ബെംഗളുരു: ചന്ദ്രന്റെ 113 കിലോമീറ്റർ അടുത്തെത്തിയ ചന്ദ്രയാൻ മൂന്ന് ലാൻഡറിന്റെ അവസാന ഭ്രമണപഥ താഴ്‌ത്തലും വിജയകരം. പുലർച്ചെ 2 മണിയോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം, ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാൻഡ് ചെയ്തത്. ഇതോടെ പേടകം ഇപ്പോൾ ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ അടുത്ത ദൂരവും, 134 കിലോമീറ്റർ അകന്ന ദൂരവും ആയിട്ടുള്ള ഭ്രമണപഥത്തിൽ എത്തി. ഇനി സോഫ്റ്റ് ലാൻഡിങ്ങിനായുള്ള തയ്യാറെടുപ്പാണ്. ആഗസ്റ്റ് 23ന് വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ തുടങ്ങുക.
വിക്രം ലാൻ ഡറിനെ 90 ഡിഗി ചരിച്ച് ചന്ദ്രന് മുകളിൽ കുത്തനെയാക്കും. ശേഷം വിക്രം ചന്ദ്രോപരിതലം വിശദമായി സ്കാൻ ചെയ്ത് ഇറങ്ങേണ്ട സ്ഥലം നിശ്ചയിക്കും. ചന്ദ്രന് ഭൂമിയെപ്പോലെ അന്തരീക്ഷമില്ലാത്തതിനാല്‍, പാരാഷൂട്ടില്‍ വേഗം കുറച്ച് ഇറങ്ങാനാകില്ല. തീരെ അപരിചിതമായ ചന്ദ്രോപരിതലം ലാന്‍ഡറിനു വെല്ലുവിളിയാകാം. ഇറങ്ങുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ കനത്ത പൊടിപടലങ്ങളുയരും. ഇത് സെന്‍സറുകള്‍ക്കു പ്രശ്നമുണ്ടാക്കാം. ജ്വലിപ്പിച്ചിരിക്കുന്ന ത്രസ്റ്റര്‍ റോക്കറ്റുകള്‍ ഇതുമൂലം ഇടയ്‌ക്ക് പ്രവര്‍ത്തനം നിര്‍ത്തിയേക്കാം. വിക്രം വേഗം കുറച്ചാലും പൊടിപടലം കുറയില്ല. ഇത് ക്യാമറ ലെന്‍സുകളെ മൂടാം. അങ്ങനെ വന്നാല്‍, വേഗം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാകാം. ചന്ദ്രയാന്‍ 2ന്റെ പരാജയ കാരണങ്ങള്‍ പഠിച്ചു പരിഹരിച്ചാണ് മൂന്നാം ചന്ദ്രയാന്‍ നിര്‍മിച്ചത്. അതിനാല്‍ ഈ പ്രശ്നങ്ങളും ഒരുപരിധി വരെ പരിഹരിച്ചിട്ടുണ്ട്.
അതേസമയം റഷ്യൻ ചാന്ദ്ര ദൗത്യം ലൂണ 25ന്റെ ഭാവി അനിശ്ചിതത്വത്തിലായി. ലാൻഡിങ്ങിന് മുന്നോടിയായി നടത്തേണ്ട ഭ്രമണപഥമാറ്റം പൂർത്തിയാക്കാൻ പേടകത്തിനായില്ല. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4.40നായിരുന്നു ഭ്രമണപഥ മാറ്റം നടക്കേണ്ടിയിരുന്നത്. എന്നാൽ ഇത് സാധ്യമായില്ല. സാങ്കേതിക തകരാർ ഉണ്ടായെന്നും പ്രശ്നം പരിശോധിച്ച് വരികയാണെന്നുമാണ് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്റെ അറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ മുൻനിശ്ചയിച്ചത് പോലെ ആഗസ്റ്റ് 21ന് സോഫ്റ്റ് ലാൻഡിങ്ങ് നടത്താൻ പറ്റില്ല.
ആഗസ്റ്റ് 10ന് വിക്ഷേപിച്ച പേടകം ആഗസ്റ്റ് 16നാണ് ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ചത്. പേടകവുമായി ബന്ധം നഷ്ടമായെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: