പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും മുഖ്യപ്രചാരകന്‍ രാഹുല്‍ഗാന്ധിയാണെന്ന് നിസ്സംശയം പറയാം. രാഹുല്‍ഗാന്ധി മോദിക്കെതിരെ നിരന്തരം ഉന്നയിക്കുന്ന പലവിധ ആരോപണങ്ങളുടെ യാഥാര്‍ത്ഥ്യം പുറത്തുവരുമ്പോള്‍ ശരിക്കും പ്രയോജനം കിട്ടുന്നത് കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമാണ്. കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധി ലഡാക്കില്‍ നടത്തിയ ബൈക്ക് യാത്രയും അവസാനിച്ചത് അത്തരത്തിലാണ്. ലഡാക്കില്‍ വികസനമില്ലെന്നാരോപിച്ച് രാഹുല്‍ ബൈക്കോടിച്ചു കയറിയത് ഒന്നാന്തരം കുരുക്കിലേക്കാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലഡാക്കിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത് കോണ്‍ഗ്രസിന് നാണക്കേടായി മാറി. കേന്ദ്രമന്ത്രിമാരടക്കം സാമൂഹ്യ മാധ്യമങ്ങളിലൂടെ പഴയ റോഡുകളുടെ ദൃശ്യങ്ങളും രാഹുല്‍ഗാന്ധി ബൈക്ക് ഓടിച്ച് ഉല്ലസിച്ച മനോഹരമായ പുതിയ അതിര്‍ത്തി റോഡുകളുടെ ദൃശ്യങ്ങളും പുറത്തുവിട്ടു.
അതിര്‍ത്തിയില്‍ നരേന്ദ്രമോദി പണിത മികച്ച റോഡുകളിലൂടെ യാത്ര ചെയ്ത് അതിര്‍ത്തി മേഖലകളിലെ വികസനം ജനങ്ങള്‍ക്ക് കാണാന്‍ വഴിയൊരുക്കിയ രാഹുല്‍ഗാന്ധിക്ക് അഭിനന്ദനം നേരുന്നതായാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പരിഹസിച്ചത്. കോണ്‍ഗ്രസ് ഭരണകാലത്തെ ഇന്ത്യാ-ചൈന അതിര്‍ത്തി റോഡുകളുടെ ഫോട്ടോ സഹിതമായിരുന്നു കേന്ദ്രമന്ത്രിയുടെ പോസ്റ്റ്. ”മോദി ഭരണത്തിന് കീഴില്‍ കശ്മീരിലെ വിനോദ സഞ്ചാര മേഖല എങ്ങനെ കുതിച്ചുയര്‍ന്നുവെന്ന് രാഹുല്‍ കാണിച്ചുതന്നു. ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക എങ്ങനെ സമാധാനപരമായി ഉയര്‍ത്താനാവുന്നുവെന്നും രാഹുല്‍ കാണിച്ചു. ഇപ്പോഴിതാ അതിര്‍ത്തിയിലെ റോഡുകളുടെ മികവ് രാഹുല്‍ എല്ലാവരിലേക്കും എത്തിക്കുന്നു”, റിജിജു പറഞ്ഞു. രാഹുല്‍ഗാന്ധി കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി എന്തൊക്കെ പറഞ്ഞാലും യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്തെയും സ്വാതന്ത്ര്യലബ്ധി മുതലിങ്ങോട്ടുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണകാലത്തെയും കണക്കുകള്‍ ജനങ്ങളുടെ മുന്നിലേക്ക് എത്തുന്ന സാമൂഹ്യ മാധ്യമങ്ങളുടെ പുതിയ കാലത്ത് കോണ്‍ഗ്രസിന്റെ വ്യാജ പ്രചാരണങ്ങള്‍ക്ക് അല്‍പ്പായുസ്സാണ്.
സംഭവം സത്യമാണ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ശ്രീനഗറിലും കശ്മീരിലെ മറ്റു പ്രദേശങ്ങളിലും സ്വതന്ത്രനായി, സുരക്ഷാ ഭീഷണിയില്ലാതെ ഉല്ലസിച്ചു നടക്കുന്ന രാഹുല്‍ഗാന്ധിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. തന്നെ കണ്ടതോടെ ഭീകരര്‍ ഒളിച്ചതാണെന്നും തന്നോടുള്ള സ്നേഹമാണ് കശ്മീരില്‍ ഇത്രയും സ്വാതന്ത്ര്യത്തോടെ യാത്രചെയ്യാന്‍ വഴിവെച്ചതെന്നുമായിരുന്നു രാഹുലിന്റെ അവകാശവാദം. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ നടപ്പാക്കിയ വികസന നടപടികളുമാണ് കശ്മീരിനെ ശാന്തമാക്കിയതെന്നും വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയതെന്നുമുള്ള യാഥാര്‍ത്ഥ്യം പൊതുസമൂഹം ഉറക്കെ പറയാന്‍ ആരംഭിച്ചതോടെ കോണ്‍ഗ്രസ് മൗനത്തിലായി. കോണ്‍ഗ്രസ് ഭരണകാലത്തെ കശ്മീരിന്റെ അവസ്ഥയും മോദി കാലത്തെ കശ്മീരും രണ്ടും രണ്ടായി തന്നെ രാജ്യത്തിന്റെ മുന്നിലുണ്ട്. കഴിഞ്ഞ വര്‍ഷം കശ്മീരില്‍ സന്ദര്‍ശനം നടത്തിയത് 1.88 കോടി വിനോദ സഞ്ചാരികളാണ്.
ഭീകരവാദവും അക്രമങ്ങളും സ്ഫോടനങ്ങളും മൂലം വീടിന് പുറത്തേക്കിറങ്ങാന്‍ പോലും സാധിക്കാതിരുന്ന കശ്മീരിലെ ജനത ഇന്ന് സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കുന്നു. വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച എല്ലാ കശ്മീരികള്‍ക്കും കൈനിറയെ സമ്പാദിക്കാനുള്ള വഴി തുറന്നുകൊടുത്തിരിക്കുന്നു. പട്ടിണിയും ദാരിദ്ര്യവും മൂലം അഞ്ഞൂറു രൂപയ്‌ക്ക് സൈന്യത്തിനെതിരെ കല്ലെറിയാന്‍ പോയിരുന്ന കശ്മീരി യുവത്വം ഇന്ന് ലക്ഷക്കണക്കിന് രൂപ വിനോദ സഞ്ചാര മേഖലയില്‍ നിന്ന് ഉണ്ടാക്കുന്നു. വലിയ മാറ്റങ്ങള്‍ കശ്മീരിലും കശ്മീരികള്‍ക്കിടയിലും വന്നത് ഒരിക്കല്‍ കൂടി രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവാന്‍ രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനവും വിവാദ പ്രസ്താവനകളും സഹായിച്ചു. ഗുല്‍മാര്‍ഗ്ഗില്‍ മഞ്ഞില്‍ കളിക്കുന്ന രാഹുല്‍ഗാന്ധിയുടേയും പ്രിയങ്കാ വാദ്രയുടേയും വീഡിയോ ദൃശ്യങ്ങള്‍ തന്നെയാണ് കശ്മീര്‍ സുരക്ഷിതമായതിന്റെ ഏറ്റവും വലിയ തെളിവ്.
ലഡാക്കില്‍ ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തെന്ന രാഹുല്‍ഗാന്ധിയുടെ പതിവ് വ്യാജ ആരോപണം ഇത്തവണയും വന്നുനിന്നത് ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്ത് ചൈനയ്‌ക്ക് വിട്ടുകൊടുത്ത ലഡാക്കിലെ ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ്. പുല്ലുപോലും മുളയ്‌ക്കാത്ത ഭൂമിയെന്ന് പറഞ്ഞായിരുന്നു അന്നത്തെ പ്രധാനമന്ത്രി ചൈനീസ് കയ്യേറ്റത്തെ ലഘൂകരിച്ചത്. ഹിന്ദി ചീനി ഭായ് ഭായി എന്ന് പറഞ്ഞു നടന്ന കാലത്ത് 45,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈനയ്‌ക്ക് വിട്ടുകൊടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കുറ്റപ്പെടുത്തി മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യസിന്ധ്യയാണ് രാഹുലിനെതിരെ കടുത്ത പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. ലഡാക്കിനെപ്പറ്റി എന്തെങ്കിലും പറയുന്നതിന് മുമ്പ് രാഹുലും കോണ്‍ഗ്രസും ആത്മപരിശോധന നടത്തണമെന്നാണ് സിന്ധ്യയുടെ ആവശ്യം.
ലഡാക്കിലെ പാങ്ങോങ് തടാകത്തിന് ഇരുവശത്തുമായി മാസങ്ങളായി ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. ചൈനയുടെ കൈവശമുണ്ടായിരുന്ന തന്ത്രപ്രധാന മലനിരകളില്‍ ഇന്ത്യന്‍ സൈനികര്‍ സാഹസികമായെത്തി ഔട്ട് പോസ്റ്റ് സ്ഥാപിച്ചതടക്കം അതിര്‍ത്തിയിലെ സൈനിക നടപടികള്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയതുമാണ്. ഒരിഞ്ചു പോലും വിട്ടുകൊടുക്കാതെ കൊടും മഞ്ഞിനെയും പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട് മാസങ്ങളായി അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികരെ അപമാനിക്കുകയെന്നത് ഒരിന്ത്യന്‍ പൗരനും സാധിക്കാത്ത കാര്യമാണ്. എന്നാല്‍ ഇന്ത്യന്‍ സൈനികരെ പരാജയപ്പെടുത്തി ചൈന ഭൂമി കയ്യേറിയെന്ന ആരോപണമാണ് രാഹുല്‍ഗാന്ധി നിരന്തരം ഉന്നയിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല, വിദേശ യാത്രകളിലും രാഹുല്‍ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ അവമതിച്ചും ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തെ അടിച്ചോടിച്ചുവെന്നും ഒക്കെ പ്രസ്താവനകള്‍ നടത്തുന്നുണ്ട്. ചൈനയ്‌ക്ക് സഹായകരമായ രീതിയില്‍ രാഷ്‌ട്രീയ പ്രസ്താവനകള്‍ തുടര്‍ച്ചയായി രാഹുല്‍ഗാന്ധിയില്‍ നിന്നുണ്ടാവുന്നത് ഗൗരവകരം തന്നെയാണ്. നാളെ ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിക്കുന്നതിന് രണ്ടുദിവസം മുമ്പ് രാഹുല്‍ നടത്തിയ ഈ വിവാദ പ്രസ്താവനകള്‍ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ഇന്ത്യ-ചൈന രാഷ്‌ട്രത്തലവന്മാര്‍ നടത്താനിരിക്കുന്ന കൂടിക്കാഴ്ചയെ ലക്ഷ്യമിട്ടെന്ന് വ്യക്തം. ജെഎന്‍യുവിലെ തീവ്ര ഇടതു വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ പ്രവര്‍ത്തകര്‍ നിയന്ത്രിക്കുന്ന രാഹുല്‍ഗാന്ധിയുടെ ഉപദേശകസംഘത്തിന് മേല്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുള്ള സ്വാധീനവും ഏവര്‍ക്കും അറിയുന്നതാണ്.
രാഹുലിനെ മുന്നില്‍ നിര്‍ത്തി ദല്‍ഹി കേന്ദ്രീകരിച്ച് രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നീക്കങ്ങള്‍ക്ക് ശക്തമായ ശ്രമങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സിപിഎം കേന്ദ്രമായ സുര്‍ജിത് ഭവനില്‍ നടത്തിയ വി 20 പരിപാടി ദല്‍ഹി പോലീസിന് ഇടപെട്ട് നിര്‍ത്തിവെയ്‌പ്പിക്കേണ്ടിവന്നത് ഈ തീവ്ര ഇടതു സാന്നിധ്യം മൂലമാണ്. ജയറാം രമേശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ഇതിന് പാലമായി സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ മോദിവിരുദ്ധ നീക്കങ്ങള്‍ക്ക് ഇനിയും ശക്തി കൂടുമെന്നുറപ്പാണ്. വിദേശ രാജ്യങ്ങളുടെ അടക്കം പിന്തുണ എത്രത്തോളം അതിനുണ്ടാവും എന്നതു മാത്രമാണ് ഇനി പുറത്തുവരാന്‍ ബാക്കിയുള്ളത്. അതും പുറത്തുവരിക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: