ന്യൂദല്‍ഹി: കേരളത്തില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ വീണ സര്‍വീസ് ടാക്സ് കൊടുക്കേണ്ട അവസ്ഥയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പദ്ധതികള്‍ തുടങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിനോ അടുപ്പക്കാര്‍ക്കോ പണം നല്‍കേണ്ട അവസ്ഥയാണെന്ന് ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
അഴിമതിയില്‍ നിന്നും കെടുകാര്യസ്ഥതകളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിവിടുന്നത്. സ്പീക്കര്‍ ഷംസീര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന പ്രസ്താവനകള്‍ പലതും ജനശ്രദ്ധ തിരിച്ചുവിടാനാണ്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ എന്തെങ്കിലും പറയാന്‍ യുഡിഎഫ് തയാറാകുന്നില്ല. അഴിമതി, പ്രീണനം, കുടുംബാധിപത്യം എന്നിവയില്‍ യുഡിഎഫും എല്‍ഡിഎഫും ഒരു പോലെയാണെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ കാപട്യത്തിന്റെ പ്രതീകമാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ദേശീയ സുരക്ഷയുടെയും അഖണ്ഡതയുടെയും കാര്യത്തില്‍ അചഞ്ചലമായ കടുത്ത തീരുമാന മെടുത്ത ഒരു സര്‍ക്കാരുണ്ടെങ്കില്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ളതാണ്. യുപിഎ അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
ദുര്‍ഭരണവും വികസനമില്ലായ്മയും അഴിമതിയും കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മുഖമുദ്രയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അമ്പതിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും 16 ജില്ലകളെ വരള്‍ച്ച ബാധിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും അവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ഭരണവൈകല്യങ്ങള്‍ക്കും വികസനരാഹിത്യത്തിനും അഴിമതിക്കും പേരെടുത്ത കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാരിനെ എംഎന്‍സി (എം-മിസ്ഗവര്ണന്സ്, എന്‍- നോ ഡവലപ്മെന്റ്, സി – കറപ്ഷന്‍) എന്നു വിശേഷിപ്പിക്കാം.
തമിഴ്നാടിന് കാവേരിയില്‍ നിന്ന് 10 ടിഎംസി വെള്ളം വിട്ടു നല്കിയ നീക്കം ഡിഎംകെയെ സന്തോഷിപ്പിക്കാനാണ് കര്‍ണാടകയുടെ ഭൂരിഭാഗം പ്രദേശങ്ങളും വരള്‍ച്ചയുടെ പിടിയിലായ സാഹചര്യത്തില്‍ മറ്റുപാര്‍ട്ടികളുമായി കൂടിയാലോചന പോലും നടത്താതെയായിരുന്നു ഈ നടപടിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: