Categories: TechnologyEducation

ചരിത്ര മുഹൂര്‍ത്തത്തിന് നിമിഷങ്ങള്‍ മാത്രം: ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഐഎസ്ആര്‍ഒ

Published by

ബെംഗളൂര്‍: ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. സോഫ്റ്റ് ലാന്‍ഡിംഗ് തുടങ്ങുന്നത് വൈകിട്ട് 5.45 മുതല്‍. ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോകുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ലാന്‍ഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് അവസാന ഘട്ട കമാന്‍ഡുകള്‍ പേടകത്തിലേക്ക് അയച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പേടകത്തിലെ സോഫ്റ്റ്‌വെയറാണ്. മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ച് സെക്കന്‍ഡില്‍ രണ്ട് മീറ്റര്‍ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാന്‍ഡ് ചെയ്യാന്‍.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങുക. നാല് കിലോമീറ്റര്‍ വീതിയും 2.4 കിലോമീറ്റര്‍ നീളവുമുള്ള പ്രദേശമാണ് ലാന്‍ഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി & ട്രാക്കിംഗ് കമാന്‍ഡ് നെറ്റ്വര്‍ക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടക്കുന്നത്.ഭൂമിയില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലാന്‍ഡറിലേക്ക് എത്തുന്നത് ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ വഴിയാണ്.
ഓരോ പരാജയ സാധ്യതയും മുന്‍കൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം ആരംഭിച്ചത്. അതിനാല്‍ തന്നെ ഐഎസ്ആര്‍ഒയും രാജ്യവും ദൗത്യം വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ്. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് കിട്ടും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by