Categories: World

പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള അക്രമണത്തില്‍ 19 ക്രിസ്ത്യന്‍ പള്ളികള്‍ പൂര്‍ണമായി നശിപ്പിച്ചു; 400 വീടുകള്‍ തീയിട്ടു; റിപ്പോര്‍ട്ട് പുറത്ത്

ഫൈസലാബാദിലെ ജരന്‍വാലയില്‍ ക്രിസ്ത്യന്‍ സമൂഹത്തിനു നേരെ ഭീകരമായ ആക്രമണമാണ് നടന്നത്. നാനൂറിലേറെ വീടുകള്‍ അക്രമികള്‍ തീയിട്ടു നശിപ്പിച്ചു.

Published by

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഫൈസലാബാദില്‍ അടുത്തിടെയുണ്ടായ അക്രമസംഭവങ്ങളില്‍ 19 ക്രിസ്തൃന്‍ പള്ളികള്‍ പൂര്‍ണമായി നശിപ്പിച്ചെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഫോക്കസ് പാകിസ്ഥാന്റെ (എച്ച്ആര്‍എഫ്പി) വസ്തുതാന്വേഷണ റിപ്പോര്‍ട്ട്.

ഫൈസലാബാദിലെ ജരന്‍വാലയില്‍ ക്രിസ്ത്യന്‍ സമൂഹത്തിനു നേരെ ഭീകരമായ ആക്രമണമാണ് നടന്നത്. നാനൂറിലേറെ വീടുകള്‍ അക്രമികള്‍ തീയിട്ടു നശിപ്പിച്ചു. 19 പള്ളികള്‍ പൂര്‍ണമായും രണ്ട് പള്ളികള്‍ ഭാഗികമായും തകര്‍ത്തു. നിരവധി പ്രാര്‍ത്ഥനാ ഹാളുകളും നശിപ്പിച്ചിട്ടുണ്ട്.

പാസ്റ്റര്‍മാരുടെയും വൈദികരുടെയും ഉള്‍പ്പെടെ 89 ക്രിസ്ത്യന്‍ വീടുകള്‍ പൂര്‍ണമായും നശിപ്പിച്ചിട്ടുണ്ട്. അക്രമം ഭയന്ന് പതിനായിരത്തോളം വരുന്ന ക്രിസ്ത്യന്‍ സമൂഹം കരിമ്പിന്‍തോട്ടങ്ങളിലും വയലുകളിലും ഒളിച്ചുകഴിയേണ്ടിവന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

150ലധികം ഇരകളുമായും സഭാനേതാക്കളുമായും പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്‌ട്രീയപ്രവര്‍ത്തകര്‍ എന്നിവരുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടെന്ന് എച്ച്ആര്‍എഫ്പി പറഞ്ഞു.

പലായനം ചെയ്തവരാരും ജരന്‍വാലയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നില്ല. ക്രിസ്ത്യാനികളായ രണ്ട് പേര്‍ ഇസ്ലാമിനെയും മുഹമ്മദ് നബിയെയും അപമാനിച്ചു എന്ന പേരിലാണ് ആഗസ്ത് 14ന് അക്രമങ്ങള്‍ അരങ്ങേറിയത്.

അക്രമികള്‍ക്കെതിരെ കേസെടുക്കുന്നതിന് മുമ്പ് തന്നെ പ്രവാചക നിന്ദയുടെ പേരില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ റിമാന്‍ഡിലാണ്. ജരന്‍വാലയിലെ അക്രമികളെ വിവിധ ഇസ്ലാമിക മത സംഘടനകളും മൗലവിമാരും സഹായിച്ചതായി രക്ഷപ്പെട്ടവരില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് എച്ച്ആര്‍എഫ്പി പ്രസിഡന്റ് നവീദ് വാള്‍ട്ടര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by