ന്യൂദല്‍ഹി: വാതുവെപ്പ്/ചൂതാട്ടം എന്നിവ സംബന്ധിച്ച് എല്ലാ രീതികളിലുമുള്ള പരസ്യങ്ങള്‍/പ്രമോഷണല്‍ ഉള്ളടക്കങ്ങള്‍ കാണിക്കുന്നതില്‍ നിന്ന് ഉടന്‍ വിട്ടുനില്‍ക്കാന്‍, മാധ്യമ സ്ഥാപനങ്ങള്‍, ഓണ്‍ലൈന്‍ പരസ്യ ഇടനിലക്കാര്‍, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ പങ്കാളികളോടും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് നിര്‍ദ്ദേശിച്ചു. ഈ നിര്‍ദേശം പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ വിവിധ ചട്ടങ്ങള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉചിതമായ നടപടിയ്‌ക്ക് വിധേയമാകേണ്ടി വരും എന്ന് കൂട്ടിച്ചേര്‍ത്തു.
ചൂതാട്ട/വാതുവയ്‌പ്പ് പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്കും കുട്ടികള്‍ക്കും, കാര്യമായ സാമൂഹികസാമ്പത്തിക അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നതായി മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. ചൂതാട്ട ആപ്പുകളുടെ ഉപയോക്താക്കളില്‍ നിന്ന് ഗണ്യമായ തോതില്‍ പണം പിരിച്ചെടുത്ത ഏജന്റുമാരുടെ ശൃംഖലയ്‌ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ മന്ത്രാലയം എടുത്ത് പറഞ്ഞു. ഈ സംവിധാനത്തിന് കള്ളപ്പണം വെളുപ്പിക്കല്‍ ശൃംഖലകളുമായി ബന്ധമുണ്ടെന്നും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്‌ക്ക് ഭീഷണിയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഈ നിയമവിരുദ്ധതയ്‌ക്കൊപ്പം ഇത്തരം പരസ്യങ്ങള്‍ക്ക് പണം നല്‍കുന്നതിന് കള്ളപ്പണം ഉപയോഗിക്കാനും സാധ്യതയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിനായി, ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന കായിക മത്സരങ്ങളില്‍ പരസ്യ ഇടനിലക്കാര്‍, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെയുള്ള ചില മാധ്യമ സ്ഥാപനങ്ങള്‍ എന്നിവ, വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ്‌ഫോമുകളുടെ പ്രത്യക്ഷവും പരോക്ഷവുമായ പരസ്യങ്ങള്‍ അനുവദിക്കുന്നുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
കൂടാതെ, ഒരു പ്രധാന കായിക മത്സരത്തില്‍, പ്രത്യേകിച്ച് ക്രിക്കറ്റില്‍, അത്തരം വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ്‌ഫോമുകളുടെ പ്രോത്സാഹനം വര്‍ദ്ധിപ്പിക്കുന്ന പ്രവണതയുണ്ടെന്നും മന്ത്രാലയം നിരീക്ഷിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അത്തരത്തിലുള്ള ഒരു പ്രധാന അന്താരാഷ്‌ട്ര മത്സരം ആരംഭിക്കാനിരിക്കുന്നു.
വാതുവെപ്പ്/ചൂതാട്ട പ്ലാറ്റ്‌ഫോമുകളുടെ പരസ്യം നല്‍കുന്നതിനെതിരെ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് വേണ്ടി ഇത്തരം പരസ്യങ്ങള്‍ നല്‍കരുതെന്ന് ഓണ്‍ലൈന്‍ പരസ്യ ഇടനിലക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 13.06.2022, 03.10.2022, 06.04.2023 തീയതികളില്‍ മന്ത്രാലയം ഇതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമായ പ്രവര്‍ത്തനമാണെന്നും അതിനാല്‍ ഏതെങ്കിലും മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നേരിട്ടോ അല്ലാതെയോ അത്തരം പ്രവര്‍ത്തനങ്ങളുടെ പരസ്യങ്ങള്‍/പ്രമോഷന്‍ എന്നിവ ഉപഭോക്തൃ സംരക്ഷണ നിയമം, 2019, പ്രസ് കൗണ്‍സില്‍ ആക്റ്റ് 1978 എന്നിവ ഉള്‍പ്പെടെയുള്ള വിവിധ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഈ നിര്‍ദേശത്തില്‍ പ്രസ്താവിക്കുന്നു.
കൂടാതെ, ഈയിടെ ഭേദഗതി വരുത്തിയ ചട്ടം 3 (1) (ബി) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇടനിലക്കാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങള്‍ , 2021, പ്രകാരം ഇടനിലക്കാര്‍ സ്വയം ഇത്തരം പരസ്യങ്ങള്‍ നല്കരുതെന്നും അതിന്റെ കമ്പ്യൂട്ടര്‍ സ്രോതസ്സുകള്‍ ഉപയോഗിക്കുന്നവര്‍ അത്തരം പരസ്യങ്ങള്‍ നല്‍കുകയോ, പ്രദര്‍ശിപ്പിക്കുകയോ,അപ്‌ലോഡ് ചെയ്യുകയോ, പ്രസിദ്ധീകരിക്കുകയോ, അപ്‌ഡേറ്റ് ചെയ്യുകയോ, വിവരങ്ങള്‍ കൈമാറ്റം ചെയ്യാന്‍ ഇടനല്‍കുകയോ, ചെയ്യരുതെന്നും നിര്‍ദേശിക്കുന്നു.
അനുവദനീയമായ ഓണ്‍ലൈന്‍ ഗെയിമായി അംഗീകരിക്കാത്തതും എന്നാല്‍ ഒരു ഓണ്‍ലൈന്‍ ഗെയിമിന്റെ സ്വഭാവത്തിലുള്ള ഏതെങ്കിലും വിവരങ്ങള്‍; അനുവദനീയമല്ലാത്ത ഓണ്‍ലൈന്‍ ഗെയിമിന്റെയോ അല്ലെങ്കില്‍ അത്തരത്തിലുള്ള ഒരു ഓണ്‍ലൈന്‍ ഗെയിം വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും ഇടനിലക്കാരുടെയോ പരസ്യം അല്ലെങ്കില്‍ അവര്‍ക്കു വേണ്ടിയുള്ള പരസ്യം എന്നിവയ്‌ക്ക് ചൂതാട്ടം / വാതുവെപ്പ് പ്രോത്സാഹനത്തിന്റെ സ്വഭാവമുള്ളതായി ഈ ചട്ടത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: