ജോഹന്നാസ്ബര്‍ഗ് (ദക്ഷിണാഫ്രിക്ക): ഗ്ലോബല്‍ സൗത്ത് എന്നത് ഒരു നയതന്ത്ര പദമല്ലെന്നും കൊളോണിയലിസത്തിനും വര്‍ണ്ണവിവേചനത്തിനുമെതിരായ ഈ രാജ്യങ്ങളുടെ പങ്കിട്ട ചരിത്രത്തെ പ്രതിനിധീകരിക്കുന്നു, അതിന്റെ അടിസ്ഥാനത്തില്‍ ആധുനിക ബന്ധങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്യപ്പെടുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനത്ത് ബ്രിക്സ് ആഫ്രിക്ക ഔട്ട്റീച്ചിനെയും ബ്രിക്സ് പ്ലസ് ഡയലോഗിനെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. ബ്രിക്സ് രാജ്യങ്ങള്‍ക്കും ഉച്ചകോടിയില്‍ പങ്കെടുക്കുന്ന എല്ലാ സൗഹൃദ രാഷ്ട്രങ്ങള്‍ക്കും ഒരു ബഹുധ്രുവ ലോകത്തെ ശക്തിപ്പെടുത്തുന്നതിന് സംഭാവന ചെയ്യാന്‍ കഴിയുമെന്നും അദേഹം പറഞ്ഞു.
ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ നേതാക്കളുമായി ചിന്തകള്‍ പങ്കുവയ്ക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയോട് ഞാന്‍ നന്ദിപറയുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ മുന്‍ഗണനകളിലും ആശങ്കകളിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
അവര്‍ക്ക് പ്രാധാന്യം നല്‍കേണ്ടത് ഇന്നത്തെ തലമുറയുടെ ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ബ്രിക്സിന്റെ വിപുലീകരണവും ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ പുതിയ പങ്കാളി രാജ്യങ്ങളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ആഗോള സ്ഥാപനങ്ങളെയും ഫോറങ്ങളെയും മത്സരാധിഷ്ഠിതമാക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ഉപയോഗിച്ചിരുന്ന അഹിംസയുടെയും സമാധാനപരമായ ചെറുത്തുനില്‍പ്പിന്റെയും ആശയങ്ങള്‍ മഹാത്മാഗാന്ധി വികസിപ്പിച്ചതും പരീക്ഷിച്ചതും ദക്ഷിണാഫ്രിക്കന്‍ ഭൂമിയിലാണെന്ന് പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയ്ക്ക് പ്രചോദനം നല്‍കിയത് ഗാന്ധിയുടെ ചിന്തകളാണെന്ന് അദ്ദേഹം പറഞ്ഞു.
ഗ്ലോബല്‍ സൗത്തിന്റെ ആശങ്കകള്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍, ഞങ്ങള്‍ മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളെയും നിരവധി വികസ്വര രാജ്യങ്ങളെയും അതിഥി രാജ്യങ്ങളായി ക്ഷണിച്ചു. ആഫ്രിക്കന്‍ യൂണിയന് സ്ഥിരം ജി20 അംഗത്വം നല്‍കണമെന്ന നിര്‍ദേശവും ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ട്. ബ്രിക്സില്‍ അംഗത്വമെടുത്തതിന് അര്‍ജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാന്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ നേതാക്കളെയും ജനങ്ങളെയും പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും സംഘടനയുടെ വിപുലീകരണത്തെ ഇന്ത്യ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: