സിനിമാ കഥകളെപ്പോലും ഒന്നുമല്ലാതാക്കുന്ന കഥകളും അനുഭവങ്ങളുമുള്ള മറ്റൊരു നടന് വേറെ ഉണ്ടാവില്ല. കഴിവിനും കഠിനാധ്വാനത്തിനുമപ്പുറം സമയം എന്ന ഒരു സംഗതിയുമുണ്ടെന്ന് കാണിച്ചുതരുന്നു രജനികാന്ത്. അതെ, സാക്ഷാല്‍ ശിവാജി റാവു ഗെയ്ക്ക്വാദ്.
നടന്ന വഴിയെല്ലാം തനിവഴിയാക്കി ഇന്ത്യന്‍ സിനിമാ ലോകത്ത് നാലര പതിറ്റാണ്ടായി നിറഞ്ഞുനില്ക്കുന്ന ഒരു സൂപ്പര്‍ സ്റ്റാര്‍. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്. വിദേശ രാജ്യങ്ങളില്‍ വരെ ഫാന്‍സ് അസോസിയേനുള്ള നടന്. സിനിമാ ലോകത്തിലെ തലൈവര്‍. ആരും തോറ്റുപോകുന്ന നിശ്ചയദാര്‍ഢ്യം, ഏത് ഉയരത്തിലും കൈവിടാത്ത എളിമ, ഒരു സാധാരണ മനുഷ്യപ്പറ്റിന്റെ എല്ലാ ഭാവങ്ങളും മുഖമുദ്രയാക്കി പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുന്ന രജനികാന്ത്. സ്ക്രീനില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന എനര്‍ജിയും പ്രസരിപ്പും വേറെ ലവല്‍. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരമാണ് തമിഴര്‍ക്ക് രജനികാന്ത്.
ഇത്രയേറെ അവഗണനയും അപമാനങ്ങളും ഏറ്റുവാങ്ങിയ ഒരു നടനും ഇന്ത്യയില്‍ ഉണ്ടാവില്ല. എ.വി.എം സ്റ്റുഡിയോയില്‍ നിന്ന് അപമാനഭാരത്താല്‍ കണ്ണുനിറഞ്ഞ് ഇറങ്ങിയപ്പോള്‍ കാലങ്ങള്‍ക്കു ശേഷം പിന്നീട് അതേ വഴിയില്‍ അതേ സ്ഥലത്ത് ഒരിക്കല്‍ തന്നെ അപമാനിച്ച ആള് വന്ന അംബാസഡര്‍ കാറിനേക്കാള്‍ വില കൂടിയ ഫോറിന് കാറില്‍ വന്നിറങ്ങിയ രജനികാന്ത്! നാലരപതിറ്റാണ്ടിലേറെയായി തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി 160 ചിത്രങ്ങളില്‍ അഭിനയിച്ചു.
കര്‍ണ്ണാടക-തമിഴ്നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠി കുടുംബത്തിലാണ് രജനി കാന്ത് ജനിച്ചത്. പോലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്നു പിതാവ് റാണോജിറാവു ഗെയ്ക്വാദ്. പിന്നീട് ബാംഗ്ലൂര്‍ നഗരത്തിലെ ഹനുമന്ത് നഗര്‍ എന്ന സ്ഥലത്തേക്ക് താമസം മാറ്റി. കുടുംബത്തിലെ നാലാമത്തെ മകനായി ജനിച്ച ശിവാജി റാവുവിന്റെ ഏഴാമത്തെ വയസ്സില്‍ അമ്മ റാംബായി മരിച്ചു.
കര്‍ണ്ണാടകയില്‍ ജനിച്ച ഈ മറാഠക്കാരന് 72-ാം വയസിലും യുവതാരങ്ങളെപ്പോലും വെല്ലുന്ന അഭിനയ തരഗമാണ് ജയിലര്‍ എന്ന സിനിമയില്‍ കാഴ്ചവയ്ക്കുന്നത്. അമ്മയെ മരണം നേരത്തെ തേടിയെത്തിയത് രജനിയുടെ ചെറുപ്പകാലത്തെ ഏറെ സ്വാധീനിച്ചിരുന്നു. ചില ചീത്ത കൂട്ടുകെട്ടുകള്‍ അക്കാലത്തുണ്ടായിരുന്നു. വീട്ടില്‍ നിന്ന് പണം മോഷ്ടിച്ച് ആരോടും പറയാതെ സിനിമ കാണുവാന്‍ പോകുമായിരുന്നു. പത്താം ക്ലാസ്സ് പഠനം പൂര്‍ത്തീകരിച്ച രജനിയെ കോളജില്‍ അയയ്ക്കുവാന് പിതാവ് നടത്തിയ ശ്രമം അവഗണിച്ച് മദ്രാസിലേക്ക് വണ്ടി കയറി. ഒരൊറ്റ മോഹമേ ഉണ്ടായിരുന്നുള്ളൂ. സിനിമയില്‍ അഭിനയിക്കണം.
ഏറെ നാള് മദ്രാസില്‍ അലഞ്ഞുതിരിഞ്ഞ് നടന്നെങ്കിലും അവസരങ്ങള്‍ ലഭിച്ചില്ല. കിട്ടിയ ചെറിയ ജോലികള്‍ ചെയ്ത് പിടിച്ചുനില്ക്കുവാന് അധികനാള്‍ പറ്റിയതുമില്ല. ഒടുക്കം നിരാശയോടെ ബാംഗ്ലൂരിലേക്ക് മടങ്ങി. ഈ സമയത്താണ് സഹോദരന് സത്യനാരായണറാവു കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടര്‍ ജോലി തരപ്പെടുത്തിയത്. അങ്ങനെയെങ്കിലും രജനികാന്തിന്റെ സ്വഭാവം നന്നാക്കാം എന്നായിരുന്നു കുടുംബാംഗങ്ങള്‍ കരുതിയത്.
കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും നാട്ടിലെ ചെറുനാടകങ്ങളില്‍ അഭിനയിക്കുവാന്‍ രജനി സമയം കണ്ടെത്തിയിരുന്നു. ഈ സമയം ബസില്‍ സ്ഥിരമായി വരാറുള്ള പെണ്‍സുഹൃത്തായ നിമ്മി വഴിയാണ് മദ്രാസിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ അഭിനയ കോഴ്സിലേക്കുള്ള പ്രവേശന അപേക്ഷ അയച്ചത്. 1973ല്‍ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നെങ്കിലും പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്കിയതും ആ പെണ്‍സുഹൃത്തും രാജ് ബഹാദൂര്‍ എന്ന സുഹൃത്തുമായിരുന്നു. പിന്നീട് നിമ്മിയെക്കുറിച്ച് ഒരു വിവരവും ഇല്ലാതായി. ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. രജനി പല സുഹൃത്തുക്കളുമായും ഈ സങ്കടം പങ്കുവച്ചിട്ടുണ്ട്.
1975 ല്‍ കെ. ബാലചന്ദ്രന് സംവിധാനം ചെയ്ത അപൂര്‍വ്വ രാഗങ്ങളിലൂടെ യാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. എങ്കിലും ഇതേ വര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാസംഗമയാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കുന്നത്. ശിവാജി റാവുവിന്റെ പേര് രജനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ബാലചന്ദറിനെയാണ് രജിനി ഗുരുവായി കരുതുന്നതെങ്കിലും തന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകര്‍ന്ന സംവിധായകന് എസ്.പി. മുത്തുരാമനാണെന്ന് പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്. മുത്തുരാമന് സംവിധാനം ചെയ്ത ഭുവന ഒരു കേള്‍വിക്കുറി (1977) എന്ന ചിത്രത്തിലെ വേഷമാണ് രജനിയെ സിനിമാരംഗത്ത് പ്രശസ്തനാക്കിയത്.
1980കളാണ് രജനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടം. പിന്നീടങ്ങോട്ട് രജനിയുടെ ഹിറ്റ് ചിത്രങ്ങളായിരുന്നു. മുരുട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ട് രാജ, നാന് മഹാന് അല്ലൈ, ഭുവന ഒരു കേള്വിക്കൂറ്, ഭൈരവി, തപ്പു താളങ്ങള്‍, ആറില്‍ ഇരുന്ത് അറുപത് വരെയും. അലാവുദ്ദീനും അത്ഭുതവിളക്കിലൂടെ മലയാളത്തിലുമെത്തി. ഹിന്ദിയില്‍ 175 ദിവസം ഓടിയ അന്താ കാനു, ജീത്ത് ഹമാരി, മേരി അദാലത്ത് എന്നീ ചിത്രങ്ങളിലൂടെ സാന്നിദ്ധ്യം അറിയിച്ചു.
രാജം ബാലചന്ദര്‍ നിര്‍മിച്ച നെട്രികന്‍ രജനിയുടെ സിനിമാ രംഗത്തെ നാഴികക്കല്ലായി മാറി. അന്ധാ കാനൂന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. 1988 ല്‍ ഹോളിവുഡില്‍ ബഌഡ് സ്റ്റോണിലും വേഷമിട്ടിരുന്നു. 1993 ല്‍ വല്ലി എന്ന് ചിത്രത്തിന് തിരക്കഥ എഴുതിയിട്ടുണ്ട്. 1995ല്‍ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ്. ഈ ഒറ്റ ചിത്രത്തോടെ രജനി ജപ്പാനില്‍ ജനപ്രിയനായി. 2007ല്‍ പുറത്തിറങ്ങിയ ശിവാജി ദ ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാര്‍ട്ടില്‍ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി. ബാഷ, പടയപ്പ, യന്തിരന്, കബാലി, കാലാ, പേട്ട എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ രജനി ത്രസിപ്പിച്ചു.
എങ്കിലും രജനിയുടെ സ്വന്തം ചിത്രം എന്നു വിശേഷിപ്പിച്ച ബാബാ ബോക്സ് ഓഫീസില്‍ തകര്‍ന്നു. വിതരണക്കാര്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കിക്കൊണ്ട് രജനി ഇന്ത്യയിലെ മറ്റുതാരങ്ങള്‍ക്കു മാതൃകയായി. മാനദണ്ഡങ്ങളെ പൊളിച്ചടുക്കിയ കരിയറാണ് രജിനിയുടേത്. ഈ പ്രായത്തിലും കാണിക്കുന്ന പ്രസന്നതയ്ക്ക് കാരണം തന്റെ ആത്മീയ ജീവിതമാണെന്നാണ് രജനി പറയുന്നത്. ഓരോ ചിത്രത്തിനു ശേഷവും രജനി ഹിമാലയത്തിലേക്ക് പോകും. ഋഷികേശിലെ ബാബാ ഗുഹയില്‍ പോയി ധ്യാനിക്കും, ക്രിയായോഗ ചെയ്യും. ഹിമാലയത്തെക്കുറിച്ച് ചോദിച്ചാല്‍ തനിക്ക് ഏറ്റവും ഊര്‍ജ്ജം നല്കുന്ന സ്ഥലം എന്നാണ് രജനി പറയുക.
പഞ്ച് ഡയലോഗുകളുടെ രാജാവ്, സിഗരറ്റ് വെച്ചുള്ള ആക്ഷനുകള്‍, നടപ്പിലും ഇരുപ്പിലും നോട്ടത്തിലും കൈവിരലുകളുടെ ചലനത്തില്വരെ തന്റേതായ സ്റ്റൈലുകള്‍. കൈകൊണ്ടുള്ള മുടി ഒതുക്കല്‍ ഇന്നും ആരാധകര്‍ അനുകരിക്കുന്നു. രജനി ഒരു പടത്തിന് ഒപ്പുവച്ചാല്‍ കോടികളുടെ ബിസിനസ് ആണ്. ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഇത്രമാത്രം ഗ്യാരന്റിയുള്ള മറ്റൊരു നടനില്ല. അണ്ണാമല സിനിമയില്‍ 70 എം.എം. സ്ക്രീനില്‍ ആദ്യമായി തെളിഞ്ഞ സൂപ്പര്‍സ്റ്റാര്‍ രജനി എന്ന ടൈറ്റില്‍ ഇന്നും എങ്ങും പോയിട്ടില്ല. കരഞ്ഞും ചിരിച്ചും പതിറ്റാണ്ടുകളെ പിന്നിലാക്കിയ തലൈവര്‍. ഈ മനുഷ്യന്റെ വാക്കുകള്‍ക്ക് സ്ക്രീനില്‍ ആയാലും ജീവിതത്തിലായാലും തമിഴ് ജനത വലിയ വില കല്പ്പിച്ചു. പച്ച മനുഷ്യനായ രജനി ഒരു ജനതയെ തന്നിലേക്ക് അടുപ്പിച്ചു.
ജയിലര്‍
സംവിധായകന് നെല്‍സണ്‍ ദിലീപ്കുമാര് തന്നെ തിരക്കഥയെഴുതിയ ജയിലര്‍ ബോക്സ് ഓഫീസുകളില്‍ നിറഞ്ഞോടുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആരാധകര്‍ക്ക് പൂര്‍ണ്ണ സംതൃപ്തിയാണ് നല്‍കുന്നത്. പൂര്‍ണ്ണമായും ഒരു രജനികാന്ത് ഷോ തന്നെ ആണ് ചിത്രം. രജനി എന്ന താരത്തേയും നടനേയും സംവിധായകന് നന്നായി ഉപയോഗിച്ചിട്ടുണ്ട്. വില്ലനായി വിനായകന് നിറഞ്ഞാടിയപ്പോള്‍ മിനിറ്റുകള്‍ മാത്രം വന്നുപോകുന്ന മോഹന്‍ലാലും കന്നട സൂപ്പര്‍സ്റ്റാര്‍ ശിവകുമാറും ഹിന്ദിതാരം ജാക്കിഷെറോഫും ചിത്രത്തെ വന്‍ വിജയമാക്കി. അതിഥി താരങ്ങളായാണ് എത്തുന്നതെങ്കിലും മൂന്നുപേരും പ്രേക്ഷകരില്‍ ആവേശക്കടലാണ് തീര്‍ക്കുന്നത്.
20 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം രജനികാന്ത് തന്റെ പടയപ്പയിലെ സഹനടിയായ രമ്യാ കൃഷ്ണനുമായി വീണ്ടും ഒന്നിക്കുന്നു. ചിത്രത്തില്‍ രജനികാന്തിന്റെ ഭാര്യയുടെ വേഷത്തിലാണ് നടി എത്തുന്നത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ജയിലര്‍ 2023 നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: