മുംബൈ: മഹാരാഷ്ട്രയിലെ പന്തര്‍പൂര്‍ പട്ടണത്തിലെ ക്ഷേത്രങ്ങളുടെ ഭരണാവകാശവും വരുമാനവും സര്‍ക്കാര്‍ ചുമതലയിലേക്ക് മാറ്റാനുള്ള പന്തര്‍പൂര്‍ ക്ഷേത്രനിയമത്തിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് സുബ്രഹ്മണ്യം സ്വാമി. വിശ്വാസികളുടെ അവകാശങ്ങള്‍ കവരുന്ന ഈ നിയമം ഹിന്ദു മത വികാരത്തെ വിപരീതമായി ബാധിക്കുമെന്നും സുബ്രഹ്മണ്യം സ്വാമി പൊതു താല്പര്യ ഹര്‍ജിയില്‍ വാദിച്ചു. 2022 ജൂലായില്‍ താന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയ്ക്ക് ഇത് സംബന്ധിച്ച് കത്തെഴുതിയിരുന്നുവെന്നും സുബ്രഹ്മണ്യം സ്വാമി പറയുന്നു. സര്‍ക്കാര്‍ ഭരണം ഏറ്റെടുത്താന്‍ ആചാരങ്ങളും മതപൂജകളും തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്യപ്പെടുകയെന്നും സുബ്രഹ്മണ്യം സ്വാമി വാദിക്കുന്നു.
സുബ്രഹ്മണ്യം സ്വാമിയുടെ പൊതുതാല്പര്യ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് സെപ്തംബര്‍ 13നകം വിശദീകരണം നല്കാന് ആവശ്യപ്പെട്ടിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ദേവേന്ദ്രകുമാര്‍ ഉപാധ്യായയും ആരിഫ് എസ് ഡോക്ടറും അംഗങ്ങളായ ഡിവിഷന് ബെഞ്ചാണ് വിശദീകരണം തേടിയത്.
പന്തര്‍പൂര്‍ ക്ഷേത്രനിയമം ഇല്ലാതാക്കാന്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ കോഷിയാരിക്ക് കത്തയച്ച കാര്യവും സുബ്രഹ്മണ്യം സ്വാമി ഹര്‍ജിയില്‍ ഓര്‍മ്മപ്പെടുത്തുന്നു. ഈ നിയമം നടപ്പാക്കിയാല്‍ ഭക്തര്‍ക്ക് അവരുടെ മതപരമായ കാര്യങ്ങള്‍ ആചരിക്കാനും പ്രചരിപ്പിക്കാനും സാധിക്കാതാകും. ഹിന്ദു മതദാനങ്ങളും വിശ്വാസത്തിന്റെ പ്രശ്നങ്ങളും കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാകും. – സ്വാമി വാദിച്ചു.
ക്ഷേത്രസ്വത്ത് ഒരു ഹ്രസ്വകാലത്തേക്ക് പൊതുതാല്പര്യപ്രകാരമോ ശരിയായ രീതിയില്‍ മാനേജ് ചെയ്യാനോ സര്‍ക്കാരിന് ഏറ്റെടുക്കാമെന്നാണ് നിയമം. എന്നാല്‍ ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്നും സുബ്രഹ്മണ്യം സ്വാമി പറയുന്നു.
മഹാരാഷ്ട്രയിലെ പന്തര്‍പൂര്‍ പട്ടണത്തിലെ വിത്തല്‍, രുക്മിണി ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ അവകാശവും പുരോഹിതന്മാര്ക്കുള്ള പ്രത്യേകാധികാരങ്ങളും എടുത്തുമാറ്റി എല്ലാം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതാണ് ബില്‍. വിത്തല്‍ ക്ഷേത്രം, രുക്മിണി ക്ഷേത്രം, പരിദേവതാക്ഷേത്രം എന്നിവയുടെ ഭരണക്രമക്കേടുകള് കണക്കിലെടുത്ത് ക്ഷേത്രസ്വത്തുക്കളെല്ലാം സര്‍ക്കാരിന് കീഴിലുള്ള ട്രസ്റ്റിലേക്ക് മാറ്റുന്നതാണ് നിയമം. വിത്തല്‍-രുക്മിണി ദേവസ്ഥാനം സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ പേരിലും പരാതികള്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: