ഉത്തരവ് അതിരുകടന്നതും ധാര്‍ഷ്ട്യവുമാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. ക്ഷേത്ര സ്വത്തുക്കളുടെ അവകാശ-അധികാരങ്ങള്‍ മൈനറായ ദേവി ദേവന്മാരില് മാത്രം നിക്ഷിപ്തമാണെന്നിരിക്കെ ആ മൂര്‍ത്തിയുടെ അധികാരങ്ങളെ ചോദ്യം ചെയ്യുന്നതും ചൂഷണം ചെയ്യുന്നതുമാണ് സര്‍ക്കാര്‍ ഉത്തരവെന്ന് സമിതി ഭാരവാഹികള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
റവന്യൂ റിക്കാര്‍ഡുകളില്‍ ക്ഷേത്രഭൂമി തണ്ടപ്പേരുമാറ്റി പുറമ്പോക്ക് എന്നുരേഖപ്പെടുത്തുകയും തുടര്‍ന്ന് പുറമ്പോക്കിന്റെ മറവില്‍ ഭൂമി പതിച്ചു നല്‍കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുവരുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രം.
ക്ഷേത്രഭൂമി അന്യാധീനപ്പെടുത്തുന്നതിനോ ഏറ്റെടുക്കുന്നതിനോ സര്‍ക്കാരിനോ മറ്റുള്ളവര്‍ക്കോ അധികാരമില്ലെന്നിരിക്കെ ദേശീയപാത പോലുള്ള രാഷ്ട്രത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി മറ്റൊരു മാര്‍ഗവും ഇല്ലെങ്കില്‍ മാത്രം അനിവാര്യമായ സന്ദര്‍ഭത്തില്‍ ക്ഷേത്രഭൂമി ഏറ്റെടുക്കേണ്ടി വന്നാല്‍ അതിന്റെ നഷ്ടപരിഹാരത്തുകയ്ക്ക് അവകാശം സര്‍ക്കാരിനില്ല, അതാത് ക്ഷേത്രങ്ങള്‍ക്കാണ്. ആ തുക ക്ഷേത്ര ട്രസ്റ്റിമാര്‍ക്ക് ഏല്‍പ്പിച്ചു നല്‍കണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത പരിഹരിക്കേണ്ടതിന്റെ ഉത്തരവാദിത്തം ക്ഷേത്രങ്ങള്‍ക്കല്ല, ഭരിക്കുന്നവര്‍ക്കാണ്. അതു മറച്ചുവച്ച് എന്‍എച്ച് 66നു വേണ്ടി ക്ഷേത്രഭൂമി ഏറ്റെടുക്കുമ്പോള്‍ അതിന്റെ നഷ്ടപരിഹാരത്തുക സര്‍ക്കാരില്‍ അടയ്ക്കണമെന്ന ഉത്തരവ് പിന്‍വലിക്കണം.
അല്ലാത്തപക്ഷം നിയമനടപടികള്‍ക്കും സമരപരിപാടികള്‍ക്കും കേരള ക്ഷേത്രസംരക്ഷണ സമിതി നേതൃത്വം നല്‍കും. ഹൈവേ നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന നഷ്ടപരിഹാരത്തുക സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കാതെ ക്ഷേത്രങ്ങള്‍ക്ക് നേരിട്ട് നല്‍കണമെന്നും ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് എം. മോഹനന്, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന് എന്നിവര്‍ ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതിന് താല്പര്യമില്ലാതെ സ്വത്തുക്കളും സമ്പത്തും കൈവശപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങള്‍ തിരിച്ചറിഞ്ഞ് വിശ്വാസികള്‍ പ്രതികരിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: