ഓര്‍മ്മയുണ്ടോ, ജയിന് ഹവാലാ ഡയറി കേസ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം. പി.വി. നരസിംഹറാവുവാണ് പ്രധാനമന്ത്രി. അദ്ദേഹംതന്നെയാണ് കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനും. രാജീവ് ഗാന്ധിയുടെ ഭാര്യ സോണിയാ ഗാന്ധി ഇന്നല്ലെങ്കില്‍ നാളെ കോണ്‍ഗ്രസ് അധ്യക്ഷയും രാജ്യത്തെ പ്രധാനമന്ത്രിയുമാകുമെന്ന് പ്രതീക്ഷിച്ചും അതിനാഗ്രഹിച്ചും കഴിയുന്നകാലം. കോണ്‍ഗ്രസില്‍ നസിംഹ റാവുവിന്റെ ഭരണം അഴിമതിയില്‍ മുങ്ങി നില്ക്കുന്ന ആ കാലത്ത് റാവുവിനെ മാറ്റി സ്ഥാനം പിടിച്ചെടുക്കാന്‍ പാര്‍ട്ടിയില്‍ സ്ഥാനമോഹികളുടെ വന്‍ യുദ്ധം. കൊലകൊമ്പന്മാരായിരുന്നു അന്ന് ആ പാര്‍ട്ടിയില്‍ നിറയെ. അര്ജ്ജുന് സിങ്, എസ്.ബി. ചവാന്, ശരത് പവാര്‍, രാജേഷ് പൈലറ്റ്, ജിതേന്ദ്രപ്രസാദ്, മാവറാവു സിന്ധ്യ, സീതാ റാം കേസരി, കെ. കരുണാകരന്, എ.കെ. ആന്റണി, മീരാ കുമാര്‍, ഗുലാം നബി ആസാദ് തുടങ്ങി വന്‍ നിര. ആര് ആരുടെ ഗ്രൂപ്പില്‍ എന്നറിയാന്‍ പറ്റാത്ത കോണ്‍ഗ്രസ് ഗ്രൂപ്പു വസന്തകാലം.
അങ്ങനെ, 1996 ജനുവരി 16ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ എല്‍.കെ. അദ്വാനി അശോകാ റോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് ഇരിക്കുമ്പോള്‍ പാര്‍ട്ടി ഉന്നത നേതാക്കളില്‍ ഒരാളായ സുഷമാ സ്വരാജ് അവിടേക്കെത്തി, അദ്വാനിയുടെതന്നെ ഭാഷയില്‍ പറഞ്ഞാല്‍, ‘ഷോക്കിങ്’ ആയ ഒരു വിവരം അറിയിക്കുന്നു. സുഷമയ്ക്ക് ആ വിവരം സുപ്രീംകോടതി അഭിഭാഷകനായ ഭര്‍ത്താവ് സ്വരാജ് കൗശല്‍ വഴി കിട്ടിയതാണ്. വാര്‍ത്ത ഇതായിരുന്നു: ജയിന് ഹവാലാ ഡയറിക്കേസില്‍ സിബിഐ അദ്വാനിയെയും മറ്റ് ഒട്ടേറെ രാഷ്ട്രീയ നേതാക്കളേയും പ്രതിയാക്കി കോടതിയില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നു.
കേസില്‍ റാവു മന്ത്രിസഭയിലെ ചില ഉന്നതന്മാര് ഉള്‍പ്പെടെ പ്രതികളായിരുന്നു. ഭോപ്പാല്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ബിസിനസ് ഇടനിലക്കാരായ ജയിന് സഹോദരന്മാര് ജെ.കെ. ജയിനും എസ്.കെ. ജയിനും സൂക്ഷിച്ചിരുന്ന ഡയറിയില്‍, ഹവാലാ പണമിടപാടിന്റെ രേഖകള്‍ കണ്ടെത്തിയെന്നും ആ ഇടപാടില്‍ ‘എല്‍.കെ.എ’ എന്ന പേരില്‍ പരാമര്‍ശിക്കുന്നത് എല്‍.കെ. അദ്വാനിയാണെന്നുമായിരുന്നു കേസിന്റെ ആധാരം. ജമ്മുകശ്മീരിലെ ഭീകരപ്രവര്‍ത്തനത്തിനു വേണ്ടി വിനിയോഗിക്കാന്‍ ഇടപാടു നടത്തിയ ഹവാല പണം കൈകാര്യം ചെയ്തപ്പോള്‍ അതില്‍ ‘എല്‍കെഎ’ പാര്‍ലമെന്റംഗമായപ്പോള്‍ 25 ലക്ഷം രൂപയും എംപി അല്ലാഞ്ഞ കാലത്ത് 35 ലക്ഷം രൂപയും കൈപ്പറ്റി എന്നായിരുന്നു ‘ഡയറിയിലെ രേഖ.’
അദ്വാനി തന്റെ സംവിധാനങ്ങള്‍ വഴി ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷിച്ചു. വിവരം ഉറപ്പാക്കിയശേഷം ആദ്യം ചെയ്തത് ലോക്സഭാംഗത്വം രാജിവെച്ചുകൊണ്ടുള്ള കത്ത് സ്പീക്കര്‍ക്ക് അയക്കുകയായിരുന്നു. രണ്ടാമത്, ഈ കേസില്‍ കുറ്റവിമുക്തനാകാതെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല എന്ന് പരസ്യ പ്രഖ്യാപനം നടത്തുകയായിരുന്നു. മൂന്നാമതാണ്, പാര്‍ട്ടിയില്‍ തന്റെ ഗുരുവും സഹപ്രവര്‍ത്തകനും പാര്‍ട്ടിയുടെ എല്ലാമെല്ലാമുമായ അടല്‍ ബിഹാരി വാജ്പേയിയെ വിവരം അറിയിച്ചത്.
ലാല്‍ കൃഷ്ണ അദ്വാനി അന്ന് നടത്തിയത് സുധീരമായ പ്രഖ്യാപനമായിരുന്നു. ചെയ്തത് അതിസാഹസികമായ കാര്യമായിരുന്നു. സ്വപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍, പാര്‍ട്ടികളെ പ്രതിരോധത്തിലാക്കാന്‍ സിബിഐ പോലുള്ള ഭരണഘടനാ സംവിധാനത്തെ നരസിംഹ റാവു ദുരുപയോഗം ചെയ്തതാണ് ജയിന് ഹവാലാ ഡയറി. പക്ഷേ, അദ്വാനിയുടെ ആ തീരുമാനം കൊണ്ട് ആ കേസുപൂര്ണമായും തുടക്കത്തില്‍ത്തന്നെ ദുര്‍ബലമായിപ്പോയി.
പക്ഷേ, അദ്വാനിയുടെ തീരുമാനം എന്തിനായിരുന്നുവെന്നും എങ്ങനെയായരുന്നുവെന്നും ആലോചിക്കണം. ഒന്ന്: ആരോടും ആലോചിക്കാതെ സ്വയം പ്രഖ്യാപിക്കുകയായിരുന്നു രാജിയും ഇനി കേസുതീരാരെ മത്സരിക്കില്ലെന്ന തീരുമാനവും. രണ്ട്: അത് രാഷ്ട്രീയ ധാര്‍മ്മികതയുടെ ഭാഗമായിരുന്നു. മൂന്ന്: അത് സ്വന്തം ജീവിതത്തെക്കുറിച്ച് തനിക്ക് സംശയമില്ല, ജനങ്ങള്ക്കുണ്ടാകരുതെന്ന ദൃഢനിശ്ചയം കൊണ്ടായിരുന്നു. നാല്: ഒരാളെക്കൊണ്ടും ആ കള്ളക്കേസിന്റെ പേരിലായായും പൊതു പ്രവര്‍ത്തകനായ തന്റെ വിശ്വാസ്യതയെ സംശയിപ്പിക്കരുതെന്ന പൊതു താല്പര്യപ്രകാരമായിരുന്നു. കേസിന്റെ ഗതിയും അവസാനവും അദ്വാനി കുറ്റക്കാരനല്ല, അത് വ്യാജ പദ്ധതിയുടെ ഭാഗമായി കെട്ടിച്ചമച്ച കേസായിരുന്നുവെന്ന് തെളിഞ്ഞതും എല്ലാം സര്‍വര്‍ക്കും അറിയാവുന്നതാണ്. അദ്വാനി എന്ന ബിജെപി നേതാവിന്റെ യശസ്സും കീര്‍ത്തിയും ധര്‍മ്മ ബോധവും ലോകം വാഴ്ത്തിയ സംഭവമായിരുന്നു അത്. സ്വതന്ത്ര ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മുമ്പും പിന്‍പും ഇല്ലാത്ത സുധീര ചരിത്രം.
ഇത്രയും വിശദീകരിച്ച് ജയിന് ഹവാലാ ഡയറിയെക്കുറിച്ച് പറയാന്‍ കാരണം ഒരു ‘മാസപ്പടി ഡയറി’യെക്കുറിച്ച് പറയാനാണ്. അതിന് സിഎംആര്‍എല്‍ എന്ന കൊച്ചി മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് ലിമിറ്റഡ് ഉടമ ശശിധരന് കര്‍ത്തയുടെ ‘ഡയറിയിലെ’ കുറിപ്പുകളാണ് ആധാരം. ‘കരിമണല്‍ കര്‍ത്താ’ എന്ന വ്യവസായിയുടെ ബിസിനസ് ഇപാടുകള് പരിശോധിച്ച ആദായ നികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡ് എന്ന ഭരണഘടനാ സ്ഥാപനം വിശദമായ പരിശോധനകള്‍ നടത്തി കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ‘ഡയറി.’ വീണാ തൈക്കണ്ടിയില്‍ എന്ന വനിത നടത്തുന്ന, തിരുവനന്തപുരത്ത് സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഎമ്മിന്റെ ആസ്ഥാനമായ എകെജി സെന്റര്‍ മേല്‍വിലാസമാക്കി രജിസ്റ്റര്‍ ചെയ്ത് ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന, എക്സാ ലോജിക് സൊലൂഷന്‍സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനി, സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് കൈപ്പറ്റിയ അനധികൃത ഇടപാടുകള്‍ വഴിയുള്ള 1.72 കോടി രൂപയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. അതിന് കാരണം വീണാ തൈക്കണ്ടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയും ആയതാണ്. മാത്രമല്ല, ‘കരിമണല്‍ കര്‍ത്താ’ എന്ന് അറിയപ്പെടുന്ന ശശിധരന് കര്‍ത്താ പല രാഷ്ട്രീയ നേതാക്കള്‍ക്കും പണം നല്‍കിയിട്ടുണ്ട്. അതെല്ലാം അയാളുടെ ബിസിനസ് ഇടപാടുകള്‍ക്ക് സഹായകമായ നടപടികള്‍ക്കുള്ള ‘കോഴ’യാണ്. ആ കോഴവാങ്ങിയവരുടെ പേരു വിവരങ്ങളില്‍ ‘പിവി’ എന്ന ചുരുക്കപ്പേരുകാരനുമുണ്ട്. അത് ‘പിണറായി വിജയന്’ ആണെന്നാണ് നിഗമനം, വിശ്വാസം, ആരോപണം.
ഇവിടെയാണ് ‘ജയിന് ഡയറിയും കര്‍ത്താ ഡയറിയും’ ‘എല്കെഎയും പിവിയും’ തമ്മിലുള്ള താരതമ്യത്തിന് വഴിയൊരുങ്ങുന്നത്. 2023 ആഗസ്ത് 9 ന് ഈ വാര്‍ത്ത പുറത്തുവന്നു. ഇന്നിത് നങ്ങള്‍ വായിക്കുമ്പോള്‍ ആഗസ്ത് 20; പത്തുദിവസം കഴിഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍, ഒരു കേസ് കോടതിയില്‍ ഒരു ഏജന്‍സി ഫയല്‍ ചെയ്തപ്പോള്‍ രാജിയും പ്രഖ്യാപനവും നടത്തി രാഷ്ട്രീയ സത്യസന്ധതയും വിശ്വാസ്യതയും കാത്ത ‘എല്‍കെഎ’ യും ആദായ നികുതി വകുപ്പ് പോലുള്ള ഒരു ഭരണഘടനാ ബാധ്യസ്ഥതയുള്ള ഒരു സ്ഥാപനമായ ആദായ വകുപ്പ് കണ്ടെത്തിയ ക്രമക്കേടില്‍ പ്രതിസ്ഥാനത്തുള്ള ‘പിവി’യും അവരവരുടെ നടപടികള്‍ വഴി നയവും നിലപാടും ധാര്‍മ്മികതയും പ്രഖ്യാപിക്കുന്നതിലെ അന്തരം ഇനിയൊന്നും വിവരിക്കാതെ ആര്‍ക്കും തിരിച്ചറിയാനാവുന്നു.
ശരിയാണ്, ആ ‘പിവി’ പിണറായി വിജയനാണെന്ന് ആരു പറഞ്ഞു. ആരു കണ്ടെത്തി, ആരു സ്ഥിരീകരിച്ചു എന്ന ചോദ്യമുണ്ടാകാം. അല്ല, ഉണ്ടാകണം. അതിനു മറുപടിയായി ‘അത് ഞാനല്ല’ എന്ന് പരസ്യമായി പറയാന്‍ ഒരു മുഖ്യമന്ത്രിക്ക് കഴിയണം. കഴിയുമോ? ഇവിടെ ചോദ്യമുണ്ടായി. എന്റെ കേരളത്തിന്റെ, എന്റെ മുഖ്യമന്ത്രിയെ ‘കള്ളന്, അഴിമതിക്കാരന്, കോഴ വാങ്ങിയവന്’ എന്ന് പ്രത്യക്ഷമായും പരോക്ഷമായും പലരും പരാമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുമ്പോള്‍ ‘അത് ഞാനല്ല, അന്വേഷിക്കട്ടെ, അതുവരെ ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ല’ എന്നു പറയാന്‍ പിണറായി വിജയന് തയാറാകുമെന്ന് ഈ ഒരാഴ്ചയില്‍ ഒരിക്കല്‍പോലും ഞാന്‍ സങ്കല്പ്പിച്ചിട്ടില്ല. പക്ഷേ, ‘ഈ ആക്ഷേപം നിര്‍ത്തണം, വീട്ടിലിരിക്കുന്നവര്ക്കെതിരേ എന്തും പറയാമെന്നാണോ’ എന്ന് ഒരു ഘട്ടത്തില്‍ മറ്റൊരു ആരോപണ വേളയില്‍ ആക്രോശിച്ച മുഖ്യമന്ത്രി പിണറായി വിജയന്, ഈ ഘട്ടത്തില്‍ ആരോപണങ്ങള്‍ നിഷേധിക്കുകയും ശക്തമായ ഒരു അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് കോടിക്കണക്കിന് ജനങ്ങളില്‍ ഒരാളായി ഞാനും കാത്തിരുന്നു എന്നത് സത്യമാണ്.
കാരണം, ഈ വിഷയത്തില്‍ മുഖ്യമന്ത്രി കുറ്റക്കാരനാണ്, മുഖ്യമന്ത്രിയുടെ മകള്‍ കുറ്റക്കാരിയാണ്, അതിനാല്‍ മുഖ്യമന്ത്രി പിണറായി രാജിവെക്കണമെന്ന് ഉത്തരവാദിത്വത്തോടെ പല പ്രധാന നേതാക്കളും ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെപ്പോലെ ‘വിടുപണി ഡുയിങ്’ നേതാക്കള്‍ ഒഴികെ രാഷ്ട്രീയ സത്യസന്ധത കൊതിക്കുന്നവര്‍ ആ ആവശ്യക്കാരാണ്.
സര്‍ക്കാരിന് ഈ വിഷയത്തില്‍ ഒരു ‘ക്വിക് വെരിഫിക്കേഷന്’ സംസ്ഥാന വിജിലന്‍സിനെക്കൊണ്ട് നടത്തിച്ചുകൂടെ? അതിന് വിജിലന്‍സില്‍ വകുപ്പുണ്ടല്ലോ? കോടതിക്ക്, അല്ലെങ്കില്‍ സര്‍ക്കാരിന് അങ്ങനെ ചെയ്യാം. ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തിട്ടുമുണ്ടല്ലോ? 45 ദിവസം കാലാവധിയുണ്ടല്ലോ? പിണറായി സര്‍ക്കാര്‍ വിചാരിച്ചാല്‍ നാലര ദിവസം വേണ്ട, നാലര മണിക്കൂറിന്റെ വേഗത്തില്‍ അന്വേഷിക്കാമല്ലോ? അക്കാലമത്രയും ഞാന്‍ മുഖ്യമന്ത്രിക്കസേരയില്‍നിന്ന് മാറി നില്‍ക്കുന്നുവെന്ന് പറയാന്‍ പിണറായി വിജയന് എന്തുകൊണ്ട് ‘ഇരട്ടച്ചങ്കു’ണ്ടായിട്ടും സാധിച്ചില്ല? ‘കേസില്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാലേ ഞാന്‍ പാര്‍ലമെന്റിന്റെ പടി ചവിട്ടൂ’ എന്ന് പറഞ്ഞ ബിജെപി നേതാവിന്റെ ധര്മ്മദാര്ഢ്യമൊന്നും ആരും ‘പിവി’യില്നിന്ന് പ്രതീക്ഷിക്കുന്നില്ലല്ലോ!!
പക്ഷേ അതിന് കഴിയില്ല. കാരണം, ഈത്തപ്പഴത്തില്‍ സ്വര്‍ണ്ണം കടത്താനും, ബിരിയാണിച്ചെമ്പില്‍ സ്വത്തുകടത്താനും, കൈതോലപ്പായയില്‍ കറന്‍സി കടത്താനും കൂട്ടുനിന്നുവെന്ന ആക്ഷേപം നിലനില്ക്കുമ്പോള് ആ കേസുകള്‍ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളും ഭരണാനുകൂല്യങ്ങളും വിനിയോഗിക്കുന്നയാളില്നിന്ന് അത്രയ്ക്ക് ധാര്‍മ്മികതയൊക്കെ ആരു പ്രതീക്ഷിക്കാന്‍.
പക്ഷേ ഒന്നുറപ്പാണ്. ആ ‘പിവി’ പിണറായി വിജയനാണെന്ന് തെളിഞ്ഞാലും വീണാ തൈക്കണ്ടിയില്‍ വീണാ വിജയനാണ്, പിണറായി വിജയന്റെ മകളാണ്, മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയാണ്, ‘കരിമണല്‍ കര്‍ത്താ’യില്നിന്ന് മാസപ്പടി പറ്റിയിട്ടുണ്ട് എന്നെല്ലാം തെളിഞ്ഞാലും പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടുത്ത അനുയായികള്‍ക്ക് മനം മാറ്റം ഉണ്ടാവില്ല. കാരണം, മേല്‍ത്തട്ടുമുതല്‍ താഴേനിലംവരെ അഴിമതിയുടെ വിഹിതം ഏതെങ്കിലും തരത്തില്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നവര്‍ക്ക് നല്‍കുകയും ലഭിക്കുകയും ചെയ്യുന്നുണ്ട്. മാസപ്പടിയുടെ വിഹിതം അങ്ങനെ വിതരണം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍, ധര്‍മ്മികതയും നൈതികതയും മാനവികതയുമുള്ള മറ്റൊരു പക്ഷം പാര്‍ട്ടിയില്‍ രൂപപ്പെടുന്നുണ്ട്. അവര്‍ കേള്‍ക്കാനിരിക്കുന്ന വാക്കുകള്‍ ഒരേയൊരാളില്നിന്നാണ്, ജയിലിലാണെങ്കിലും ജീവന് നിലനിന്നാല്മതിയെന്ന് ആഗ്രഹിക്കുന്ന, മുഖ്യമന്ത്രിയുടെ എല്ലാ രഹസ്യങ്ങളുടെയും താക്കോല്‍ സൂക്ഷിക്കുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ. ശിവശങ്കറിന് മനംമാറ്റമുണ്ടാകുന്നതുവരെ ഏത് ഡയറിക്കും ഒരു ആദായ നികുതി സെറ്റില്‍മെന്റിനും ഒരു ഭരണഘടനാ സ്ഥാപനത്തനും തൊടാനാവാത്ത വിധം വിവിധ കവചങ്ങള്‍ കൊണ്ട് സംരക്ഷിതനാണ് ‘പിവി.’ പക്ഷേ, കാലം അധികം വൈകില്ല, എന്നാണ് വിശ്വാസികളുടെ പ്രതീക്ഷ.
പിന്കുറിപ്പ്:
ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് ‘എഎവൈ’ കാര്‍ഡ് ഉടമകള്‍ക്കു മാത്രം. ആരാണ് എഎവൈ കാര്‍ഡുകാര്‍? അതോ അത് ‘അന്ത്യോദയ അന്ന യോജന’ കാര്‍ഡുകാര്‍. അതാരാണ്? അത് കേന്ദ്രസര്‍ക്കാര്‍ മാസം തോറും രണ്ടു രൂപയ്ക്ക് 25 കിലോ അരിയും മൂന്നു രൂപയ്ക്ക് 15 കിലോ ഗോതമ്പും നല്കുന്ന വിഭാഗക്കാര്‍. അതില്‍ ഗോതമ്പിനു പകരം ചില സര്‍ക്കാരുകള്‍ക്ക് അതിനുള്ള പണം നല്‍കും. ആ പണമൊക്കെക്കൊണ്ട് ചിലതൊക്കെ വാങ്ങി കിറ്റിലാക്കി നല്‍കും. അപ്പോള്‍ കിറ്റാരുടെയാണ്? ഒപ്പം സിനിമയില്‍ നടന് മാമുക്കോയയുടെ കഥാപാത്രം പറഞ്ഞപോലെ: ‘കിറ്റ് പിവി’യുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: