ന്യൂദല്‍ഹി: ഗുജറാത്തില്‍ ബലാത്സംഗത്തിനിരയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്കി സുപ്രീംകോടതി. 27 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ആരോഗ്യത്തിനു ഭീഷണിയല്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.
അതേസമയം, കുട്ടിയെ ജീവനോടെ പുറത്തെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ എല്ലാ വൈദ്യസംവിധാനങ്ങളും ഉറപ്പാക്കി കുഞ്ഞിനെ ദത്ത് നല്കുന്നതു വരെയുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം ഗുജറാത്ത് സര്‍ക്കാരിനാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഗര്‍ഭഛിദ്രത്തിന് അനുമതി തേടി അതിജീവിത നല്കിയ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയതില്‍ സുപ്രീം കോടതി ഗുജറാത്ത് ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം അടിയന്തര ആവശ്യങ്ങള്‍ അറിയുവാനുള്ള ബോധമാണു വേണ്ടതെന്നും സാധരണ കേസായി മാറ്റിവയ്ക്കാനുള്ള മനോഭാവം പാടില്ലെന്നും കോടതി കുറ്റപ്പെടുത്തി. സുപ്രീം കോടതി കേസ് പരിഗണിച്ച അതേദിവസം വൈകീട്ട് വിഷയവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവും പുറത്തിറങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിക്കെതിരെ രൂക്ഷവിമര്‍ശനം സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. സുപ്രീം കോടതി ഒരു തീരുമാനമെടുത്താല്‍ അതിനെതിരേ കീഴ്ക്കോടതിക്ക് മറ്റൊരു ഉത്തരവ് ഇറക്കാനാകില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഗുജറാത്ത് ഹൈക്കോടതിയില്‍ എന്താണ് നടക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.
മെഡിക്കല്‍ ബോര്‍ഡിനോട് പുതിയ റിപ്പോര്‍ട്ട് തേടിയ സുപ്രീം കോടതി ഇന്ന് ആദ്യ കേസായി പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് നാഗരത്ന അധ്യക്ഷനായ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തിയാണ് ഈ ഹര്‍ജി പരിഗണിച്ചത്. മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഗര്‍ഭഛിത്രം നടത്താന്‍ ഹര്‍ജിക്കാരിക്ക് അനുമതി നല്‍കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: