തിരുവനന്തപുരം: തിരുവോണത്തെ വരവേൽക്കാൻ അത്തത്തിന് തുടക്കം. ഇന്ന് മുതൽ പത്ത് ദിവസം മലയാളികളുടെ വീട്ടുമുറ്റത്ത് പുക്കളങ്ങൾ നിറയും. ഇനി തൊടികളിൽ നിന്ന് പൂക്കൾ പറിച്ചും പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും രുചിയറിഞ്ഞുമുള്ള മറ്റൊരു ഓണക്കാലം. 25ന് സ്‌കൂൾ അടയ്‌ക്കുന്നതോടെ കുട്ടികളും ഓണത്തിമിർപ്പിലാകും.
നാട്ടിൻ പുറങ്ങളിലടക്കം നാടൻ പൂക്കൾ കുറഞ്ഞതോടെ കടകളിൽ നിന്നും വാങ്ങിയാണ് ഭൂരിഭാഗം ആളുകളും പൂക്കളമൊരുക്കുന്നത്. വിവിധ ജില്ലകളിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇത്തവണ പൂക്കൃഷി നടന്നത് പ്രാദേശികമായി പൂവില കുറയ്‌ക്കും. തമിഴ്‌നാട്ടിൽനിന്നും കർണാടകത്തിൽനിന്നും കൂടുതലായി പൂവുകൾ എത്തിത്തുടങ്ങി. ചെണ്ടുമല്ലി, അരളി, തെച്ചി, വാടാമല്ലി, വിവിധ നിറത്തിലുള്ള റോസാപ്പൂക്കൾ എന്നിവ വിപണിയിൽ സുലഭമാണ്. വീടുകളിലും സ്ഥാപനങ്ങളിലും പൂക്കളം ഒരുക്കാനും പൂക്കള മത്സരങ്ങളിൽ പങ്കെടുക്കാനുമുള്ളവരെ കാത്ത് തെരുവോരങ്ങളിലും പൂവിപണി ഉയരും. സംസ്ഥാനസർക്കാരിന്റെ ഓണാഘോഷം 27ന് തുടങ്ങും.
സംസ്ഥാനത്ത് വസ്‌ത്രവിപണിയും ഉണർന്നു കഴിഞ്ഞു. കാറ്ററിങ് യൂണിറ്റുകളിലും ഹോട്ടലുകളിലും ഓണസദ്യ ബുക്കിങ് ആരംഭിച്ചു. വഴിയോരക്കച്ചവടക്കാരും സജീവമായി. ഓണം റിലീസുകൾക്ക് സിനിമ തിയറ്ററുകളും ഒരുങ്ങിക്കഴിഞ്ഞു. തലസ്ഥാനത്ത് സെപ്‌തംബർ രണ്ടിന് വെള്ളയമ്പലംമുതൽ കിഴക്കേകോട്ടവരെ നടക്കുന്ന ഘോഷയാത്രയോടെയാണ് ആഘോഷം സമാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: