ബഹിരാകാശ പര്യവേഷണത്തില്‍ ഭാരതം പുതുചരിത്രം കുറിച്ചിരിക്കുന്നു. ചന്ദ്രോപരിതലത്തെ ചുംബിച്ച് ചന്ദ്രയാന്‍ 3 സാവധാനം ചെന്നിറങ്ങിയത് മനുഷ്യരാശിയുടെയാകെ ചരിത്ര നിമിഷം കൂടിയായി. ഭാരതം തങ്ങളുടെ സാങ്കേതിക മികവ് ലോകത്തെ വിളിച്ചറിയിച്ച നിമിഷം. 140 കോടി ജനങ്ങള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ബഹിരാകാശ സമൂഹത്തിനും അഭിമാനവും അന്തസ്സും ചാര്‍ത്തിയ മുഹൂര്‍ത്തം. പരാജയത്തില്‍ നിന്ന് പാഠങ്ങളുള്‍ക്കൊണ്ട് നേട്ടങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആര്‍ഒ) പാരമ്പര്യത്തിന്റെ തുടര്‍ച്ച കൂടിയാണിത്. മറ്റൊരു ദൗത്യത്തിനും കഴിയാതിരുന്ന പ്രശസ്തി ഐഎസ്ആര്‍ഒയ്ക്കു നേടിക്കൊടുക്കാന്‍ ഈ വിജയത്തിനു കഴിയും.
അമേരിക്ക, സോവിയറ്റ് യൂണിയന്, ചൈന എന്നിവയ്ക്കൊപ്പം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ലോകത്തെ നാലാം രാജ്യമായി ഭാരതമെന്നത് ചെറിയ കാര്യമല്ല. അതിനപ്പുറം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യരാജ്യമെന്ന ബഹുമതിയും നമുക്കു സ്വന്തം. ബഹിരാകാശത്തെ അതികായരായ റഷ്യ തോറ്റു പോയിടത്താണ് ഈ നേട്ടം. വെല്ലുവിളി നിറഞ്ഞതാണെന്നറിഞ്ഞിട്ടും നമ്മള് ചന്ദ്രന്റെ ദക്ഷിണാര്‍ധ ഗോളം തെരഞ്ഞെടുത്തതിന് കാരണമുണ്ടായിരുന്നു. അവിടെയാണ് ജലസാന്നിധ്യം ഏറെ കണ്ടെത്തിയത്. അതിനാല്‍, ഭാവിയില്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയാണെങ്കില് ദക്ഷിണാര്‍ധ ഗോളമാകും അഭികാമ്യമെന്ന കൃത്യമായ ബോധ്യം നമ്മുടെ ശാസ്ത്രജ്ഞര്‍ക്കുണ്ടായിരുന്നു. ദക്ഷിണ ധ്രുവം വളരെ ഇരുണ്ടതായതിനാല്‍ ചന്ദ്രന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പര്യവേഷണം സുഗമമായി കൊണ്ടുപോകാന്‍ കഴിയുമെന്നും കണക്കു കൂട്ടി. ചന്ദ്രയാന്‍ ദൗത്യം വിജയിച്ചതോടെ ഭൂമിയുടെ ഉത്ഭവത്തിനു പിന്നിലെ അടിസ്ഥാന തത്ത്വങ്ങളിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങള്‍ ശേഖരിക്കാനുള്ള വഴി തുറന്നു കിട്ടി.
2008ലാണ് ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ വിക്ഷേപിച്ചത്. ചന്ദ്രന്റെ ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ ഉയരത്തില്‍ പേടകം ചന്ദ്രനെ വലംവച്ച് ഉപരിതലത്തിന്റെ ചിത്രങ്ങളെടുത്തു. പ്രധാന ദൗത്യങ്ങളെല്ലാം പൂര്‍ത്തിയാക്കി ചന്ദ്രനെ 3400ല്‍ അധികം തവണ ഭ്രമണം ചെയ്തു. 2019ലാണ് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയും ഇതിലുള്‍പ്പെടുത്തിയിരുന്നു. പേലോഡുകള്‍ ഉപയോഗിച്ചുള്ള ശാസ്ത്രീയ പഠനം, സോഫ്റ്റ് ലാന്‍ഡിങ് എന്നിവയായിരുന്നു ലക്ഷ്യം. വിക്ഷേപണം, ലാന്‍ഡര്‍ വേര്‍തിരിക്കല്‍, ഡീബൂസ്റ്റ്, റഫ് ബ്രേക്കിങ് ഫേസ് എന്നീ ഘട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കാനായി. അവസാന ഘട്ടത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനായില്ല. ചന്ദ്രോപരിതലത്തില്‍ ക്രാഷ് ലാന്‍ഡ് ചെയ്യുകയായിരുന്നു. പരാജയ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിച്ചാണ് മൂന്നാം ദൗത്യത്തിനൊരുങ്ങിയത്. ചന്ദ്രയാന്‍ 3 വിജയിക്കുമെന്ന ആത്മവിശ്വാസം അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കുമുണ്ടായിരുന്നു. അവരെല്ലാം അത് പ്രകടിപ്പിക്കുകയും ചെയ്തു. രാജ്യം മുമ്പെങ്ങുമില്ലാത്തത്ര പ്രതീക്ഷയോടെ ആ അഭിമാന നിമിഷത്തിനായി കാത്തിരുന്നു. അതാണിപ്പോള്‍ യാഥാര്‍ഥ്യമായത്. ബഹിരാകാശ പര്യവേഷണത്തിന്റെ മാത്രമല്ല, ഇന്ത്യയുടെയാകെ കുതിപ്പിനുതന്നെ ശക്തി കൂട്ടുന്നതാണ് ഈ ചരിത്ര നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: