ന്യൂദല്‍ഹി: . പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും ബ്രിക്സ് ഉച്ചകോടിക്കിടെ സംസാരിച്ചത് ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ചാണെന്ന ചൈനയുടെ അവകാശവാദം പച്ചക്കള്ളമാണെന്ന് ഇന്ത്യ വ്യക്തമാക്കി. ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് അവകാശവാദം.
ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനപ്രകാരം പ്രസിഡന്റ് ഷി ജിന്‍പിങ് അദ്ദേഹവുമായി സംസാരിച്ചുവെന്നാണ് പത്രക്കുറിപ്പ്. അതേസമയം, ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി ചൈനയുടെ ഭാഗത്ത് നിന്നാണ് അഭ്യര്‍ത്ഥന ഉണ്ടായതെന്നും അക്കാര്യത്തില്‍ ഇന്ത്യ തീരുമാനമെടുത്തിട്ടില്ലെന്നും വിദേശകാര്യ വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം അതിര്‍ത്തിയിലെ പ്രശ്നങ്ങളിലെ ആശങ്ക ഷിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തിക്കാട്ടിയെന്ന് വിശദാംശങ്ങള്‍ പങ്കുവച്ച് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി മറ്റ് ബ്രിക്സ് നേതാക്കളുമായി ആശയവിനിമയം നടത്തി. ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാകണമെങ്കില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്തുകയും എല്‍എസി അംഗീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു.
ഇക്കാര്യത്തില്‍, ത്വരിതഗതിയിലുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കാന്‍ ഇരുനേതാക്കളും നേതാക്കള്‍ സമ്മതിച്ചുവെന്നും ക്വാത്ര പറഞ്ഞു. ബ്രിക്സ് ഉച്ചകോടിക്കിടെ ലീഡേഴ്സ് ലോഞ്ചില്‍ വച്ച് ഇരു നേതാക്കളും അനൗപചാരിക സംഭാഷണം നടത്തിയതായും വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ ബന്ധങ്ങളെക്കുറിച്ചും പങ്കാളിത്ത താത്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും അഭിപ്രായങ്ങള്‍ കൈമാറ്റം ചെയ്തുവെന്നും ബന്ധം മെച്ചപ്പെടുത്തുന്നത് ചൈനയുടെ പൊതുതാത്പര്യങ്ങള്‍ നിറവേറ്റുമെന്ന് പ്രസിഡന്റ് ഷി ഊന്നിപ്പറഞ്ഞുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: